നടൻ ഷാരൂഖ് ഖാന് വധഭീഷണി

ബോളിവുഡ് നടൻ ഷാരൂഖ് ഖാന് വധഭീഷണി. പോലീസ് എമര്‍ജന്‍സി നമ്പറിലേക്കാണ് ഭീഷണി കോൾ എത്തിയത്. മുംബൈയിലെ ബാന്ദ്ര പോലീസ് സംഭവത്തില്‍ അജ്ഞാതർക്കെതിരെ കേസെടുത്തിട്ടുണ്ട്. സൈബർ പോലീസ് സ്റ്റേഷനുമായി സഹകരിച്ച് മുംബൈ പോലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ മാസം ബോളിവുഡ് സൂപ്പര്‍താരം സൽമാൻ ഖാനെതിരെ സമാനമായ ഭീഷണികൾ വന്നതിന് പിന്നാലെയാണ് ഷാരൂഖ് ഖാനെതിരെയുള്ള ഭീഷണി ഉയര്‍ന്നിരിക്കുന്നത്. വിളിച്ചയാളെ കണ്ടെത്താന്‍ ശ്രമം അരംഭിച്ചതായി പൊലീസ് പറയുന്നു. അഭിനേതാക്കളുടെ സുരക്ഷ വര്‍ദ്ധിപ്പിക്കും എന്നും പൊലീസ് അറിയിച്ചു.

“ഷാരൂഖ് ഖാന്‍ 50 ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ അദ്ദേഹത്തെ കൊലപ്പെടുത്തും എന്ന ശബ്ദ സന്ദേശമാണ് ബാന്ദ്ര പോലീസ് സ്റ്റേഷനിൽ ലഭിച്ചത്. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല” ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു. മുംബൈ പോലീസ് സംഘം ഛത്തീസ്ഗഡില്‍ റായ്പൂരില്‍ നിന്നാണ് കോള്‍ എത്തിയത് എന്ന് കണ്ടെത്തിയിട്ടുണ്ട്. ഛത്തീസ്ഗഢിലേക്ക് മുംബൈ പൊലീസ് അന്വേഷണസംഘം പുറപ്പെട്ടുവെന്നാണ് വിവരം.

നേരത്തെ കഴിഞ്ഞ മാസം ലോറൻസ് ബിഷ്‌ണോയി സംഘത്തിൽ നിന്ന് സൂപ്പർതാരം സൽമാൻ ഖാനെതിരെ മുംബൈ പോലീസിന് ഭീഷണി സന്ദേശം ലഭിച്ചിരുന്നു. ജീവനോടെയിരിക്കാൻ മാപ്പ് പറയണമെന്നും അല്ലെങ്കിൽ അഞ്ച് കോടി രൂപ നൽകണമെന്നും ഭീഷണി സന്ദേശമാണ് താരത്തിനെതിരെ കിട്ടിയത്. മുംബൈ പൊലീസ് ട്രാഫിക് കണ്‍ട്രോള്‍ വാട്ട്സ്ആപ്പ് നമ്പറിലാണ് ലോറന്‍സ് ബിഷ്ണോയിയുടെ പേരില്‍ സല്‍മാനെതിരെ ഭീഷണി സന്ദേശം വന്നത്. സംഭവത്തില്‍ ഒരു അറസ്റ്റ് നടന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *