കേരളത്തിന്റെ ഭരണം നിയന്ത്രിക്കുന്നത് ജനാധിപത്യ വിരുദ്ധ പ്രവര്‍ത്തനം നടത്തുന്നവര്‍: കേന്ദ്ര മന്ത്രി വി. മുരളീധരന്‍

എറണാകുളം: അടിയന്തരാവസ്ഥ കാലത്തിന് സമാനമായ ജനാധിപത്യ വിരുദ്ധ പ്രവര്‍ത്തനങ്ങളാണ് കേരളത്തില്‍ ഭരണം നടത്തുന്ന കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ നടത്തുന്നതെന്ന് കേന്ദ്ര വിദേശ കാര്യ സഹമന്ത്രി വി.മുരളീധരന്‍ പറഞ്ഞു.ദേശീയതക്ക് വേണ്ടി നില കൊള്ളുന്നവരെ സമൂഹത്തിന്റെ മുന്നില്‍ താറടിച്ചു കാണിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നു. ഇതിനെ കാലഘട്ടത്തിന് അനുസരിച്ചുള്ള മാര്‍ഗ്ഗങ്ങളിലൂടെ ചെറുക്കേണ്ടതുണ്ട്. നിര്‍ഭയമായി അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള സാഹചര്യം ഇല്ലാത്ത അവസ്ഥയാണ് കേരളത്തില്‍. മാധ്യമങ്ങള്‍ക്ക് പോലും അതിന് കഴിയാത്ത സ്ഥിതിയിലെത്തിയിരിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. ബി.ജെ.പി എറണാകുളം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച അടിയന്തരാവസ്ഥ സമര ഭടന്മാരെ ആദരിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ലക്ഷദ്വീപില്‍ നടപ്പാക്കുന്ന ഭരണ പരിഷ്‌കാരങ്ങള്‍ക്കെതിരെ സംസ്ഥാന മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണം നടത്തിയിട്ടും അത് ചൂണ്ടിക്കാട്ടാന്‍ ഒരു മാധ്യമ പ്രവര്‍ത്തകനും തയ്യാറായില്ല.ജനങ്ങള്‍ക്ക് നിര്‍ഭയമായി അഭിപ്രായ സ്വാതന്ത്ര്യം അനുഭവിക്കാന്‍ കഴിയുന്ന രീതിയില്‍ ജനാധിപത്യം ഉറപ്പാക്കാന്‍ ഉതകുന്ന പ്രവര്‍ത്തനം വേണമെന്ന് മന്ത്രി പറഞ്ഞു.കോണ്‍ഗ്രസ്സിനെ അധികാരത്തില്‍ നിന്ന് പുറത്താക്കിയതിലുള്ള പക നരേന്ദ്രമോദിയോടുള്ള വ്യക്തിവിദ്വേഷ പ്രചാരണമാക്കി മാറ്റുകയാണ്. കൊവിഡ് പ്രതിരോധത്തിലടക്കം കേന്ദ്ര സര്‍ക്കാര്‍ പ്രശംസനീയമായ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കി മുന്നോട്ട് പോയപ്പോള്‍ ഇകഴ്ത്തി കാട്ടാനുള്ള നീക്കം നടന്നു.

ആദ്യഘട്ടത്തില്‍ വികസിത രാജ്യങ്ങള്‍ക്ക് ഒപ്പം വാക്‌സിന്‍ വികസിപ്പിക്കാന്‍ രാജ്യത്തിന് കഴിഞ്ഞു. എന്നാല്‍ ഇതിന് ഗുണനിലവാരമില്ലെന്ന പ്രചാരണമാണ് കോണ്‍ഗ്രസ്സ് നടത്തിയത്. ദില്ലിയിലെ ഓക്‌സിജന്‍ ക്ഷാമത്തിന്റെ പേരിലും പ്രധാനമന്ത്രിയെ കടന്നാക്രമിച്ചു. എന്നാല്‍ ഓക്‌സിജന്‍ ക്ഷാമം കൃത്രിമമായി ഉണ്ടാക്കിയതാണെന്ന് സുപ്രീം കോടതി നിയോഗിച്ച വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമായി. ഇനിയൊരു അടിയന്തരാവസ്ഥ വരാന്‍ കഴിയാത്ത തരത്തില്‍ രാജ്യത്ത് ഭരണഘടനാപരമായ മാറ്റങ്ങള്‍ കൊണ്ട് വന്നു. അടിയന്തരാവസ്ഥക്കെതിരെ പോരാടി ജനാധിപത്യം സംരക്ഷിക്കാന്‍ നേതൃത്വം വഹിച്ചവരെ നമസ്‌കരിക്കുന്നുവെന്നും മന്ത്രി കൂട്ടി ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *