ലോക്ക് ഡൗണിൽ മുടി വളർത്തി ദാനം ചെയ്ത് യുവാക്കളും യുവതികളും

ക്യാന്‍സര്‍ രോഗം ബാധിച്ചു കീമോ തെറാപ്പി ക്ക് വിധേയമായി മുടി നഷ്ടപ്പെട്ടവര്‍ക്ക് മുടി ദാനം ചെയ്യുവാന്‍ സന്മനസുള്ളവരില്‍ നിന്നും തലമുടി ശേഖരിക്കുന്ന ഈസ്റ്റ് മാറാടി സര്‍ക്കാര്‍ വി.എച്ച്.എസ് സ്‌കൂള്‍ നാഷണല്‍ സര്‍വീസ് സ്‌കീം യൂണിറ്റിന്റെയും മറ്റ് ക്ലബുകളുടെയും നേതൃത്വത്തില്‍ ആരംഭിച്ച ഹെയര്‍ ബാങ്ക് പദ്ധതിയിലേയ്ക്ക് യുവാക്കള്‍ ഉള്‍പ്പെടെ നിരവധി പേര്‍ കേശദാനം നടത്തി.

അര്‍ബുദബാധിതരായ സഹജീവികളെ ചേര്‍ത്തുനിര്‍ത്താനും അവരില്‍ ആത്മവിശ്വാസം വളര്‍ത്താനും തയ്യാറായി യുവാക്കള്‍. കോവിഡും ലോക്ക് ഡൗണും കാരണം ബാര്‍ബര്‍ഷോപ്പുകള്‍ അടഞ്ഞ് കിടന്ന സാഹചര്യം സുവര്‍ണ്ണാവസരമാക്കി സമൂഹത്തിന് തന്നെ മാതൃകയായ യുവതയാണിവരെന്ന് പ്രോഗ്രാം ഓഫീസര്‍ സമീര്‍ സിദ്ദീഖി പറഞ്ഞു. ഈസ്റ്റ് മാറാടി സ്വദേശിയും മെക്കാനിക്കല്‍ എഞ്ചിനീയറുമായ സിറില്‍ സാബു, വാഴപ്പിള്ളി സ്വദേശിയും സിവില്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയുമായ കിരണ്‍ സജീവ്,ആരക്കുഴ സ്വദേശിയും സേലം കാവേരി എഞ്ചിനീയറിംഗ് കോളേജിലെ കെമിക്കല്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയുമായ എബിന്‍ ബന്നി, ഫോറന്‍സിക് സയന്‍സ് വിദ്യാര്‍ത്ഥിനി സനിക സജി.നാലാം ക്ലാസുകാരി നിരഞ്ജന അരുണ്‍, ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനി നന്ദന രാജേഷ്, നഴ്‌സിംഗ് വിദ്യാര്‍ത്ഥിനി സനിത സജി, വീട്ടമ്മമാരായ ജസി. അനു തുടങ്ങിയവരാണ് തലമുടി ദാനം ചെയ്തത്. മാറാടിയിലെ സ്റ്റയില്‍ ബ്യൂട്ടി പാര്‍ലര്‍ ആന്റ് സ്റ്റിച്ചിംഗ് ഉടമ ഡെല്‍സി വര്‍ഗീസിന്റെ സഹായത്തോടെയാണ് പെണ്‍കുട്ടികളുടെ തലമുടി മുറിച്ചത്. യുവാക്കളെ ഈ മാതൃകാ പ്രവര്‍ത്തനത്തിലേയ്ക്ക് എത്തിച്ചത് ആരക്കുഴ സ്വദേശിയും ഡിസൈനറുമായ അജയ് ബിജുവാണ്.

തൃശൂര്‍ അമല മെഡിക്കല്‍ കോളേജിലെ ‘കേശദാനം സ്‌നേഹദാനം ‘ എന്ന പരിപാടിയുടെ ഭാഗമായാണ് വിദ്യാര്‍ത്ഥിനികള്‍ മുടി ദാനം ചെയ്തത്. തങ്ങള്‍ പരിപാലിച്ച് വളര്‍ത്തിയ മുടിയില്‍ നിന്നാണ് 25 മുതല്‍ 30 സെന്റീമീറ്ററോളം നീളത്തില്‍ മുറിച്ച് ദാനം ചെയ്തത്. ഇവര്‍ ദാനം ചെയ്ത ഈ മുടികൊണ്ട് വിഗ്ഗ് നിര്‍മിച്ച് അത് സൗജന്യമായി ,കീമോതെറാപ്പി കഴിഞ്ഞ് മുടി നഷ്ടപ്പെട്ട ക്യാന്‍സര്‍ രോഗികള്‍ക്ക് നല്‍കാനാണ് പദ്ധതി. ഈ കേശദാനപ്രവര്‍ത്തനത്തിലൂടെ യുവതി. യുവാക്കള്‍ സമൂഹത്തിന് കാരുണ്യത്തിന്റെയും സ്‌നേഹത്തിന്റെയും വലിയൊരു മാതൃകയായി.

ഹെയര്‍ ബാങ്കിലേയ്ക്ക് തലമുടി ദാനം ചെയ്യാന്‍ താത്പര്യമുള്ള സ്‌കൂള്‍, കോളേജ്, റസിഡന്‍ന്റ്‌സ് അസോസിയേഷന്‍ ,ക്ലബുകള്‍ മറ്റു സ്ഥാപനങ്ങളുടെ സഹകരണം പ്രതീക്ഷിക്കുന്നു
വിളിക്കേണ്ട നമ്പര്‍ : 9447220332,
സമീര്‍ സിദ്ദീഖി, പ്രോഗ്രാം ഓഫീസര്‍, GVHSS ഈസ്റ്റ് മാറാടി

Leave a Reply

Your email address will not be published. Required fields are marked *