പെരിയാറിൽ രാസമാലിന്യം ഒഴുക്കിയതിനെ തുടർന്ന് മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങിയ സംഭവത്തെ തുടർന്ന് പ്രാഥമിക കണക്കുമായി ഫിഷറീസ് വകുപ്പ്. 150ലേറെ മത്സ്യക്കൂടുകൾ പൂർണ്ണമായി നശിച്ചുപോയിട്ടുണ്ട്. സംഭവത്തെ തുടർന്ന് കോടികളുടെ നഷ്ടമാണ് മത്സ്യക്കർഷകർക്കുണ്ടായിരിക്കുന്നത്. വരാപ്പുഴ, ചേരാനെല്ലൂർ, കടമക്കുടി പഞ്ചായത്തുകളിലാണ് ഏറ്റവും കൂടുതൽ നഷ്ടമുണ്ടായിരിക്കുന്നത്. വരാപ്പുഴയിലാണ് ഏറ്റവും കൂടുതൽ മത്സ്യങ്ങൾ ചത്തത്. കൊച്ചി കോർപ്പറേഷൻ മേഖലയിലേക്കും വിഷപ്പുഴ ഒഴുകിയതായി ഫിഷറീസ് വകുപ്പ് റിപ്പോർട്ടിൽ പറയുന്നു.
പെരിയാറിൽ മത്സ്യങ്ങൾ കൂട്ടത്തോടെചത്തു പൊങ്ങിയതിൽ സബ് കളക്ടറുടെ നേതൃത്വത്തിലുള്ള സംയുക്ത അന്വേഷണം ഇന്ന് തുടങ്ങും. ഫോർട്ട് കൊച്ചി സബ് കളക്ടർ കെ. മീര എടയർ വ്യവസായ മേഖലയിലെത്തും. മലിനീകരണ നിയന്ത്രബോർഡ്, ജലസേചന വകുപ്പ്, ഫിഷറീസ് വകുപ്പ് തുടങ്ങിയവരെല്ലാം ഒരുമിച്ചുള്ള അന്വേഷണമാണ്. ഒരാഴ്ചക്കകം റിപ്പോർട്ട് കൊടുക്കാനാണ് കളക്ടറുടെ നിർദേശം. മലിനീകരണ നിയന്ത്രണ വകുപ്പിന്റെ കടവന്ത്രയിലെ ലാബിലാണ് പുഴയിൽ നിന്നെടുത്ത വെള്ളം പരിശോധിക്കുന്നത്. ചത്ത മീനിന്റെ സാമ്പിൾ കുഫോസിലാണ് പരിശോധിക്കുന്നത്. പിസിബി യുടെ അനാസ്ഥയിൽ പ്രതിഷേധിച്ച് നാട്ടുകാർ ഇന്ന് എലൂർ പിസിബി ഓഫീസിലേക്ക് മാർച്ച് നടത്തും. ഫിഷറീസ് വകുപ്പിലെ ഉദ്യോഗസ്ഥർക്കാണ് നഷ്ടങ്ങളുടെ കണക്കെടുപ്പ് ചുമതല.
എടയാര്‍ വ്യവസായ മേഖലയില്‍ നിന്ന് പെരിയാറിലേക്ക് രാസമാലിന്യം ഒഴുക്കിയതാണ് ഇതിന് കാരണമെന്ന് ആരോപിച്ച് നാട്ടുകാര്‍ പ്രതിഷേധിച്ചു. മത്സ്യകൃഷി നടത്തിയ കര്‍ഷകരെയും ഇത് ബാധിച്ചു. ലക്ഷങ്ങള്‍ മുടക്കി കൃഷി ചെയ്തവരുടെ മത്സ്യങ്ങളാണ് കൂട്ടത്തോടെ ചത്തുപൊങ്ങിയത്. ഇതിലൂടെ ലക്ഷങ്ങളുടെ നഷ്ടമുണ്ടായതായി കര്‍ഷകര്‍ പറയുന്നു.
