അങ്കത്തിന് ഒരുങ്ങി നടി രാധിക ശരത് കുമാര്‍; രണ്ടാംഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ട് ബിജെപി

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തമിഴ്‌നാട്ടിലെ രണ്ടാംഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ട് ബിജെപി. പുതുച്ചേരി ഉൾപ്പെടെയുള്ള 15 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വിരുദുനഗറില്‍ ബിജെപിക്ക് വേണ്ടി മത്സരിക്കുന്നത് നടി രാധിക ശരത് കുമാര്‍. നേരത്തെ തന്നെ രാധികയുടെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച സൂചനകള്‍ പുറത്തുവന്നതാണ്. എന്നാല്‍ ഇന്ന് സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കിയതോടെ ഇത് സ്ഥിരീകരിക്കുകയാണ്.

അതേസമയം നേരത്തെ കനിമൊഴിക്കെതിരെ തൂത്തുക്കുടിയിലായിരുന്നു രാധികയെ പരിഗണിച്ചിരുന്നത്. എന്നാല്‍ ലിസ്റ്റ് വന്നപ്പോള്‍ വിരുദുനഗര്‍ സീറ്റിലേക്കായി. തമിഴകത്തെ സൂപ്പര്‍ താരമായിരുന്ന വിജയകാന്തിന്‍റെ മകൻ വിജയ പ്രഭാകരനെയാണ് രാധിക വിരുദുനഗറില്‍ എതിരിടുന്നത്. അങ്ങനെ താരപ്രഭയില്‍ ഇക്കുറി വരുദുനഗര്‍ പ്രത്യേക ശ്രദ്ധ പിടിച്ചുപറ്റുകയാണ്. ആഴ്ചകള്‍ക്ക് മുമ്പാണ് ശരത് കുമാറിന്‍റെ പാര്‍ട്ടി ‘ഓള്‍ ഇന്ത്യ സമത്വ മക്കള്‍ കക്ഷി’ ബിജെപിയില്‍ ലയിച്ചത്. ഇതിന് മുമ്പ് മോദിയുടെ കന്യാകുമാരി റാലിയില്‍ തന്നെ ശരത് കുമാറും രാധികയും പങ്കെടുത്തിരുന്നു. ഇരുവരും ബിജെപിയിലേക്ക് ചേക്കേറാനൊരുങ്ങുന്നു എന്ന സൂചന അന്നേ വന്നതാണ്.

വിജയകാന്തിന്‍റെ മരണശേഷം അദ്ദേഹത്തിന്‍റെ ഡിഎംഡികെ ആദ്യമായി ഒരു തെരഞ്ഞെടുപ്പ് നേരിടുകയാണ്. വിജയകാന്തിന്‍റെ മകൻ വിജയ പ്രഭാകരൻ തന്നെ നേരിട്ട് മത്സരത്തിനിറങ്ങുകയാണ് വിരുദുനഗറില്‍. ദക്ഷിണ തമിഴ്നാട്ടില്‍ ഡിഎംഡികെയ്ക്ക് സ്വാധീനമുള്ള മേഖല തന്നെയാണ് വിരുദുനഗറും. ഇവിടത്തെ പള്‍സ് മനസിലാക്കിയാണ് ഡിഎംഡികെ വിജയകാന്തിന്‍റെ മകനെ തന്നെ മുന്നില്‍ നിര്‍ത്താൻ തീരുമാനിച്ചിരിക്കുന്നതും. അമ്മയും പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുമായ പ്രേമലത വിജയകാന്തിനൊപ്പമെത്തിയാണ് വിജയ പ്രഭാകരൻ ബുധനാഴ്ച നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *