കിയ സെൽറ്റോസിന് പുതിയ വേരിയൻ്റുകളും ഫീച്ചറുകളും ട്രാൻസ്‍മിഷൻ ഓപ്ഷനുകളും; 2024 പതിപ്പിൽ വന്ന മാറ്റങ്ങൾക്ക് പ്രിയമേറുന്നു

ഇന്ത്യയിൽ വന്ന് ഏറ്റവും ചുരുങ്ങിയ കാലയളവിൽ ഇന്ത്യക്കാരുടെ വിശ്വാസം നേടിയ വാഹന നിർമാതാക്കളാണ് കിയ. ഹ്യുണ്ടായിയുടെ ഭാഗമാണെങ്കിലും പല കാര്യത്തിലും മാതൃകമ്പനിയെ വരെ വെല്ലുന്നവരാണ് ഈ കൊറിയൻ ബ്രാൻഡ്. സെൽറ്റോസിലൂടെ മാജിക് തീർത്തവർ ഇന്ന് വിൽപ്പനയുടെ കാര്യത്തിൽ പലരേയും ഞെട്ടിച്ച് മുൻപന്തിയിലുണ്ട്. കൃത്യസമയത്ത് കാലത്തിനൊത്ത് കാറുകൾ പരിഷ്ക്കരിക്കുന്നതിൽ മിടുക്കരാണ് കിയ.

സെൽറ്റോസ് എൻട്രി ലെവൽ ഓട്ടോമാറ്റിക് നോക്കുന്നവർക്കുള്ള സന്തോഷ വാർത്തയാണ് ഒന്ന്. 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ വേരിയൻ്റിന് CVT ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷൻ നൽകി സെൽറ്റോസ് എസ്‌യുവിയുടെ HTK+ ട്രിം കിയ അപ്‌ഡേറ്റ് ചെയ്തിട്ടുണ്ട്. 15.40 ലക്ഷം രൂപയാണ് എക്സ്-ഷോറൂം വില. ഇപ്പോൾ സെൽറ്റോസ് ശ്രേണിയിലെ ഏറ്റവും ബഡ്ജറ്റ്-ഫ്രണ്ട്ലി ഓട്ടോമാറ്റിക് വേരിയൻ്റാണിത്.

സെൽറ്റോസ് HTK+ ലെ 1.5 ലിറ്റർ ഡീസൽ എഞ്ചിനുമായി ജോടിയാക്കിയ 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷനാണ് രണ്ടാമത്തെ പുതിയ വേരിയൻ്റിൻ്റെ സവിശേഷത. ഈ വേരിയൻ്റിന് 16.90 ലക്ഷം രൂപയാണ് എക്സ്-ഷോറൂം വില. സെൽറ്റോസ് ലൈനപ്പിലെ ഏറ്റവും ലാഭകരമായ ഡീസൽ ഓട്ടോമാറ്റിക് വേരിയൻ്റാണിത്.

പുതിയ വേരിയൻ്റുകൾ കൂടാതെ നിലവിലെ മോഡലുകളിലെ ഫീച്ചറുകളും കിയ പരിഷ്കരിച്ചിട്ടുണ്ട്.ഡ്യൂവൽ പാൻ പനോരമിക് സൺറൂഫ്, പാഡിൽ ഷിഫ്റ്റുകൾ, LED കണക്ടഡ് ടെയിൽ ലാമ്പ്, ഡ്രൈവ് മോഡുകൾ, ട്രാക്ഷൻ കൺട്രോൾ മോഡുകൾ എന്നിവയാണ് ഏറ്റവും ജനപ്രിയമായ HTK+ ട്രിമ്മിൽ വന്നിരിക്കുന്ന പുതുമകൾ. അതിന് പുറമെ HTK ട്രിമ്മിലുമുണ്ട് മാറ്റങ്ങൾ. സ്റ്റാർട്ട്-സ്റ്റോപ്പ് ബട്ടണുള്ള സ്മാർട്ട് കീ, LED കണക്ടഡ് ടെയിൽ ലാമ്പ്, എൽഇഡി സ്റ്റാർ മാപ്പ് DRL-കളുള്ള ഹെഡ്‌ലൈറ്റുകൾ ഇവയൊക്കെയാണ് HTK ട്രിമ്മിൽ വരുന്ന അധിക ഫീച്ചറുകൾ. പരിഷ്കരിച്ച പതിപ്പിൽ HTX മുതലുള്ള ഉയർന്ന വേരിയൻ്റുകളിൽ നാല് വിൻഡോകളും വോയിസ് കമാൻഡുകൾ ഉപയോഗിച്ചും നിയന്ത്രിക്കാവുന്നവയാണ്. HTE ട്രിമ്മിൽ വരുന്നതാകട്ടെ അറോറ ബ്ലാക്ക് പേൾ, ഗ്രാവിറ്റി ഗ്രേ, ഇന്റെൻസ് റെഡ്, പ്യുറ്റർ ഒലിവ്, ഇമ്പേരിയൽ ബ്ലൂ എന്നീ പുതിയ നിറങ്ങളാണ്.

“സെൽറ്റോസിനോടുള്ള ഇന്ത്യയുടെ പ്രിയം വ്യക്തമാണ്, പ്രീമിയം ഫീച്ചറുകൾ കൊണ്ടുവന്ന് ഞങ്ങളുടെ ഏറ്റവും ജനപ്രിയമായ വേരിയൻ്റ് HTK+ കൂടുതൽ ആകർഷകമാക്കിയിരിക്കുകയാണ്. ഡിമാൻഡ് പരിഗണിച്ച് IVT, 6AT ട്രാൻസ്മിഷനുകൾ HTK+ അവതരിപ്പിച്ചു, സെൽറ്റോസിൻ്റെ മൊത്തത്തിലുള്ള ആകർഷണീയത വീണ്ടും വർദ്ധിച്ചു, പ്രീമിയം ഫീച്ചറുകൾ വിവിധ വേരിയൻ്റുകളിൽ കൃത്യമായി സംയോചിപ്പിക്കുന്നത് വിൽപ്പന വീണ്ടും ഉയരാനും സെഗ്മെന്റിലെ ഉയർന്ന സ്ഥാനം നിലനിർത്താനും സഹായിക്കും” കിയ ഇന്ത്യയുടെ ചീഫ് സെയിൽസ് ആൻഡ് ബിസിനസ് ഓഫീസർ മ്യുങ്-സിക് സോൺ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *