നവജാത ശിശുവിന്റെ മൃതദേഹം കൂഴിച്ചുമൂടിയ സംഭവത്തിൽ നിർണായക മൊഴി പുറത്തായി. ജനന സമയം കുട്ടി കരഞ്ഞിരുന്നു എന്ന് കുട്ടിയുടെ മാതാവ് സോന പറഞ്ഞതായി ചികിത്സിക്കുന്ന ഡോക്ടർ വ്യക്തമാക്കി. സോനയുള്ള എറണാകുളം സ്വകാര്യ ആശുപത്രിയിലെ ഡോക്ടർ ആണ് വിവരം പൊലീസിന് കൈമാറിയത്.
കുട്ടി പൂർണ വളർച്ച എത്തിയത് എന്ന് ഫോറൻസിക് വിഭാഗം. സോനയെ അന്വേഷണ സംഘം ഉടൻ ചോദ്യം ചെയ്യും. കുട്ടിയെ കൈമാറിയത് മരണശേഷമെന്നാണ് നിഗമനം. പ്രസവം നടന്ന് 24 മണിക്കൂറിന് ശേഷമാണ് തോമസിന് കുട്ടിയെ നൽകുന്നത്. പ്രസവം നടന്നത് 7 ന് പുലർച്ചെ 1.30 നും കുട്ടിയെ കൈമാറിയത് 8 ന് പുലർച്ചെയുമാണെന്ന് കണ്ടെത്തൽ. അതുവരെ കുട്ടിയെ സൂക്ഷിച്ചത് വീടിന്റെ ടെറസിന്റെ സൺഷേഡിലും , സ്റ്റെയർകേസിന് അടിയിലും ആണ്.
ഗർഭാവസ്ഥ തോമസിന് അറിയില്ലായിരുന്നുവെന്നും പ്രസവ ശേഷം മാത്രമാണ് അറിയിച്ചതെന്നും സോന പറഞ്ഞു. തനിക്ക് അറിയില്ലായിരുന്നുവെന്ന് തോമസും മൊഴി നൽകിയിരുന്നു. സോന ഉൾപ്പെടെ മൂന്ന് പേർക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. തോമസ് ജോസഫ് (24) അശോക് ജോസഫ് (30) എന്നിവരാണ് പൊലീസ് പിടിയിലായ മറ്റ് രണ്ടു പേർ. ഒന്നാം പ്രതി തോമസ് ജോസഫുമായി തെളിവെടുപ്പ് നടത്തുന്നതിനിടെ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയിരുന്നു. കൊല്ലനാടി പാടശേഖരത്തിന് സമീപമാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്.

 
                                            