പൗരത്വ നിയമ ഭേദഗതി നിയമം 2024 ചട്ടങ്ങൾ വിജ്ഞാപനം ചെയ്ത് കൊണ്ട് കേന്ദ്രസർക്കാർ പൊതു തെരഞ്ഞെടുപ്പിന് മുൻപേ നടത്തിയ നീക്കമാണ് ഇപ്പോൾ കേരളത്തിലടക്കം മുഖ്യ പ്രചാരണ വിഷയമായിരിക്കുന്നത്. ഇത് പ്രകാരം അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, പാക്കിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള മുസ്ലിങ്ങളല്ലാത്ത ആറ് മതവിഭാഗങ്ങൾക്ക് അതിവേഗം ഇന്ത്യൻ പൗരത്വം ലഭിക്കുമെന്നാണ് കേന്ദ്രസർക്കാർ ഉറപ്പു പറയുന്നത്. ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളുടെ ലംഘനമെന്ന് പ്രതിപക്ഷ പാർട്ടികൾ സിഎഎയെ വിമർശിക്കുമ്പോൾ, ബിജെപി ഉന്നയിച്ച വാദം അസമിൽ പൗരത്വ പട്ടികയിൽ നിന്ന് പുറത്തായിപ്പോയ ലക്ഷക്കണക്കിന് ഹിന്ദുക്കൾക്ക് സിഎഎ ആശ്വാസമാകും എന്നാണ്.
പാർലമെൻ്റിൽ ബില്ല് പാസാക്കി നാല് വർഷത്തിന് ശേഷമാണ് കേന്ദ്രസർക്കാർ ചട്ടങ്ങൾ വിജ്ഞാപനം ചെയ്തത്. 2019 ൽ ദേശീയ പൗരത്വ രജിസ്റ്റർ പരിഷ്കരിച്ച സമയത്ത് പൗരത്വം നഷ്ടമായ അസമിലെ ലക്ഷക്കണക്കിന് ഹിന്ദുക്കൾ സിഎഎയെ വലിയ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്. ഇവരാണ് സംസ്ഥാനത്ത് ബിജെപിയുടെ ഏറ്റവും വലിയ ശക്തിയും.

 
                                            