കഴിഞ്ഞ ഇരുപതുവര്‍ഷത്തെ ഗുജറാത്ത് അനുഭവം വെച്ചുനോക്കുമ്പോള്‍ മണിപ്പുരില്‍ നടക്കുന്നത് അദ്ഭുതമായി തോന്നുന്നില്ലെന്ന് പ്രമുഖ മനുഷ്യാവകാശപ്രവര്‍ത്തകയും സഫ്ദര്‍ ഹശ്മിയുടെ സഹോദരിയുമായ ശബ്‌നം ഹശ്മി. ഗുജറാത്തില്‍ നടത്തിയ വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും രാഷ്ട്രീയം ഇന്ത്യയാകെ വ്യാപിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നത്.ബദല്‍ ഭരണഘടന തയ്യാറായിട്ടുണ്ടെന്നും 2024-ലെ തിരഞ്ഞെടുപ്പില്‍ ഫാസിസ്റ്റ് ശക്തികള്‍ അധികാരത്തില്‍ വരുകയാണെങ്കില്‍ അത് പുറത്തെടുക്കാമെന്നും കുട്ടിച്ചേര്‍ത്തു .ഗുരുവായൂരപ്പന്‍ കോളേജ് അധ്യാപകനും തൃശ്ശൂര്‍ സ്‌കൂള്‍ ഓഫ് ഡ്രാമ ഡയറക്ടറുമായിരുന്ന ഡോ. രാമചന്ദ്രന്‍ മൊകേരിയുടെ ഒന്നാം ചരമവാര്‍ഷികത്തില്‍ മൊകേരി ഫൗണ്ടേഷന്‍ നടത്തിയ അനുസ്മരണം ഉദ്ഘാടനംചെയ്യുകയായിരുന്നു അവര്‍. വരുന്ന തിരഞ്ഞെടുപ്പില്‍ ഉയരുന്ന ചോദ്യം രാജ്യത്ത് ജനാധിപത്യം പുലരണോ, അതല്ല, പാകിസ്താനിലെയും അഫ്ഗാനിസ്താനിലെയും മുസ്ലിം താലിബാനിസംപോലെ ഇവിടെ ഹിന്ദു താലിബാനിസം വേണോ എന്നതാണെന്നും അവര്‍ പറഞ്ഞു.മാധ്യമങ്ങളുടെ ചോദ്യങ്ങളില്‍നിന്നൊഴിയാന്‍, വരുതിയിലുള്ള വാര്‍ത്താ ഏജന്‍സിക്കുമാത്രം പ്രധാനമന്ത്രി അഭിമുഖം നല്‍കുന്നു. ഇന്ത്യയെ ഇല്ലാതാക്കുന്ന ശക്തികള്‍ക്കെതിരേ ഒന്നിക്കണമെന്നും കലയിലൂടെയും സംഗീതത്തിലൂടെയുമൊക്കെ അതിനെതിരേയുള്ള വികാരം സാധാരണക്കാരിലെത്തിക്കാന്‍ സാധിക്കണമെന്നും ശബ്‌നം ഹശ്മി പറഞ്ഞു.രാമചന്ദ്രന്‍ മൊകേരി നാടകത്തില്‍ ഒറ്റയാള്‍പ്പട്ടാളമായി നടന്നൊരു കാലത്തെ രാഷ്ട്രീയതത്ത്വസംഹിതയുടെ മൂല്യം ഇന്നില്ലെന്ന് ചടങ്ങില്‍ സംബന്ധിച്ച നടന്‍ ജോയ് മാത്യു പറഞ്ഞു. ടൗണ്‍ഹാളില്‍നടന്ന ചടങ്ങില്‍ ഡോ. കെ. ഗോപാലന്‍കുട്ടി അധ്യക്ഷത വഹിച്ചു. പ്രൊഫ. വാസുദേവനുണ്ണി, ഡോ.
ഡി.ഡി. നമ്പൂതിരി, പ്രൊഫ. പി. പത്മനാഭന്‍, മൊകേരി ഫൗണ്ടേഷന്‍ കണ്‍വീനര്‍ പി. രവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. രാമചന്ദ്രന്‍ മൊകേരിയെക്കുറിച്ചുള്ള ഓര്‍മപ്പുസ്തകം ‘എന്നുടലെന്‍ മാനിഫെസ്റ്റോ’ ശബ്നം ഹശ്മിക്ക് നല്‍കി നടന്‍ ജോയ് മാത്യു പ്രകാശനംചെയ്തു.മൊകേരി ഇന്നുണ്ടായിരുന്നെങ്കില്‍ 94 വയസ്സുള്ള ഗ്രോ വാസു കിടക്കുന്ന ജയിലിന്റെ മുന്നില്‍ച്ചെന്ന് ഒരു നാടകം കളിക്കുമായിരുന്നുവെന്നും അദ്ദേഹം കുട്ടിച്ചേര്‍ത്തു.
