അധ്യാപക സര്‍വീസ് സംഘടനാ സമര സമിതിയുടെ രാപ്പകല്‍ സത്യാഗ്രഹസമര പ്രചാരണ ക്യാമ്പയിന് വര്‍ക്കല മേഖലയില്‍ ആവേശകരമായ പങ്കാളിത്തം

പെന്‍ഷന്‍ സംരക്ഷണത്തിനായി അധ്യാപക സര്‍വീസ് സംഘടനാ സമര സമിതിയുടെ നേതൃത്വത്തില്‍ ഡിസംബര്‍ 10,11 തീയതികളില്‍ സെക്രട്ടറിയേറ്റ് നടയില്‍ സംഘടിപ്പിക്കുന്ന 36 മണിക്കൂര്‍ രാപ്പകല്‍ സത്യാഗ്രഹ സമരത്തിന്റെ പ്രചാരണാര്‍ത്ഥം വിശദീകരണ യോഗങ്ങള്‍ ഓഫീസ് സമുച്ചയങ്ങള്‍ കേന്ദ്രീകരിച്ച് സംഘടിപ്പിച്ചു. അധ്യാപകരുടെയും ജീവനക്കാരുടെയും വര്‍ദ്ധിച്ച പങ്കാളിത്തം കൊണ്ട് പ്രചാരണ ക്യാമ്പയിന്‍ ശ്രദ്ധേയമായി.

അധ്യാപക സര്‍വീസ് സംഘടനാ സമരസമിതിയുടെ രാപ്പകല്‍ സത്യാഗ്രഹ സമര ക്യാമ്പയിന്റെ വര്‍ക്കല മേഖലാ തല ഉദ്ഘാടനം ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന കമ്മിറ്റി അംഗം വി ബാലകൃഷ്ണന്‍ നിര്‍വഹിക്കുന്നു.


‘പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം നടപ്പിലാക്കി പഴയ പെന്‍ഷന്‍ പുന:സ്ഥാപിക്കുക, പന്ത്രണ്ടാം ശമ്പള പരിഷ്‌കരണ നടപടികള്‍ ആരംഭിക്കുക, മെഡിസെപ്പ് സര്‍ക്കാര്‍ ഏറ്റെടുക്കുക, ക്ഷാമബത്ത ശമ്പള പരിഷ്‌കരണ കുടിശ്ശിക പൂര്‍ണ്ണമായും അനുവദിക്കുക, ലീവ് സറണ്ടര്‍ മരവിപ്പിച്ച നടപടി പിന്‍വലിക്കുക, കേന്ദ്രസര്‍ക്കാരിന്റെ കേരളത്തോടുള്ള സാമ്പത്തിക വിവേചനം അവസാനിപ്പിക്കുക’ എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടാണ് അധ്യാപകരും ജീവനക്കാരും ഡിസംബര്‍ 10,11 തീയതികളില്‍ 36 മണിക്കൂര്‍ ‘രാപ്പകല്‍ സത്യാഗ്രഹ സമരം’ സെക്രട്ടറിയേറ്റ് നടയില്‍ സംഘടിപ്പിക്കുന്നത്.


ജോയിന്റ് കൗണ്‍സില്‍ വര്‍ക്കല മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വര്‍ക്കല മുനിസിപ്പാലിറ്റി, ഒറ്റൂര്‍, ചെറുന്നിയൂര്‍, വെട്ടൂര്‍, മണമ്പൂര്‍, ഇലകമണ്‍, ചെമ്മരുതി, ഇടവ, പള്ളിക്കല്‍, മടവൂര്‍, നാവായിക്കുളം എന്നിവിടങ്ങളിലെ വിവിധ ഓഫീസ് സമുച്ചയങ്ങള്‍ കേന്ദ്രീകരിച്ച് വിശദീകരണ ക്യാമ്പയിന്‍ സംഘടിപ്പിച്ചു.


വര്‍ക്കല മിനി സിവില്‍ സ്‌റ്റേഷനില്‍ ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന കമ്മിറ്റി അംഗം വി.ബാലകൃഷ്ണന്‍ വര്‍ക്കല മേഖലാതല ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. നോര്‍ത്ത് ജില്ലാ ജോയിന്റ് സെക്രട്ടറി വൈ.സുല്‍ഫീക്കര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് അരുണ്‍ജിത് എ.ആര്‍, ജില്ലാ കമ്മിറ്റി അംഗം സുരേഷ്.എസ്, മേഖലാ പ്രസിഡന്റ് റ്റി.ജെ കൃഷ്ണകുമാര്‍, മേഖലാ സെക്രട്ടറി ശ്യാംരാജ് ജി, മേഖലാ വൈസ് പ്രസിഡന്റ് പ്രമോദ് ജി. നായര്‍, ജോയിന്റ് സെക്രട്ടറി ബിജു എച്ച്, ട്രഷറര്‍ രതീഷ് ആര്‍.എസ്, മേഖലാ വനിതാ കമ്മിറ്റി സെക്രട്ടറി ഉഷാകുമാരി കെ.വി, എ സബീര്‍, മനോജ് ജെ എന്നിവര്‍ വിവിധ കേന്ദ്രങ്ങളില്‍ നടന്ന ക്യാമ്പയിന്‍ പരിപാടികളില്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *