സുരേഷ് ഗോപിയുടെ കുടുംബക്ഷേത്രത്തിലെ പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് ആര്‍എല്‍വി രാമകൃഷ്ണന്‍. നേരത്തെ നിശ്ചയിച്ച മറ്റൊരു പരിപാടിയുള്ളതിനാലാണ് പങ്കെടുക്കാത്തതെന്ന് ആര്‍എല്‍വി രാമകൃഷ്ണന്‍ പറഞ്ഞു. സുരേഷ് ഗോപിയുടെ ക്ഷണത്തില്‍ ഏറെ സന്തോഷമുണ്ടെന്ന് ആര്‍എല്‍വി രാമകൃഷ്ണന്‍ പറഞ്ഞു. കലാമണ്ഡലം സത്യഭാമ നടത്തിയ ജാതി അധിക്ഷേപത്തിന് പിന്നാലെയാണ് ആര്‍എല്‍വി രാമകൃഷ്ണന് വേദി നല്‍കുമെന്ന് തൃശ്ശൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി അറിയിച്ചത്. കൊല്ലത്തെ കുടുംബ ക്ഷേത്രത്തില്‍ 28 ന് നടക്കുന്ന ചിറപ്പ് മഹോത്സവത്തിലേക്ക് രാമകൃഷ്ണനെ പരിപാടിക്കായി ക്ഷണിക്കുമെന്നാണ് സുരേഷ് ഗോപി അറിയിച്ചത്. പ്രതിഫലം നൽകിത്തന്നെയാണ് ക്ഷണിക്കുന്നതെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.
അതോടൊപ്പം സുരേഷ് ഗോപി വിവാദത്തില്‍ കക്ഷിചേരാനില്ലെന്നും വ്യക്തമാക്കിയിരുന്നു. . കലാമണ്ഡലം സത്യഭാമയുടെ പരാമർശത്തിൽ പ്രതിഷേധിച്ച് കേരളത്തിലെ തെരുവുകളിൽ മോഹിനിയാട്ടം അവതരിപ്പിക്കുമെന്ന് രാമകൃഷ്ണൻ പറഞ്ഞു. നൃത്തത്തിൽ ആകാരത്തിനും ഭംഗിക്കും നൽകുന്നത് 10 മാർക്കു മാത്രമാണ്. അതിനും നിറം മാത്രമല്ല പരിഗണിക്കുന്നത് അവതരണത്തിനും നൃത്തത്തിന്റെ ശാസ്ത്രീയമായ മറ്റു വശങ്ങൾക്കുമാണ് 90 മാർക്ക് നൽകുന്നത്. അപ്പോൾ വെളുത്ത നിറമുള്ളവർ മാത്രമേ നൃത്തം അവതരിപ്പിക്കാവൂ എന്നു പറയുന്നതിൽ എന്ത് അർഥമാണുള്ളത് എന്നാണ് രാമകൃഷണൻ ചോദിക്കുന്നത്.

 
                                            