വിവാദങ്ങള്‍ക്ക് ഒടുവില്‍ ‘ദ കേരള സ്റ്റോറി’ ഇന്ന് ദൂരദര്‍ശനില്‍ എത്തും

ഏറെ വിവാദങ്ങൾ സൃഷ്ട്ടിച്ച ചിത്രമായിരുന്നു ‘ദ കേരള സ്റ്റോറി. പ്രതിഷേധത്തിനിടെ വിവാദ സിനിമ ‘ദ കേരള സ്റ്റോറി’ ഇന്ന് ദൂരദർശനിൽ സംപ്രേഷണം ചെയ്യും. രാത്രി എട്ട് മണിക്കാണ് ചിത്രത്തിന്റെ സംപ്രേഷണം നടത്താൻ തീരുമാനിച്ചിരിക്കുന്നത്. വന്‍ വിവാദങ്ങള്‍ അഴിച്ചുവിട്ട ‘ദ കേരള സ്റ്റോറി’ സിനിമ ബോക്സോഫീസില്‍ മികച്ച കളക്ഷന്‍ നേടിയിരുന്നു. ചിത്രം ആകെ ഇന്ത്യയില്‍ നിന്നും 225 കോടി നേടിയെന്നാണ് വിവരം. മെയ് 5നാണ് ചിത്രം റിലീസായത്.

എന്നാൽ ഈ ചിത്രം പ്രദർശിപ്പിക്കുന്നതിരെ മുഖ്യമന്ത്രി പിണറായി വിജയനടക്കം രംഗത്ത് വന്നിരുന്നു. കേരളത്തെ ഇകഴ്ത്തി കാണിക്കാനുള്ള നീക്കത്തിൽ നിന്ന് കേന്ദ്ര സർക്കാർ പിന്തിരിയണമെന്നും കേരളത്തിനെതിരെ വിദ്വേഷം പരത്തുക എന്ന ലക്ഷ്യത്തോടെ നിർമിച്ച കേരള സ്റ്റോറി എന്ന ചിത്രം പ്രദർശിപ്പിക്കാനുള്ള തീരുമാനം ദൂരദർശൻ ഉടൻ പിൻവലിക്കണമെന്നും ആദ്ദേഹം കുട്ടിച്ചേർത്തു. വിവിധ മതവിഭാഗങ്ങളിൽപ്പെട്ടവർ പരസ്പര സാഹോദര്യത്തോടെ ജീവിക്കുന്ന പ്രദേശമാണ് കേരളം. ലോകത്തിന് മുന്നിൽ സാമുദായിക സൗഹാർദത്തിൽ തലയുയർത്തി നിൽക്കുന്ന കേരളത്തെ പരിഹസിക്കുക എന്ന ലക്ഷ്യത്തോടെ സംഘപരിവാറിൻ്റെ മനസ്സിൽ ഉടലെടുത്ത ചെളിയുടെ സൃഷ്ടിയാണ് ഈ സിനിമയെന്നും മുഖ്യമന്ത്രി പ്രസ്താവനയിൽ പറഞ്ഞു.

ദാരിദ്ര്യ നിർമ്മാർജ്ജനത്തിൽ രാജ്യത്തിന് മാതൃകയായ, നീതി ആയോഗ് അടക്കം വിവിധ സൂചകങ്ങളിൽ മുന്നിൽ നിൽക്കുന്ന കേരളത്തെ സൊമാലിയ എന്ന് വിമർശിച്ചവർ, മതമാണ് മാറ്റത്തിൻ്റെ കേന്ദ്രമെന്ന് പ്രചരിപ്പിക്കാനുള്ള ഗൂഢശ്രമമാണ് ഇപ്പോൾ നടത്തുന്നത്. ദൂരദർശൻ പോലൊരു പൊതുമേഖലാ സ്ഥാപനം സംഘപരിവാറിൻ്റെ വർഗീയ അജണ്ടക്കനുസരിച്ച് പ്രവർത്തിക്കുന്ന പാവയായി മാറരുത്. ദൂരദർശൻ ബിജെപി സ്ഥാനാർത്ഥികൾക്കായി വർഗീയ പ്രചാരണത്തിനുള്ള ഏജൻസിയല്ലെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിൽ ഭിന്നിപ്പ് ലക്ഷ്യമിട്ടുള്ള നീക്കമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനും വ്യക്തമാക്കി. നഗ്നമായ പെരുമാറ്റ ചട്ടലംഘനമെന്നും തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ആദ ശർമ്മയെ നായികയാക്കി സുദീപ്തോ സെൻ രചനയും സംവിധാനവും നിർവ്വഹിച്ച ദ കേരള സ്റ്റോറി ചിത്രം നിർമ്മിച്ചത് ബോളിവുഡ് നിർമ്മാതാവ് വിപുൽ അമൃത്‌ലാൽ ഷാ ആയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *