തമിഴ്നാട്ടില്‍ ഇല്ലാത്തത് നല്ല നേതാക്കൾ, നന്നായി പഠിക്കുന്നവര്‍ രാഷ്ട്രിയത്തില്‍ വരണം; നടന്‍ വിജയ്

തമിഴ്നാട്ടില്‍ ഇല്ലാത്തത് നല്ല നേതാക്കളാണെന്ന് പറഞ്ഞുകൊണ്ട് എത്തിരിക്കുകയാണ് നടന്‍ വിജയ്. 10,12 ക്ലാസില്‍ ഉന്നത വിജയം നേടിയവരെ ആദരിക്കാന്‍ വിജയ് ചെന്നൈയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കവെയാണ് താരം ഈ കാര്യം വെളിപ്പെടുത്തിയത്. രാഷ്ട്രീയത്തില്‍ മാത്രമല്ല തമിഴ്നാട്ടില്‍ പല മേഖലയിലും നല്ല നേതാക്കള്‍ ഇല്ലെന്ന് വിജയ് ചടങ്ങില്‍ പറഞ്ഞു. നന്നായി പഠിക്കുന്നവരും രാഷ്ട്രീയത്തിൽ വരണം, നാട്ടിലെ പ്രശ്നങ്ങൾ എന്താണെന്ന് മനസിലാക്കണം കൃത്യമായി നിരീക്ഷിക്കണം അപ്പോഴാണ് രാഷ്ട്രീയപാർട്ടികൾ പറയുന്നതിലെ തെറ്റും ശരിയും തിരിച്ചറിയാനാകുകയെന്നും താരം പറഞ്ഞു.

ചടങ്ങിന് എത്തിയ വിജയ് വേദിയില്‍ കയറി ഇരിക്കാതെ സദസിലേക്ക് ഇറങ്ങി കുട്ടികൾക്കൊപ്പമാണ് ആദ്യം ഇരുന്നത്. പ്രബലജാതിക്കാരായ സഹപഠികൾ മർദിച്ച ദളിത്‌ വിദ്യാർത്ഥിക്കൊപ്പമാണ് വിജയ് ഇരുന്നത്. വിദ്യാര്‍ത്ഥികളെക്കൊണ്ട് പ്രതിജ്ഞ എടുപ്പിക്കുകയും ചെയ്തു വിജയ്. താത്കാലിക സന്തോഷങ്ങൾക്ക് പിന്നാലെ പോകില്ല ലഹരി ഉപയോഗിക്കില്ലെന്നും പ്രതിജ്ഞ എടുപ്പിച്ചു വിജയ്.

തമിഴ്നാട്ടിലെ ഒരോ നിയമസഭ മണ്ഡലത്തിലേയും ഉന്നത വിജയികളെയാണ് ചെന്നൈയില്‍ നടന്ന ചടങ്ങില്‍ വിജയ് ആദരിക്കുന്നത്. കഴിഞ്ഞ വര്‍ഷവും ഈ ചടങ്ങ് നടത്തിയിരുന്നു. കഴിഞ്ഞ ഫെബ്രുവരിയില്‍ തമിഴ് വെട്രി കഴകം എന്ന പാര്‍ട്ടി പ്രഖ്യാപിച്ചതിന് പിന്നാലെ ആദ്യമായാണ് വിജയ് ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കുന്നത്.

വെങ്കിട്ട് പ്രഭു സംവിധാനം ചെയ്യുന്ന ദ ഗോട്ട് എന്ന ചിത്രത്തിലാണ് വിജയ് ഇപ്പോള്‍ അഭിനയിക്കുന്നത്. ചിത്രം അവസാനഘട്ടത്തിലാണ് സെപ്തംബര്‍ 5നാണ് ചിത്രത്തിന്‍റെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. എജിഎസ് എന്‍റര്‍ടെയ്മെന്‍റ് നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ ഒരു ഫസ്റ്റ്ലുക്ക് ടീസര്‍ വിജയിയുടെ ജന്മദിനത്തില്‍ അണിയറക്കാര്‍ പുറത്തുവിട്ടിരുന്നു.

അതേ സമയം രാഷ്ട്രീയത്തിനായി അടുത്ത ചിത്രത്തോടെ സിനിമ രംഗം വിടും എന്ന് വിജയ് അറിയിച്ചിരുന്നു. ദളപതി 69 എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന് എന്നാല്‍ ഇതുവരെ അന്തിമ രൂപം ആയിട്ടില്ലെന്നാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *