പൗരന് എന്തും ചെയ്യാനുള്ള അവകാശമല്ല സ്വാതന്ത്ര്യമെന്ന് മദ്രാസ് ഹൈക്കോടതി മുൻ ആക്ടിംഗ് ചീഫ് ജസ്റ്റീസ് ഡോ ജസ്റ്റീസ് കെ നാരായണക്കുറുപ്പ് പറഞ്ഞു. മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ്റെ നേതൃത്വത്തിൽ മൂന്നാനി ഗാന്ധിസ്ക്വയറിൽ സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പൗരന് എന്തും ചെയ്യാനുള്ള അവകാശമാണ് സ്വാതന്ത്ര്യമെന്നാണ് പലരും കരുതുന്നത്. ഇന്ത്യയിൽ പൗരന്മാർക്കു ലഭിച്ചിരിക്കുന്ന സ്വാതന്ത്ര്യം വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്നും ജസ്റ്റീസ് നാരായണക്കുറുപ്പ് ചൂണ്ടിക്കാട്ടി.
പലപ്പോഴും അഭിപ്രായ സ്വാതന്ത്ര്യവും ദുരുപയോഗിക്കപ്പെടുകയാണ്. രാജ്യത്തെ അപകീർത്തിപ്പെടുത്താൻപോലും അഭിപ്രായ സ്വാതന്ത്ര്യത്തെ ദുരുപയോഗം ചെയ്യുന്നുണ്ട്. അഭിപ്രായ സ്വാതന്ത്ര്യത്തിന് അതിർവരമ്പ് സ്വയം നിശ്ചയിക്കണമെന്നും അദ്ദേഹം നിദ്ദേശിച്ചു. സ്വാതന്ത്ര്യത്തിൻ്റെ മഹത്വം മനസിലാക്കി പ്രവർത്തിക്കാൻ യുവതലമുറ തയ്യാറാകണമെന്നും ജസ്റ്റീസ് നാരായണക്കുറുപ്പ് പറഞ്ഞു. മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് അധ്യക്ഷത വഹിച്ചു. മുനിസിപ്പൽ ചെയർമാൻ ഷാജു തുരുത്തൻ മുഖ്യപ്രഭാഷണം നടത്തി. അഡ്വ സന്തോഷ് മണർകാട്, സാംജി പഴേപറമ്പിൽ, പാലാ ബാർ അസോസിയേഷൻ സെക്രട്ടറി അഡ്വ റോജൻ ജോർജ്, അഡ്വ റോയി ജോസഫ്, ഐബി ജോസ്, അനൂപ് ചെറിയാൻ, ഒ എസ് പ്രകാശ് എന്നിവർ പ്രസംഗിച്ചു. തുടർന്നു ജസ്റ്റീസ് കെ നാരായണക്കുറുപ്പിൻ്റെ നേതൃത്വത്തിൽ ഗാന്ധി ശില്പത്തിൽ പുഷ്പാർച്ചനയും നടത്തി.

മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ മൂന്നാനി ഗാന്ധിസ്ക്വയറിൽ സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഘോഷം ഗാന്ധി ശില്പത്തിൽ പുഷ്പാർച്ചന നടത്തി മദ്രാസ് ഹൈക്കോടതി മുൻ ആക്ടിംഗ് ചീഫ് ജസ്റ്റീസ് ഡോ ജസ്റ്റീസ് കെ നാരായണക്കുറുപ്പ് ഉദ്ഘാടനം ചെയ്യുന്നു. ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ്, സാംജി പഴേപറമ്പിൽ, അഡ്വ സന്തോഷ് മണർകാട്, അഡ്വ റോജൻ ജോർജ്, ഐബി ജോസ്, അഡ്വ റോയി ജോസഫ് എന്നിവർ സമീപം.

 
                                            