നടി മീര നന്ദന്‍ വിവാഹിതയാവുന്നു. ശ്രീജുവാണ് വരന്‍. ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞു. മീര നന്ദന്‍ തന്നെയാണ് നിശ്ചയം കഴിഞ്ഞ വിവരം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. ചിത്രങ്ങളും അവര്‍ പങ്കുവച്ചിട്ടുണ്ട്. എന്‍ഗേജ്ഡ്, ലവ് എന്നീ ഹാഷ് ടാഗുകളോടെയാണ് മീര ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.
ചടങ്ങിന്റെ ഫോട്ടോഗ്രഫി നിര്‍വ്വഹിച്ച ലൈറ്റ്‌സ് ഓണ്‍ ക്രിയേഷന്‍സിന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ വിവാഹത്തിലേക്ക് എത്തിയ ഇരുവരുടെയും പരിചയത്തെക്കുറിച്ച് കുറിച്ചിട്ടുണ്ട്. മാട്രിമോണിയല്‍ സൈറ്റില്‍ നിന്നാണ് ഇരുവരും പരിചയപ്പെട്ടത്. രക്ഷിതാക്കള്‍ പരസ്പരം സംസാരിച്ചതിന് ശേഷം മീരയെ കാണാനായി ശ്രീജു ലണ്ടനില്‍ നിന്ന് ദുബൈയില്‍ എത്തുകയായിരുന്നു, ഫോട്ടോഗ്രാഫി കമ്പനിയുടെ പേജില്‍ പറയുന്നു.
മലയാളത്തിലെ പ്രശസ്തയായ ഒരു യുവ നടിയും, ടെലിവിഷന്‍ അവതാരകയുമാണ് മീര നന്ദന്‍. മലയാളം ടെലിവിഷന്‍ പരിപാടികളുടെ അവതരണത്തിലൂടെ ദൃശ്യമാധ്യമരംഗത്ത് പ്രവേശിച്ച മീര മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി നിരവധി സിനിമകളില്‍ അഭിനയിച്ചു. രണ്ട് വര്‍ഷമായി ദുബായിലെ റേഡിയോ കമ്പനികളില്‍ റേഡിയോ ജോക്കിയായി പ്രവര്‍ത്തിച്ചുവരുന്നു.
മീരയുടെ ശരിയായ പേര് മീര നന്ദകുമാര്‍ എന്നാണ്. 1990 നവംബര്‍ 26 നു നന്ദകുമാറിന്റേയും മായയുടേയും മകളായി എറണാകുളത്തെ ഇളമക്കരയില്‍ പെരുന്തൂര്‍ എന്ന ഗ്രാമത്തില്‍ ജനിച്ചു. അര്‍ജുന്‍ നന്ദകുമാര്‍ ആണ് സഹോദരന്‍. മീര സ്‌കൂള്‍ വിദ്യാഭ്യാസം ഇളമക്കരയിലെ ഭവന്‍ വിദ്യാമന്ദിറിലാണ് നടത്തിയത്. അക്കാലത്താണ് മുല്ല സിനിമയില്‍ അഭിനയിക്കുന്നത്.
2015-ല്‍ ദുബയിലെ റെഡ് എഫ്. എം എന്ന റേഡിയോ സ്റ്റേഷനില്‍ റേഡിയോ ജോക്കിയായി ചലച്ചിത്രേതര ജോലി ആരംഭിച്ച മീര പിന്നീട് സ്റ്റേഷന്‍ അടച്ചുപൂട്ടല്‍ ഭീഷണി നേരിട്ടതോടെ ഗോള്‍ഡ് എഫ്.എം എന്ന സ്റ്റേഷനിലേക്ക് ചേക്കേറി. റേഡിയോ ജോക്കിയായി ജോലി തുടരവെയാണ് തമിഴില്‍ ശാന്തമാരുതനെന്ന സിനിമയില്‍ അഭിനയിച്ചത്. തുടര്‍ന്നും നിരവധി സിനികളില്‍ അഭിനയിച്ചുവരികയാണ് മീര.

 
                                            