ജെ.സി ഡാനിയേല്‍ അവാര്‍ഡും ടി.വി ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാര്‍ഡും ഇന്ന് മുഖ്യമന്ത്രി സമ്മാനിക്കും

കേരള സര്‍ക്കാരിന്റെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ജെ.സി ഡാനിയേല്‍ അവാര്‍ഡിന്റെയും ടെലിവിഷന്‍ രംഗത്തെ സമഗ്ര സംഭാവനയ്ക്ക് പുതുതായി ഏര്‍പ്പെടുത്തിയ ടി.വി ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാര്‍ഡിന്റെയും സമര്‍പ്പണം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി സെനറ്റ് ഹാളില്‍ വ്യാഴാഴ്ച വൈകിട്ട് ആറു മണിക്ക് നടക്കുന്ന ചടങ്ങില്‍ സാംസ്‌കാരിക വകുപ്പു മന്ത്രി സജി ചെറിയാന്‍ അധ്യക്ഷത വഹിക്കും. ജെ.സി ഡാനിയേല്‍ അവാര്‍ഡ് ജേതാവ് പി. ജയചന്ദ്രന്‍, ടെലിവിഷന്‍ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് ജേതാവ് ശശികുമാര്‍ എന്നിവര്‍ പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങും.

ഗതാഗത വകുപ്പു മന്ത്രി ആന്റണി രാജു ‘മലയാള സിനിമ: നാള്‍വഴികള്‍’ എന്ന റഫറന്‍സ് ഗ്രന്ഥത്തിന്റെ രണ്ടാംവോള്യം ജെ.സി ഡാനിയേല്‍ അവാര്‍ഡ് ജൂറി ചെയര്‍മാന്‍ അടൂര്‍ ഗോപാലകൃഷ്ണന് നല്‍കിക്കൊണ്ട് പ്രകാശനം ചെയ്യും. ചലച്ചിത്ര സംഗീത നിരൂപകന്‍ രവിമേനോന്‍, ദൂരദര്‍ശന്‍ മുന്‍ ഡെപ്യുട്ടി ഡയറക്ടര്‍ ബൈജു ചന്ദ്രന്‍ എന്നിവര്‍ പുരസ്‌കാരജേതാക്കളുടെ സംഭാവനകളെപ്പറ്റി പ്രഭാഷണം നടത്തും.

മേയര്‍ ആര്യാ രാജേന്ദ്രന്‍, കെ.എസ്.എഫ്.ഡി.സി ചെയര്‍മാന്‍ ഷാജി എന്‍.കരുണ്‍, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍, സാംസ്‌കാരിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ് ഐ.എ.എസ്, ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍പേഴ്‌സണ്‍ ബീനാപോള്‍, സെക്രട്ടറി സി.അജോയ് എന്നിവര്‍ പങ്കെടുക്കും.

പുരസ്‌കാര സമര്‍പ്പണച്ചടങ്ങിനുശേഷം പി.ജയചന്ദ്രന്റെ ജനപ്രിയഗാനങ്ങള്‍ കോര്‍ത്തിണക്കിക്കൊണ്ടുള്ള ഭാവഗാന സാഗരം എന്ന സംഗീത പരിപാടി ഉണ്ടായിരിക്കും. നജിം അര്‍ഷാദ്, കല്ലറ ഗോപന്‍, രവിശങ്കര്‍, അഖില ആനന്ദ്, രേഷ്മ രാഘവേന്ദ്ര എന്നിവര്‍ ഗാനങ്ങള്‍ ആലപിക്കും

Leave a Reply

Your email address will not be published. Required fields are marked *