ലോക്സഭ തെരഞ്ഞെടുപ്പിൽ ഉത്തരേന്ത്യയിൽ മത്സരിച്ച പല മന്ത്രിമാരും പരാജയപ്പെട്ടത് ഗൗരവത്തോടെ കാണുന്നുവെന്ന് ബിജെപി കേന്ദ്ര നേതൃത്വം. മന്ത്രിമാർ ജനങ്ങളുടെ ഇടയിൽ നിക്കണമെന്നും വിനയത്തോടെ പെരുമാറണമെന്നും പ്രധാനമന്ത്രി ഉപദേശിച്ചത് ഈ പശ്ചാത്തലത്തിലാണെന്ന് പാർട്ടി നേതാക്കൾ പറഞ്ഞു. കേരളത്തിൽ മത്സരിച്ച കേന്ദ്ര മന്ത്രിമാർക്ക് മാത്രമാണ് എതിരാളികളുടെ ഭൂരിപക്ഷം കുറയ്ക്കാനായത്.
നരേന്ദ്ര മോദി മൂന്നാം വട്ടവും അധികാരത്തിൽ എത്തിയപ്പോൾ ബിജെപി നേതൃത്വത്തെ ഏറ്റവും കൂടുതൽ ചർച്ചയായത് കേന്ദ്ര മന്ത്രിമാരുടെ തോല്‍വിയാണ്. മോദി മന്ത്രിസഭയ്ക്കെതിരെ ഭരണവിരുദ്ധ വികാരം ഇല്ല എന്നാണ് പാർട്ടി കരുതിയതെങ്കിലും ഉത്തർപ്രദേശ് ഉൾപ്പടെ വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ മന്ത്രിമാർക്കെതിരെ അത് പ്രകടമായി. അതിന് ഉദാഹരണമാണ് യുപിയിൽ ഏറ്റവും കനത്ത തോൽവി ഏറ്റുവാങ്ങിയ സ്മൃതി ഇറാനി 1,67,196 വോട്ടുകൾക്കാണ് പരാജയപ്പെട്ടത്.
ഗാന്ധി കുടുംബത്തിൻ്റെ പ്യൂൺ എന്ന് സ്മൃതി ഇറാനി ആക്ഷേപിച്ച കെ എൽ ശർമ്മയിൽ നിന്നേറ്റ തോൽവി പാർട്ടിക്ക് നാണക്കേടായി. കർഷകരെ പാർട്ടിയിൽ നിന്ന് അകറ്റിയതിൽ പ്രധാന പങ്കുണ്ടായിരുന്ന അജയ് കുമാർ മിശ്രയ്ക്ക് എതിർപ്പുകൾ അവഗണിച്ചാണ് ബിജെപി സീറ്റു നല്‍കിയത്. മുപ്പത്തിനാലായിരത്തിൽ പരം വോട്ടിനാണ് ബിജെപിയുടെ ഉറച്ച സീറ്റുകളിലൊന്നായിരുന്ന ലഖിംപുർ ഖേരി കൈവിട്ടു പോയത്.

 
                                            