പാലക്കാട് കുഴൽമന്ദം ആലിങ്കലിൽ അമ്മയും മകനും ഉൾപ്പെടെ ഒരു കുടുംബത്തിലെ മൂന്നുപേരെ മരിച്ച നിലയിൽ കണ്ടെത്തി. സിനില (41) മകൻ രോഹിത് (19) സിനിലയുടെ സഹോദരിയുടെ മകൻ സുബിൻ (23) എന്നിവരെയാണ് വീടിനുള്ളിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. മൃതദേഹങ്ങൾ പാലക്കാട് ജില്ല ആശുപത്രിയിലേക്ക് പോസ്റ്റുമോർട്ടത്തിനായി മാറ്റി. സംഭവത്തിൽ ദുരൂഹതയില്ലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
പുലർച്ചെ അഞ്ചുമണിക്ക് സിനിലയുടെ അമ്മ അടുക്കളയിൽ എത്തിയപ്പോഴാണ് മൂവരെയും തൂങ്ങിയ നിലയിൽ കണ്ടത്. പ്രദേശവാസികളെ വിവരമറിയിച്ചു. ആശുപത്രിയിൽ എത്തിച്ചെങ്കിലും മൂവരുടെയും ജീവൻ നഷ്ടമായിരുന്നു. പ്രദേശവാസികളുമായി മരിച്ചവർ വലിയ ബന്ധം പുലർത്തിയിരുന്നില്ല എന്നാണ് ജനപ്രതിനിധികളടക്കം പറയുന്നത്. ആത്മഹത്യ ചെയ്യാനുള്ള കാരണം വ്യക്തമല്ല. ഇവർ താമസിച്ചിരുന്ന വീട് ജപ്തി ഭീഷണി നേരിടുന്നുണ്ടായിരുന്നു. കുഴൽമന്ദം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
