കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ ഇനി മുതൽ തന്റെ ചിത്രങ്ങൾ നൽകില്ലെന്ന് സംവിധായകൻ ഡോക്ടർ ബിജു. കേരളീയത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ചലച്ചിത്രമേളയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ‘ വീട്ടിലേക്കുള്ള വഴി’ എന്ന ചിത്രം പിൻവലിക്കുന്നതായി അദ്ദേഹം അറിയിച്ചു. ചലച്ചിത്ര അക്കാദമി തുടർച്ചയായി തന്നെ സിനിമകളെ അവഗണിക്കുന്ന സാഹചര്യത്തിലാണ് തീരുമാനമെടുത്തതെന്നും ഫേസ്ബുക്ക് കുറിപ്പിലൂടെ അദ്ദേഹം അറിയിച്ചു.
ബിജുവിന്റെ ദൃശ്യജാലകങ്ങൾ എന്ന ചിത്രം ഐ എഫ് എഫ് കെയുടെ മലയാള സിനിമാ വിഭാഗത്തിൽ പോലും തിരഞ്ഞെടുക്കപ്പെട്ടിരുന്നില്ല. അതുകൊണ്ടുതന്നെ മികച്ച സംവിധായകനും തിരക്കഥയ്ക്കും ഉള്ള സംസ്ഥാന അവാർഡിന് ഇനി മുതൽ തന്നെ സിനിമകൾ ഒന്നും മത്സരിക്കില്ലെന്നും മറ്റ് അവാർഡുകൾക്ക് വേണ്ടി മാത്രമേ ചിത്രം സമർപ്പിക്കുകയുള്ളു എന്നും ഡോക്ടർ ബിജു അറിയിച്ചു.
ലോക സിനിമകൾ താൻ പരിചയപ്പെട്ടതും പഠിച്ചതും ഐ എഫ് കെ യിലൂടെയാണ് അതുകൊണ്ടുതന്നെ ഈ തീരുമാനം ദുഃഖകരവുമാണ്. ചലച്ചിത്ര അക്കാദമിയുടെ മറ്റ് മേളകളിലും തന്റെ ചിത്രം പ്രദർശിപ്പിക്കാൻ താല്പര്യമില്ലെന്നും അതുകൊണ്ടുതന്നെ കേരളീയം ചലച്ചിത്രമേളയിൽ ക്ലാസിക് വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വീട്ടിലേക്കുള്ള വഴി പ്രദർശിപ്പിക്കേണ്ടതില്ലെന്ന് ചലച്ചിത്ര അക്കാദമി സെക്രട്ടറിയെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സാങ്കേതിക പ്രവർത്തകർക്ക് അവാർഡിനുള്ള അവസരം ലഭിക്കുവാൻ വേണ്ടി മാത്രം ചിത്രം അവാർഡുകൾക്ക് സമർപ്പിക്കും. ഇപ്പോഴെങ്കിലും ഇത്തരത്തിലുള്ള തീരുമാനമെടുത്തില്ലെങ്കിൽ ആത്മാഭിമാനം തന്നെ ഇല്ലാതാകുമെന്ന് അദ്ദേഹം ഫേസ്ബുക്കിലൂടെ അറിയിച്ചു.
