അനന്ത് അംബാനിയുടെ വിവാഹം; മുംബൈക്കാർക്ക് ‘വർക്ക് ഫ്രം ഹോം’

രാജ്യത്തെ ഏറ്റവും വലിയ സമ്പന്നനായ മുകേഷ് അംബാനിയുടെ മകന്റ വിവാഹമാണ് ഇന്ന്. മുംബൈയിലെ ബാന്ദ്ര കുർള കോംപ്ലക്സിലെ ജിയോ കൺവെൻഷൻ സെന്ററിൽ വെച്ച് അനന്ത് അംബാനി വിവാഹിതനാകും. കഴിഞ്ഞ ഒരാഴ്ചയായി വിവാഹ ആഘോഷങ്ങൾ തുടങ്ങിയിട്ടുണ്ട്. മുംബൈ നഗരത്തിൽ ഗതാഗത നിയന്ത്രണങ്ങൾ ഉൾപ്പടെയുണ്ട്. എന്നാൽ ഏറ്റവും ഒടുവിലായി പുറത്തുവരുന്നത്, മുംബൈയിലെ ബാന്ദ്ര കുർള കോംപ്ലക്സിലെ ഓഫീസുകൾക്കെല്ലാം ജൂലൈ 15 വരെ ‘വർക്ക് ഫ്രം ഹോം’ നൽകിയിട്ടുണ്ട് എന്നാണ് റിപ്പോർട്ട്.

അനന്ത് അംബാനിയുടെയും രാധികാ മർച്ചൻ്റിൻ്റെയും വിവാഹത്തോട് അനുബന്ധിച്ച് ട്രാഫിക് നിയന്ത്രണം ഉള്ളതിനാലാണ് ഈ തീരുമാനം. ഇവിടെ, ഇന്ത്യയുടെ പ്രധാന സ്റ്റോക്ക് എക്സ്ചേഞ്ച്,തുടങ്ങി നിരവധി വാണിജ്യ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. അതിഗംഭീരമായ ആഘോഷങ്ങൾ മുംബൈയിലെ താമസക്കാർക്ക് അസൗകര്യം ഉണ്ടാക്കിയിട്ടുണ്ട്. മുംബൈയിലെ തിരക്കേറിയ സാമ്പത്തിക ജില്ലയായ ബാന്ദ്ര കുർള കോംപ്ലക്സിനുള്ളിൽ സ്ഥിതി ചെയ്യുന്ന വിവാഹ വേദിക്ക് ചുറ്റും ജൂലൈ 12 മുതൽ 15 വരെ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

മുംബൈയിലുടനീളമുള്ള ഹോട്ടലുകളും വിവാഹത്തോട് അനുബന്ധിച്ച് തിരക്കിലാണ്. എവിടെയും മുറികൾ കിട്ടാനില്ല. ഹോട്ടൽ മുറികളുടെ നിരക്കുകൾ വർധിച്ചിട്ടുണ്ട്. ജൂലൈ 10 മുതൽ 14 വരെ ട്രൈഡൻ്റ്, ഒബ്‌റോയ് തുടങ്ങിയ വേദികൾ പൂർണ്ണമായി ബുക്ക് ചെയ്‌തിരിക്കുന്നതിനാൽ ബികെസിയിലെ ആഡംബര ഹോട്ടലുകൾ ഒരു രാത്രിക്ക് ഒരു ലക്ഷം വരെ ഈടാക്കുന്നതായി റിപ്പോർട്ട്.

Leave a Reply

Your email address will not be published. Required fields are marked *