പൂച്ചകളെ ദൈവമായി ആരാധിക്കുന്ന ഒരു ഗ്രാമവും ക്ഷേത്രവും കര്‍ണ്ണാടകയിലുണ്ട്.കര്‍ണ്ണാടകയിലെ മാണ്ഡ്യ ജില്ലയിലെ ബെക്കലലെ ഗ്രാമത്തിലാണ് വ്യത്യസ്തമായ ക്ഷേത്രവും വിശ്വാസങ്ങളുമുള്ളത്. തുമകുരു- മാണ്ഡ്യ ജില്ലകളുടെ അതിര്‍ത്തിയിലായി മധൂര്‍ താലൂക്കില്‍ സ്ഥിതി ചെയ്യുന്ന ബെക്കലലെ ഗ്രാമത്തില്‍ പൂച്ചകളെ വലിയ പ്രാധാന്യത്തോടെയാണ് കണക്കാക്കുന്നത്. പൂച്ചകള്‍ മഹാലക്ഷ്മിയുടെ പ്രതിരൂപമാണെന്നാണ് ഇവരുടെ വിശ്വാസം.
1,000 വര്‍ഷങ്ങള്‍ക്കു മുന്‍പ് ലക്ഷ്മി ദേവി പൂച്ചയുടെ രൂപത്തില്‍ ബെക്കലെല ഗ്രാമത്തില്‍ എത്തിയെന്നും ഗ്രാമവാസികളെ രക്ഷിച്ചെന്നുമാണ് ഇവര്‍ വിശ്വസിക്കുന്നത്.
അതിനാല്‍ പൂച്ചകളില്‍ ഇന്നും ഈ നാട്ടുകാര്‍ ലക്ഷ്മീദേവിയുടെ ചൈതന്യം കാണുന്നു. വീടുകളില്‍ പൂച്ചകളെ ഏറെ സ്‌നേഹത്തോടെയാണ് ഇവര്‍ വളര്‍ത്തുന്നത്. പ്രകൃതിദുരന്തങ്ങളില്‍ നിന്നും ഗ്രാമത്തെ രക്ഷിക്കുന്നതിനായി ലക്ഷ്മി ദേവി പൂച്ചയുടെ രൂപത്തില്‍ ഇന്നും ഇവിടെ വസിക്കുന്നു എന്നാണ് ഭക്തരുടെ വിശ്വാസം. പൂച്ചയുടെ രൂപത്തില്‍ ലക്ഷ്മി ദേവിയെ കണ്ടു എന്നു വിശ്വസിക്കുന്ന സ്ഥലത്തുതന്നെയാണ് ഇവര്‍ പൂച്ചകള്‍ക്കായി ക്ഷേത്രം പണിതിരിക്കുന്നത്.
പൂച്ചയെ ഉപദ്രവിക്കുന്നതു കണ്ടാല്‍ അവരെ ഗ്രാമത്തില്‍ നിന്നും തന്നെ പുറത്താക്കും. എല്ലാ വീടുകളിലും സന്തോഷമായി കഴിയുന്ന പൂച്ചകളെയും കാണാന്‍ കഴിയും.എണ്ണൂറോളം കുടുംബങ്ങളുള്ള ഗ്രാമത്തിലെ ഭൂരിഭാഗം വീടുകളിലും ഒന്നോ അതിലധികമോ പൂച്ചകളെ കാണാന്‍ സാധിക്കും.
എവിടെയെങ്കിലും ഒരു പൂച്ച ചത്തുകിടക്കുന്നത് കണ്ടാല്‍ അതിനെ ആചാരവിധിപ്രകാരം സംസ്‌കരിക്കാതെ പോകരുത് എന്നുള്ളത് ഇവിടുത്തെ അലിഖിത നിയമമാണ്. പൂച്ചയെ ആരാധിക്കുന്നതിനായി ഗ്രാമവാസികള്‍ ചേര്‍ന്ന് മങ്കാമാ ഉത്സവവും സംഘടിപ്പിക്കാറുണ്ട്.ഈ സമയത്ത് നാലു ദിവസം നീണ്ട നില്‍ക്കുന്ന ഉത്സവവും പ്രത്യേക പൂജകളുമുണ്ടാകും.
