മുസ്ലിം സംവരണ വിഷയം ആവര്‍ത്തിച്ച് അമിത് ഷാ

ജാര്‍ഖണ്ഡില്‍ മുസ്ലിം സംവരണ വിഷയം ആവര്‍ത്തിച്ച് അമിത് ഷാ. മുസ്ലീങ്ങള്‍ക്ക് പിന്‍വാതിലിലൂടെ സംവരണം നല്‍കാന്‍ കോണ്‍ഗ്രസിന്റെ സഹായത്തോടെ ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍ ഗൂഢാലോചന നടത്തുന്നുവെന്നാണ് ആരോപണം. ഇത്തരം ശ്രമങ്ങളെ ബിജെപി പരാജയപ്പെടുത്തുമെന്നും അമിത് ഷാ മുന്നറിയിപ്പ് നല്‍കി. കോണ്‍ഗ്രസും ജെഎംഎമ്മും മുസ്ലീങ്ങള്‍ക്ക് സംവരണം നല്‍കാന്‍ ആഗ്രഹിക്കുന്നുവെന്ന് അമിത് ഷാ വ്യക്തമാക്കി. ജാര്‍ഖണ്ഡിലെ സംവരണ തോത് പരിധിയായ 50 ശതമാനത്തില്‍ എത്തിയതായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

മുസ്ലീങ്ങകള്‍ക്ക് സംവരണം നല്‍കണമെങ്കില്‍ അത് എസ്‌സി, എസ്ടി, ഒബിസി സംവരണ ക്വാട്ടയില്‍ നിന്ന് വെട്ടികുറയ്‌ക്കേണ്ടി വരുമെന്നും തങ്ങളുടെ ഒരു എംപി എങ്കിലും അവശേഷിക്കുന്ന കാലം വരെ മുസ്ലിം സംവരണം അനുവദിക്കില്ലെന്നും അമിത് ഷാ വ്യക്തമാക്കി. ആദിവാസികളുടെ ജനസംഖ്യ കുറയുന്നതിന്റെ ഉത്തരവാദി ഹേമന്ത് സോറനെന്നും അമിത് ഷാ ആരോപിച്ചു. തങ്ങള്‍ അധികാരത്തിലെത്തിയാല്‍ നുഴഞ്ഞുകയറ്റക്കാരെ സംസ്ഥാനത്തുനിന്ന് തുരത്തുമെന്നും ഹേമന്ത് സോറന്‍ നുഴഞ്ഞുകയറ്റക്കാരെ തൃപ്തിപ്പെടുത്തി വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുന്നുവെന്നും വിമര്‍ശനമുണ്ട്.

സംസ്ഥാനത്ത് ഇന്ത്യ മുന്നണിയില്‍ പ്രചരണ രംഗത്ത് നേതൃദാരിദ്ര്യം നേരിടുന്നുണ്ട്. ജെ എം എം നേതാക്കളായ ഹേമന്ത് സോറന്റെയും കല്‍പന സോറന്റെയും സദാസമയം ഉള്ള പ്രചരണം മാറ്റിനിര്‍ത്തിയാല്‍ മുന്നണിയിലെ ദേശീയ നേതാക്കളുടെ പ്രചാരണ രംഗത്തെ അസാന്നിധ്യം പ്രകടമാണ്. ബിജെപിക്കായി പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര മന്ത്രിമാരായ അമിത് ഷായും രാജ്‌നാഥ് സിംഗും, ജെപി നദ്ദയും കളം നിറയുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *