മുന്‍ മന്ത്രിയും സിപിഎം നേതാവുമായ എ സി മൊയ്തീന്റെ വീട്ടിലെ ഇ ഡി റെയ്ഡ് രാഷ്ട്രീയ ഇടപെടലിന്റെ ഭാഗമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. മാന്യമായി സംഘടനാപ്രവര്‍ത്തനം നടത്തുന്നയാളാണ് മൊയ്തീന്‍, ഉപതെരഞ്ഞെടുപ്പ് കാലത്ത് ഇഡിയെ ഇറക്കിയത് സംശയത്തിന്റെ മുനയില്‍ നിര്‍ത്താനാണെന്നും ഗോവിന്ദന്‍ പറഞ്ഞു.
മൊയ്തീന്റെ രണ്ട് അക്കൗണ്ടുകള്‍ മരവിപ്പിച്ചെന്നാണ് വാര്‍ത്ത വന്നത്. ആരുടെയും അക്കൗണ്ട് എപ്പോള്‍ വേണമെങ്കിലും മരവിപ്പിക്കാവുന്നതാണ്. നാലുപേരില്‍ നിന്നായി എന്തോപിടിച്ചുവെന്നാണ് വാര്‍ത്തകള്‍. എന്നാല്‍ എസി മൊയ്തീനില്‍ നിന്ന് എന്താണ് പിടിച്ചതെന്ന് വ്യക്തമാക്കിയില്ല.
എന്തൊരു അന്തസ്സില്ലാത്ത പത്രപ്രവര്‍ത്തനത്തിന്റെ രൂപമാണ് ഇതെന്നും ഗോവിന്ദന്‍ ചോദിച്ചു. എ.സി മൊയ്തീനെതിരേ ഇ.ഡി പ്രസ്താവന ഇറക്കിയതിന് പിന്നില്‍ രാഷ്ട്രീയമാണ്. ഇ.ഡി പറയുന്ന കാര്യങ്ങളില്‍ ഒരു കഴമ്ബുമില്ല. ചോദ്യംചെയ്യുക പോലും ചെയ്യാതെ അദ്ദേഹത്തിന്റെ വീട്ടില്‍ റെയ്ഡ് നടത്തിയത് പുതുപ്പള്ളി തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ്.
ഇന്ത്യയില്‍ അങ്ങോളമിങ്ങോളം ഇ.ഡിയെ ഉപയോഗിച്ച് പ്രതിപക്ഷ രാഷ്ട്രീയത്തിന്റെ മുനയൊടിക്കാന്‍ നടത്തുന്ന ശ്രമത്തിന്റെ ഭാഗമാണിതെന്നും ഗോവിന്ദന്‍ ആരോപിച്ചു. കേരളത്തിലാണെങ്കില്‍ ഇ ഡി ശരി. മറ്റ് എവിടെയാണെങ്കിലും തെറ്റ് അതാണ് കോണ്‍ഗ്രസിന്റെ നയം. ഇ ഡി സുധാകരനെ 9 മണിക്കൂറാണ് ചോദ്യം ചെയ്തത്. അത് എവിടെയും വാര്‍ത്തയില്ലെന്നും ഗോവിന്ദന്‍ പറഞ്ഞു.

 
                                            