ഷെത്പാല്‍ ഗ്രാമത്തേക്കാള്‍ വിചിത്രമായ ഒരു ഗ്രാമം നിങ്ങള്‍ ഇതുവരെ കാണാന്‍ സാധ്യത കുറവായിരിക്കും. മഹാരാഷ്ട്രയിലെ സോലാപൂര്‍ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഷെത്പാല്‍ ഗ്രാമം പൂനെയില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെയാണ്. എന്താണ് ഈ കുഗ്രാമത്തിന് ഇത്ര പ്രത്യേകതയുള്ളതെന്നാണോ? ഈ ഗ്രാമം പാമ്പുകള്‍ക്ക് വളരെ പ്രാധാന്യമാണ് നല്‍കുന്നത്. ഇവിടുത്തുകാര്‍ പാമ്പുകളെ കളിപ്പാട്ടം പോലെ കൊണ്ട് നടക്കുന്നു.’അടുക്കളയിലും കിടപ്പുമുറിയിലും വരെ ഒരു പേടിയുമില്ലാതെ വിഹരിക്കുന്ന പാമ്പുകള്‍. ഉഗ്ര വിഷമുള്ള പാമ്പുകള്‍ കുട്ടികളുമായി കളിക്കുന്നത് ഇവിടുത്തെ സ്ഥിരം കാഴ്ചകളിലൊന്നാണ്.
സര്‍പ്പങ്ങളെ ഷെറ്റ്പാലിലുള്ളവര്‍ ആരാധിക്കുന്നു. എല്ലാ വീടുകളിലും മൂര്‍ഖന്‍ പാമ്പുകള്‍ക്ക് വിശ്രമിക്കാനായി വീടിനുള്ളില്‍ പ്രത്യേകയിടം തന്നെ ഷെറ്റ്പാലില്‍ ഒരുക്കാറുണ്ട്. പുതുതായി വീടു വയ്ക്കുന്നവര്‍ ഈ ഇടം പണിതിട്ടുണ്ടെന്ന് ഉറപ്പുവരുത്തും. ഗ്രാമത്തിലെ സ്‌കൂളിലേക്കും പാമ്പുകള്‍ സന്ദര്‍ശനം നടത്താറുണ്ട്. പാമ്പുകളോടൊപ്പം വളര്‍ന്നതിനാല്‍ ഗ്രാമത്തിലെ കുട്ടികള്‍ക്ക് അവയെ പേടിയില്ല.പാമ്പുകള്‍ക്കൊപ്പം ഇവ കളിക്കാറുണ്ട്.
വെറും 2600 ആളുകള്‍ മാത്രം താമസിക്കുന്ന ഗ്രാമമാണു ഷെറ്റ്പാല്‍. വരണ്ട സമതല പ്രദേശത്തു സ്ഥിതി ചെയ്യുന്നതിനാലാണു ഷെറ്റ്പാലില്‍ ഇത്രത്തോളം പാമ്പുകള്‍. നേരത്തെയുള്ള കാലത്ത് സമീപ പ്രദേശങ്ങളില്‍ പാമ്പുകടിയേറ്റവരെ ചികിത്സിക്കാനായി ഇവിടെയെത്തിച്ചിരുന്നതായി നാട്ടുകാര്‍ പറയുന്നു. എന്നാല്‍ ഇത്രയധികം പാമ്പുകള്‍ ഇവിടെ വിഹരിച്ചിട്ടും ഷെറ്റ്പാല്‍ ഗ്രാമത്തില്‍ ആര്‍ക്കും പാമ്പുകടി കിട്ടിയിട്ടില്ലെന്നും നാട്ടുകാര്‍ അവകാശപ്പെടുന്നു.
ഇവിടെ മറ്റ് വളര്‍ത്തുമൃഗങ്ങളെപ്പോലെ തന്നെയാണ് ജനങ്ങള്‍ നാഗങ്ങളെയും കണക്കാക്കുന്നത്. പാമ്പുകളോ പ്രദേശവാസികളോ പരസ്പരം ഭയപ്പെട്ട് ജീവിക്കുന്നില്ല. ഗ്രാമത്തിലെ 2,600-ലധികം വരുന്ന പ്രദേശവാസികളില്‍ ആരും തന്നെ ഈ പാമ്പുകളെ ഉപദ്രവിക്കില്ല. വെറെയാരും പാമ്പുകളെ ഉപദ്രവിക്കാനും അവര്‍ സമ്മതിക്കില്ല. അത്രയ്ക്ക് കരുതലോടെയാണ് അവര്‍ പാമ്പുകളെ പരിപാലിക്കുന്നത്.പാമ്പുകളും മനുഷ്യരും തമ്മിലുള്ള ഈ ആഴത്തിലുള്ള ബന്ധം എങ്ങനെ സംഭവിക്കുന്നുവെന്ന് പലരും ആശ്ചര്യപ്പെടുന്നുണ്ട്.പുറത്തുനിന്നു വരുന്നവര്‍ക്ക് പാമ്പുകളുമായി സൗഹൃദം സ്ഥാപിക്കാന്‍ അധികം പണിപ്പെടേണ്ട കാര്യമില്ല. അല്‍പം പാലും മുട്ടകളും അവയെ ഉപദ്രവിക്കാതിരിക്കാനുള്ള മനസ്സും മാത്രം മതി.

 
                                            