തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പുതിയ പ്രസിഡന്റായി അഡ്വ.കെ.അനന്തഗോപനും ബോര്‍ഡ് അംഗമായി അഡ്വ. മനോജ് ചരളേലും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പുതിയ പ്രസിഡന്റായി അഡ്വ.കെ.അനന്തഗോപനും ബോര്‍ഡ് അംഗമായി അഡ്വ. മനോജ് ചരളേലും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. തിങ്കളാഴ്ച രാവിലെ തിരുവനന്തപുരം നന്തന്‍കോട്ടെ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തെ കോണ്‍ഫെറന്‍സ് ഹാളിലായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങുകള്‍.

തിങ്കളാഴ്ച രാവിലെ 10.15ന് കോണ്‍ഫെറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ വച്ച് അഡ്വ.കെ.അനന്തഗോപന്‍ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. തുടര്‍ന്ന് ബോര്‍ഡ് അംഗമായി അഡ്വ.മനോജ് ചരളേലും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
ദേവസ്വം സെക്രട്ടറി എസ്.ഗായത്രീ ദേവി ആണ് ഇരുവര്‍ക്കും സത്യവാചകം ചൊല്ലി കൊടുത്തത്. ദേവസ്വം ബോര്‍ഡ് പി.ആര്‍.ഒ സുനില്‍ അരുമാനൂര്‍ പുതിയ നിയമനം സംബന്ധിച്ച സര്‍ക്കാര്‍ വിജ്ഞാപനം വായിച്ചു.

ഭക്ഷ്യ സിവിള്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആര്‍.അനില്‍, എം.എല്‍.എമാരായ മാത്യു ടി.തോമസ്, ജിനീഷ് കുമാര്‍, ദേവസ്വം ബോര്‍ഡ് അംഗം പി.എം.തങ്കപ്പന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റുമാരായ അഡ്വ.എന്‍.വാസു, എ.പത്മകുമാര്‍, ദേവസ്വം ബോര്‍ഡ് മുന്‍ അംഗങ്ങളായ അഡ്വ.കെ.എസ്.രവി, കെ.പി.ശങ്കരദാസ്, എന്‍.വിജയകുമാര്‍, സി പി.ഐ.(എം) പത്തനംതിട്ട ജില്ലാ സെക്രട്ടറി ഉദയഭാനു, സി.പിഐ (എം) തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ തുടങ്ങിയവരും ചടങ്ങില്‍ ആശംസകള്‍ നേര്‍ന്നു.

തന്നെ ഏല്‍പ്പിച്ച ദൗത്യം ഉത്തരവാദിത്തത്തോടെ നിറവേറ്റുമെന്ന് മറുപടി പ്രസംഗത്തില്‍ അഡ്വ മനോജ് ചരളേല്‍ പറഞ്ഞു. ദേവസ്വം ബോര്‍ഡിലെ നിലവിലെ സാമ്പത്തിക സ്ഥിതി ഉള്‍പ്പെടെയുള്ള എല്ലാ വിഷയങ്ങളും പഠിച്ച് ദേവസ്വം ബോര്‍ഡിന്റെ ഉയര്‍ച്ചക്ക് വേണ്ട എല്ലാ കാര്യങ്ങളും ചെയ്യുമെന്ന് പ്രസിഡന്റ് അഡ്വ.കെ.അനന്തഗോപന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *