കുവൈത്തിലെ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദു:ഖത്തില്‍ പങ്കുചേരുകയാണെന്നും അര്‍ഹമായ നഷ്ടപരിഹാരം ലഭിക്കാൻ കേന്ദ്ര സര്‍ക്കാര്‍ ആവശ്യമായ ഇടപെടല്‍ നടത്തണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരള സര്‍ക്കാരും ഉടൻ ക്രിയാത്മകമായ ഇടപെട്ടുവെന്നും പിണറായി വിജയൻ പറഞ്ഞു. ഈ വലിയ ദുരന്തത്തില്‍ ആഘാതമായ ദു:ഖത്തിലാണ് എല്ലാവരും.
ഇന്നലെ മന്ത്രിസഭാ യോഗം ചേര്‍ന്ന് തുടര്‍ നടപടികള്‍ സ്വീകരിച്ചു. ഇതിനിടയില്‍ ശരിയല്ലാത്ത സമീപനം കേന്ദ്രസർക്കാരിൽ നിന്ന് ഉണ്ടായി. ഇപ്പോള്‍ ആ വിവാദത്തിലേക്ക് പോകുന്നില്ലെന്നും അത് ചര്‍ച്ച ചെയ്യേണ്ട സമയമല്ലയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുവൈത്തിലേക്ക് മന്ത്രി വീണാ ജോര്‍ജിനെ അയക്കാൻ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. മന്ത്രി വിമാനത്താവളത്തില്‍ എത്തിയെങ്കിലും പൊളിറ്റിക്കല്‍ ക്ലിയറന്‍സ് കിട്ടാത്തതിനാല്‍ പോകാനായില്ല. ഇക്കാര്യത്തിലാണ് ശരിയായ സമീപനം ഉണ്ടാകാതിരുന്നത്. ഇപ്പോള്‍ ഇതേക്കുറിച്ചല്ല പറയേണ്ടത്. മരിച്ചവരുടെ കുടുംബാംഗങ്ങളെ സഹായിക്കാൻ വേണ്ടി ഇടപെടുകയാണ് വേണ്ടത്.
പ്രവാസികള്‍ നാട്ടിലെത്തുന്നതിനായി വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കുടുംബങ്ങള്‍ക്ക് ഒരിക്കലും നികത്താനാവാത്ത നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ദുരന്തം ഉണ്ടായ ഉടനെ കുവൈത്ത് സര്‍ക്കാര്‍ ഫലപ്രദമായതും ശക്തമായതുമായ നടപടി സ്വീകരിച്ചിട്ടുണ്ട്. കുവൈത്ത് സര്‍ക്കാരിന്‍റെ തുടര്‍ നടപടികള്‍ ശരിയായ രീതിയില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേന്ദ്ര സര്‍ക്കാരും ഇക്കാര്യത്തില്‍ ശരിയായ രീതിയില്‍ ഇപെട്ടിട്ടുണ്ട്. നമ്മുടെ രാജ്യത്തിന്‍റെ വിദേശകാര്യ സഹമന്ത്രി കുവൈത്തിലെത്തി അവിടത്തെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയും ചെയ്തു.
