തൊണ്ണൂറ്റി നാലാമത്തെ വയസ്സിലും തനിക്ക് ശരി എന്ന നിലപാടിലുറച്ച് ജയിലില്‍ പോകാന്‍ തയ്യാറായ യുവത്വത്തിന്റെ പേരാണ് ഗ്രോ വാസു. ഗ്രോവാസുവിനെതിരായ കേസ് പിന്‍വലിച്ച് ജാമ്യത്തിലിറങ്ങാനുള്ള നിയമപരമായ സാഹചര്യം ഉണ്ടാക്കണമെന്ന ആവശ്യം പല കോണുകളില്‍ നിന്നും ഉയരുന്നുണ്ട്.എന്താണ് ഗ്രോ വാസു ചെയ്ത തെറ്റ് എന്നാണ് പ്രതിപക്ഷനേതാവടക്കം ചോദിക്കുന്നത്. തീവ്രവാദിയോ കൊലപാതകിയോ രാജ്യവിരുദ്ധ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടയാളോ അല്ല. മാവോയിസ്റ്റ് വേട്ടയെന്ന പേരില്‍ മനുഷ്യരെ തോക്കിന്‍ മുനയില്‍ നിര്‍ത്തി വെടിവച്ച് കൊന്നതിനെതിരേ പരസ്യമായി പ്രതികരിച്ചുവെന്നതാണ് ഗ്രോ വാസുവിനെതിരായ കുറ്റം.
നിലമ്പൂരില്‍ വ്യാജ ഏറ്റുമുട്ടലിലൂടെ ഇടത് ഭരണകൂടം നാലുപേരെ കൊലപ്പെടുത്തിയവര്‍ക്കെതിരെ അന്വേഷണമോ കേസോ എടുക്കാത്തതില്‍ പ്രതിഷേധിച്ചതിനാണ് ഗ്രോ വാസുവിനെതിരെ കേസ് എടുത്തത്.
ഭരണകൂടത്തിന്റെ ഒത്താശയോടെ പൊലീസ് പൗരന് നേരെ നടത്തുന്ന ഒരു സ്ഥിരം ‘കലാപരിപാടി’യാണ് ഇല്ലാത്ത കേസ് ഉണ്ടാക്കി തലയിലിടുക എന്നത്.തുടര്‍ന്നുള്ള കോടതി നടപടികള്‍ക്കുള്ള സമയവും പണവും ഇല്ലാത്തതിനാല്‍ പലരും കുറ്റം ഏറ്റ് കോടതിയില്‍ ജാമ്യത്തുക കെട്ടിവെച്ച് തടി ഊരും.എന്നാല്‍ ഗ്രോവാസു അത് ചെയ്തില്ല. ഈ അതിഭയങ്കരമായ കുറ്റം ചെയ്തതിന് മാപ്പ് എഴുതി കൊടുക്കാനോ 10000 രൂപ അടയ്ക്കാനോ താന്‍ തയ്യാറല്ല എന്ന നിലപാടായിരുന്നു അദ്ദേഹത്തിന്റേത്.
മാവോയിസ്റ്റുകളെ വെടിവെച്ച് കൊന്ന പ്രതികള്‍, പുറത്ത്് കഴിയുമ്പോഴാണ് അതിനെതിരെ പ്രതികരിച്ചയാള്‍ അകാത്താവുന്നത് . ഇത്തരം കള്ളക്കേസുകള്‍ എടുക്കുന്ന പൊലീസിങ്ങിനെതിരെയും, അതിന് ചൂട്ടുപിടിക്കുന്ന നമ്മുടെ ജുഡീഷ്യല്‍ സിസ്റ്റത്തിനെതിരെയും ഇപ്പോള്‍ വ്യാപകമായി പ്രതിഷേധം ഉയരുകയാണ്. പ്രതിഷേധം എന്നത് ഏത് പൗരന്റെയും ഭരണഘടനാപരമായ അവകാശമാണ്. പ്രതിഷേധിച്ചതിന് കേസ് എടുത്ത പൊലീസ് ചെയ്തതാണ് തെറ്റ്. അതില്‍ പ്രതിഷേധിച്ച് ജയിലില്‍ പോകാന്‍ തീരുമാനമെടുത്തതിലുടെ പൊലീസിന്റെ കരണക്കുറ്റിക്ക് നോക്കിയുള്ള ഒരു അടിയാണ് ഗ്രോ വാസു കൊടുത്തത്.
ഭരണകൂടത്തിന്റെ ഇരട്ടനീതിക്കെതിരെയാണ് അദേഹത്തിന്റെ പോരാട്ടം. കോടതിയോട് എതിര്‍പ്പില്ല. ഭരണകൂടവും പൊലീസും ഇരട്ടനീതിയാണ് കാണിക്കുന്നത്. കോടതിക്ക് നിയമ പ്രകാരമേ ചെയ്യാനാവൂ. നിയമത്തിലെ തെറ്റ് ചോദ്യം ചെയ്യുന്നതാണ് തന്റെ രീതിയെന്നും തെറ്റുകള്‍ക്കെതിരെ ജീവന്‍ കൊടുക്കാന്‍ തയ്യാറാണെന്നും ഗ്രോ വാസു പറഞ്ഞിരുന്നു. എന്തായാലും ഗ്രോവിനോട് മനുഷ്യത്വപരമായ സമീപനം പോലീസ് കാണിക്കേണ്ടതാണ് എന്ന് ആവശ്യമാണ് പൊതുവെ ഉയരുന്നത്. അദ്ദേഹത്തിന് എതിരെയുള്ള കേസ് പിന്‍വലിച്ച് ജാമ്യത്തിന് നിയമപരമായ സാഹചര്യം ഉണ്ടാകണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ അടക്കം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരിക്കുകയാണ്. പ്രതിപക്ഷ നേതാവ് പറയുന്നതുപോലെ 51 വെട്ടിന് മനുഷ്യ ജീവനെടുത്തവരും രാഷ്ട്രീയ എതിരാളികളെ അരുംകൊല ചെയ്തവരും ആള്‍മറാട്ടവും വ്യാജ രേഖാ നിര്‍മാണവും നടത്തുന്ന സിപിഐഎം ബന്ധുക്കളും പൊലീസ് കസ്റ്റഡിയിലും ജയിലിലും രാജകീയമായി വാഴുമ്പോഴാണ് ഒരു വന്ദ്യ വയോധികനോട് കേരള പൊലീസ് അങ്ങേയറ്റം മനുഷ്യത്വരഹിതമായി പെരുമാറുന്നത്.
