ഉറുമ്പുകൾ കീഴ്പ്പെടുത്തിയ ഗ്രാമം

ഒരു മല നിറയെ ഓടി നടക്കുന്ന ചോനന്‍ ഉറുമ്പുകള്‍, ആയിരമല്ല, പതിനായിരവും ലക്ഷങ്ങളുമല്ല, കോടിക്കണക്കിനാണ്. അവ മെല്ലെ മലയ്ക്ക് താഴെയുള്ള ഗ്രാമങ്ങളിലേക്ക് ചേക്കേറുന്നു
.നമ്മളൊക്കെയെന്താ ഉറുമ്പുകളെ കാണാത്തവരോ? എന്ന ചോദ്യം ഉണ്ടാകാം. അതും കടിക്കാത്ത ഉറുമ്പുകള്‍..പക്ഷേ… കാരന്തു മലയുടെ താഴെയുള്ള ഗ്രാമങ്ങളിലെ ആളുകളുടെ കാലുകള്‍ നിറയെ വൃണങ്ങളാണ്. അവിടുത്തെ ആടുകളുടെ കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടിരിക്കുന്നു, നായ്ക്കളുടെ ശരീരത്ത് ഉറുമ്പ് കടിച്ചു മുറിവുകളും അത് വൃണങ്ങളുമായി തീര്‍ന്നിരിക്കുന്നു. ജനിക്കുന്ന കുഞ്ഞുങ്ങളെ ശ്രദ്ധിക്കാതെ ഒന്ന് കാഴ്ച മാറിപ്പോയാല്‍ അവ മരണപ്പെട്ടു പോയേക്കും എന്ന ഭീതിയില്‍ കഴിയുന്ന മനുഷ്യര്‍! വിശ്വസിക്കാന്‍ പ്രയാസമുണ്ടാകും. പക്ഷേ സത്യമാണ്. ഡിണ്ടിഗല്‍ ജില്ലയിലെ വേലായുധം പെട്ടി, നതം, ഗോപാല്‍ പെട്ടി തുടങ്ങിയ ഗ്രാമങ്ങള്‍ കാരന്തുമലയുടെ താഴെയാണ്. മുകളിലെ മലയില്‍ നിന്നും സര്‍വ്വ നിയന്ത്രണങ്ങളും നഷ്ടപ്പെട്ടു ഉറുമ്പുകള്‍ പെറ്റു പെരുകി അത് താഴെ ഗ്രാമങ്ങളിലേക്ക് ഇറങ്ങി കൊണ്ടിരിക്കുന്നു.നാട്ടിലെല്ലാം കാണുന്നയിനം യെല്ലോ ക്രേസി ആന്റ്‌സ് എന്ന ചോണന്‍ ഉറുമ്പുകളാണിവ. കടിക്കില്ല, പക്ഷേ ഒരു നിമിഷം അടങ്ങിയിരിക്കാതെ തിരക്കുപിടിച്ച് ഓടിനടക്കും. ഇവര്‍ക്കിടയില്‍ ഒന്നു ചവിട്ടിപ്പോയാല്‍ കാലിലൂടെ ശരീരത്തിലേക്ക് അരിച്ചുകയറും. തൂത്തുകളയാന്‍ നോക്കിയാല്‍ ഫോര്‍മിക് ആസിഡ് അടങ്ങുന്ന ശരീരദ്രവം തെറിപ്പിച്ച് പ്രതിരോധിക്കും.ഉറുമ്പിന്റെ സ്രവം വീണ് ചര്‍മത്തില്‍ ചൊറിച്ചിലും അസ്വസ്ഥതകളും ഉണ്ടാകുന്നുവെന്ന് ഗ്രാമീണര്‍ പറയുന്നു. ഉറമ്പ് ശല്യം കാരണം പ്രദേശത്തെ കൃഷിയിടങ്ങളില്‍ ആളുകള്‍ പണിക്കിറങ്ങാതെയായി. അവിടെയുള്ള ആടുകള്‍ അന്ധരായി. ഉറുമ്പിന്റെ ആക്രമണത്തില്‍ മൃഗങ്ങളുടെ കാഴ്ച പോകുന്നുവെന്നതിന് ശാസ്ത്രീയ അടിത്തറയുണ്ടോ എന്ന് പഠനങ്ങള്‍ തെളിയിക്കേണ്ടതാണ്. പക്ഷേ, പ്രദേശത്തുള്ളവരുടെ ആട്ടിന്‍പറ്റത്തിലിലെല്ലാം അന്ധരായ ആടുകളെ കാണാം.

വനംവകുപ്പ് ഗ്രാമീണരുടെ ആവലാതികള്‍ തള്ളിക്കളയുന്നില്ല. പക്ഷേ ശാസ്ത്രീയമായ പഠനത്തിന് ശേഷമേ എന്തെങ്കിലും പറയാനാകൂ എന്നാണ് ഉദ്യോഗസ്ഥരുടെ നിലപാട്. ലക്കും ലഗാനുമില്ലാതെ ഉറുമ്പ് പെരുകിയതോടെ മലയടിവാരങ്ങളില്‍ താമസിച്ചിരുന്നവര്‍ വീടുപേക്ഷിച്ച് പോയി. പ്രദേശത്ത് മുമ്പ് ധാരാളമായി കണ്ടിരുന്ന കുരങ്ങും മുയലുമൊക്കെ ഇവിടം വിട്ടുപോയെന്നും നാട്ടുകാര്‍ പറയുന്നു.

മനുഷ്യരെ മാത്രമല്ല, പ്രകൃതിയെയും ഉറുമ്പു കാര്‍ന്നു തിന്നുന്നു. ചെടികളും ഇലകളില്‍ പരാഗണം നടത്തുന്ന ചെറുപ്രാണികളും ഈ ഉറുമ്പുകളുടെ ആക്രമണത്തില്‍ ഇല്ലാതാകുന്നതോടെ ആ പ്രദേശത്തെ സ്വാഭാവിക പരാഗണം തന്നെ ഇല്ലാതാകും. പച്ചക്കറിക്കൃഷി വ്യാപകമായി ഉണ്ടായിരുന്ന സ്ഥലമായിരുന്നു വേലായുധംപെട്ടി ഉള്‍പ്പെടുന്ന ക്രാന്തമലയും സമീപപ്രദേശങ്ങളും എല്ലാം.ഉറുമ്പ്് ആക്രമണം രൂക്ഷമായതോടെ കൃഷി അസാധ്യമായി. തളിരും ഇലകളും എല്ലാം ഉറുമ്പുകള്‍ തിന്നും. ചെടികളിലെ നീര് ഊറ്റിക്കുടിക്കുന്നതോടെ ഈ ചെടികള്‍ ശോഷിച്ച് ഉണങ്ങിപോകുകയാണ്. പച്ചക്കറി മാത്രമല്ല മാവും, വാഴയും, പ്ലാവും എല്ലാം ഇവയുടെ ആക്രമണത്തിന് ഇരയാവുന്നു. ഇവ കണ്‍മുന്നില്‍ പെടുന്ന എന്തും കഴിക്കും. നാട്ടുകാര്‍ നിലവില്‍ മാങ്ങയും തേങ്ങയും പുളിയും മാത്രമാണു കൃഷി ചെയ്യുന്നത്. അമിതമായി കീടനാശിനി ഉപയോഗിച്ചാണു മാവില്‍ നിന്ന് ഉറുമ്പിനെ അകറ്റുന്നത്. ഉപജീവനമാര്‍ഗമായ കൃഷിയില്‍ പോലും ഉറുമ്പിന്റെ ആക്രമണം രൂക്ഷമായതോടെജനങ്ങള്‍ ഗ്രാമം വിട്ട് പോകാന്‍ തയ്യാറാകുന്നു.

രാത്രിയില്‍ കട്ടിലിനു ചുറ്റും ഉറുമ്പുപൊടി വിതറിയാണ് ഇവര്‍ ഉറങ്ങാന്‍ കിടക്കുന്നത്. ഭക്ഷണപ്പാത്രങ്ങളിലും മറ്റ് പലവ്യഞ്ജന പ്പാത്രങ്ങളിലും എല്ലാം ഞൊടിയിടയില്‍ ഉറുമ്പു വന്നു പൊതിയും. ഭക്ഷണപ്പാത്രങ്ങള്‍ തുണിയില്‍ മൂടിക്കെട്ടിവച്ചാണ് ഈ ഗ്രാമങ്ങളിലുള്ളവര്‍ ആക്രമണത്തെ നേരിടുന്നത്. ജീവിക്കുന്ന മനുഷ്യരുടെ സര്‍വ്വ പ്രതീക്ഷയുമാണ് ഈ അധിനിവേശം തകര്‍ത്തെറിഞ്ഞിരിക്കുന്നത്.ഇതില്‍ നിന്നും മനസ്സിലായില്ലേ, മനുഷ്യജീവിതം ദുരിതമാക്കാന്‍ കാട്ടാന തന്നെ ഇറങ്ങണമെന്നില്ല. നിസ്സാരനായ ഉറുമ്പായാലും മതി.

Leave a Reply

Your email address will not be published. Required fields are marked *