വളരെ ചുരുങ്ങിയ ചിത്രങ്ങള്‍ കൊണ്ട് തന്നെ തന്റെ കഴിവ് തെളിയിച്ച താരമാണ് കനി കുസൃതി. 2009 ല്‍ കേരള കഫേ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ കനിക്ക് 2019-ല്‍ ബിരിയാണി എന്ന സിനിമയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള കേരളസംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചിട്ടുണ്ട്. കിര്‍ക്കനാണ് താരത്തിന്റെതായി റിലീസായ അവസാന ചിത്രം.
ഇപ്പോഴിതാ തന്റെ അഭിനയ ജീവിതത്തോടൊപ്പം തന്നെ വ്യക്തി ജീവിതത്തെക്കുറിച്ചും തുറന്ന് പറഞ്ഞ് പ്രേക്ഷകര്‍ക്ക് മുമ്പില്‍ എത്തിയിരിക്കുകയാണ് താരം. പങ്കാളി ആയിരുന്ന ആനന്ദ് ഇപ്പോള്‍ തനിക്ക് സഹോദരനെപ്പോലെയാണെന്നാണ് താരം പറയുന്നത്. ചലച്ചിത്ര നിര്‍മാതാവും സംരംഭകനുമായ ആനന്ദ് ഗാന്ധിയുമായി വര്‍ഷങ്ങളായി ലിവ്ഇന് റിലേഷനില്‍ ആയിരുന്നു കനി.
താന്‍ എപ്പോഴും ഓപ്പണ്‍ റിലേഷന്‍ഷിപ്പ് ഉണ്ടായിരുന്ന ഒരാളാണെന്നാണ് താരം വ്യക്തമാക്കുന്നത്. ഒരു പാര്‍ട്ണറുമായി ഒരുമിച്ച് താമസിക്കണമെന്നോ ഒരു പങ്കാളിയുമായി ബന്ധം പുലര്‍ത്തണമെന്നോ ഉള്ള വാശിയൊന്നും കുട്ടിക്കാലം മുതലെ തനിക്കില്ല. ഒരാളുടെ കൂടെ ജീവിക്കണമെന്ന അഗ്രഹവും ഉണ്ടായിട്ടില്ലെന്നും കനി കുസൃതി അഭിമുഖത്തില്‍ പറയുന്നു.
ഒറ്റയ്ക്ക് ജീവിക്കുന്നത് എനിക്കിഷ്ടമല്ല. ആ ഒരു ഫാമിലി ഫീലിങ് എനിക്കിഷ്ടമാണ്. എന്നാല്‍ തന്നെ എന്റെ ഭര്‍ത്താവ്, കുട്ടികള്‍ എന്നൊക്കെ പറയുന്നത് ഇഷ്ടമല്ല. സൗഹൃദം പങ്കുവയ്ക്കാനും എല്ലാം പറയാനും ഒരുമിച്ച് സിനിമ കാണാനും പുറത്തു പോകാനും ഒരു കൂട്ടുകാരി ഉണ്ടെങ്കില്‍ അവള്‍ക്കും പങ്കാളിക്കും കുട്ടികളുണ്ടെങ്കില്‍ ഞാനവരെ വളര്‍ത്താന്‍ സഹായിക്കും.
നേരത്തെ ബോയ് ഫ്രണ്ട് ഉണ്ടായിരുന്നപ്പോഴും അവര്‍ ആരെയെങ്കിലും കണ്ടുപിടിച്ച് ഒരുമിച്ച് ജീവിക്കട്ടെ, എനിക്ക് ഇവരോടൊപ്പം താമസിക്കാന്‍ പറ്റില്ല എന്ന ചിന്തയാണ് ഉണ്ടായിരുന്നത്. ആനന്ദിനെ പരിചയപ്പെട്ടപ്പോഴാണ്, ഇത്രയും കണക്ഷന് ഉള്ള ഒരാളെ കിട്ടിയാല്‍ ഇത് മതി, ഇവരോടൊപ്പം ജീവിക്കാം എന്ന് കരുതിയത്. അത്രയും രസമായി ജീവിച്ച് പോകാന്‍ കഴിയുന്ന ഒരാളെ കിട്ടുമെന്ന് ഞാന്‍ അതുവരെ കരുതിയിരുന്നില്ലെന്നും കനി വ്യക്തമാക്കുന്നു.
ആനന്ദ് മോണോഗോമസ് ആയ വ്യക്തിയാണ്, പല പങ്കാളികള്‍ വേണമെന്ന് അവന് നിര്‍ബന്ധമില്ല. എന്നാല്‍ താന്‍ ഓപ്പണ്‍ റിലേഷന്‍ഷിപ്പ് ഇഷ്ടപ്പെടുന്ന ആളാണ് എന്ന് ആനന്ദിനോട് എപ്പോഴും പറഞ്ഞിട്ടുണ്ട്. എന്നാല്‍ ആനന്ദിന് അത് ഇഷ്ടമല്ല. ഒടുവില്‍ അവന് പറ്റിയ ഒരാളെ ആനന്ദ് കണ്ടുപിടിച്ചു. ഇപ്പോള്‍ അവര്‍ ഒരുമിച്ച് താമസിക്കുന്നു. എന്നാല്‍ എനിക്ക് ആനന്ദിനോടൊപ്പം തന്നെ താമസിക്കണമെന്നും എല്ലാ കാര്യങ്ങളും തുറന്ന് പറയാന്‍ ബന്ധം എപ്പോഴും നിലനിര്‍ത്തണമെന്നുമുണ്ട്. ആനന്ദിനും അങ്ങനെ തന്നെയാണ്.
ഞങ്ങള്‍ ഇപ്പോഴും കാണാറുണ്ട്. എന്നാല്‍ പങ്കാളികളെപ്പോലെയുള്ള ബന്ധം ഇല്ല. ഒരു സഹോദരനെപ്പോലെയാണ് കാണുന്നത്. ഇത് പറയുമ്പോള്‍ മറ്റുള്ളവര്‍ക്ക് ഇഷ്ടപ്പെടില്ല. എന്നെ തെറിപറയും എന്നൊക്കെ അറിയാം. എന്നാല്‍ എനിക്ക് പറയാനുള്ളത് തുറന്നു പറഞ്ഞേ പറ്റൂ. ബന്ധങ്ങളില്‍ കള്ളത്തരം കാണിക്കാന്‍ തനിക്ക് കഴിയില്ലെന്നും കനി വ്യക്തമാക്കുന്നു.
അഭിനയത്തിലേക്ക് ഞാന്‍ വന്നുപെട്ടതാണ്. അത് എന്റെ ജോലിയായി മാറിയതുകൊണ്ട് ചെയ്യുന്നു. അതിന്റെ ഭാഗമായി കാണുന്ന ചിലകാര്യങ്ങള്‍ ശരിയല്ലെങ്കില്‍ അതിനെതിരെ സംസാരിക്കുന്നു. അതിനപ്പുറം സോഷ്യല്‍ ആക്ടിവിസം എനിക്കില്ല. ഉത്തരാവാദിത്തം എടുക്കാനുള്ള മടിയാണ് പ്രധാന കാരണം. ഇതിന്റെയെല്ലാം ഒപ്പം നില്ക്കാം. അത് അല്ലാതെ അതിന്റെ മുന്‍നിരയില്‍ നില്ക്കാന് താല്പര്യപ്പെടുന്ന വ്യക്തിയൊന്നും അല്ല.
വസ്ത്രത്തിന്റെ കാര്യത്തിലൊക്കെ എടുത്ത തീരുമാനം എന്ന് പറയുന്നത് ആക്ടിവിസം എന്ന പേരിലൊന്നും ചെയ്തതല്ല. വ്യക്തിപരമായി ഓരോരുത്തര്‍ക്കും ഓരോ ഇഷ്ടങ്ങള്‍ ഉണ്ടാവുമല്ലോ. മുണ്ടിനോടുള്ള ഇഷ്ടം കൊണ്ടാണ് അതെടുത്ത് ഉടുത്തത്. അല്ലാതെ എന്തെങ്കിലും റിബലായതുകൊണ്ടല്ല. 2003 ലെ ഫിലിം ഫെസ്റ്റിവലിലാണ് മുണ്ടുടുത്ത് ചെന്നത്. കൈരളി ചാനലിലെ സാക്ഷി എന്ന പരിപാടി ചോദിച്ചത് ഇവര്‍ക്കൊന്നും ചോദിക്കാനും പറയാനും ആരുമില്ലേ എന്ന് ചോദിച്ചത്. എന്തായാലും ഇപ്പം കുറേ മാറിയിട്ടുണ്ട്.
വസ്ത്രം ധരിക്കുന്നതൊക്കെ വ്യക്തിപരമായ സ്വാതന്ത്രമാണ്. ഭരണ ഘടന അത് അനുവദിച്ച് തരുന്നുണ്ട്. ആദ്യമായിട്ട് മുണ്ടുത്ത് പോയപ്പോള്‍ പിള്ളേര് കൂവുന്നുണ്ടായിരുന്നു. പിറ്റേ ദിവസം മൊട്ടയടിച്ച് പോയപ്പോള്‍ കൂവല്‍ നിന്നു. എല്ലാ മനുഷ്യര്‍ക്കും മുണ്ട് തരുന്ന ഒരു കംഫര്‍ട്ട് എനിക്കും കിട്ടുന്നുണ്ടെന്നും താരം കൂട്ടിച്ചേര്‍ക്കുന്നു.
