വിലക്കയറ്റം ; കയ്യും കെട്ടി പൊട്ടിച്ചിരിച്ചു പിണറായി

ഇത്തവണ മലയാളികളുടെ ഓണാഘോഷത്തിന്റെ പൊലിമ കുറയും. വിലക്കയറ്റം ക്രമാതീതമായി വര്‍ദ്ധിക്കുന്നതില്‍ സര്‍ക്കാര്‍ ഒരു നിയന്ത്രണവും കൊണ്ടുവരുന്നില്ല.
വിലക്കയറ്റം നിയന്ത്രിക്കാന്‍ സിവില്‍സപ്ലൈസ് 1000 കോടിയാണ് ആവശ്യപ്പെട്ടത്. എന്നാല്‍ സര്‍ക്കാര്‍ നല്‍കിയത് 70 കോടി . നെല്ല് സംഭരിച്ച കുടിശ്ശിക ഇനത്തില്‍ ബഡ്ജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി 2000 കോടി പ്രഖ്യാപിച്ചിരുന്നെങ്കിലും കര്‍ഷകര്‍ക്ക് ഇപ്പോഴും മുഴുവന്‍ തുകയും നല്‍കിയിട്ടില്ല.
കരിഞ്ചന്തക്കാരെ സഹായിക്കാനാണ് സര്‍ക്കാര്‍ സപ്ലൈകോയില്‍ ഇടപെടല്‍ നടത്താത്തത് എന്ന ആരോപണമാണ് ഉയരുന്നത്..ഓണക്കാലത്ത് സൂപ്പര്‍ സ്‌പെഷ്യല്‍ ചന്തകള്‍ നടത്തുമെന്ന് സപ്ലൈകോ പ്രഖ്യാപിച്ചത് ഇങ്ങനെ പോയാല്‍ വെറും തള്ള് മാത്രമായി മാറും.

ഓണാഘോഷത്തിന്റെ പേരില്‍ കോടികള്‍ പൊടിക്കുന്ന സര്‍ക്കാര്‍ അവശ്യസാധനങ്ങളുടെ വിലവര്‍ധനവില്‍ ഇടപെടാത്തത് കടുത്ത ജനദ്രോഹമാണെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ അടക്കം പറയുന്നത്.നിലവില്‍ സപ്ലൈകോ എന്നത് ഒരു സാധനവും ഇല്ലാത്ത വെറും സ്വപ്‌നകച്ചവട കേന്ദ്രങ്ങള്‍ മാത്രമാണ്. എന്നാല്‍ കടം വാങ്ങിയിട്ടാണെങ്കിലും ഓണത്തിന് അവശ്യസാധനങ്ങള്‍ സപ്ലൈകോയില്‍ എത്തിക്കുമെന്ന് നിയമസഭയില്‍ ഭക്ഷ്യമന്ത്രി ഉറപ്പ് നല്‍കിയത് വെള്ളത്തില്‍ വരച്ച വര പോലെയാവുമെന്നാണ് ജനങ്ങള്‍ ഭയക്കുന്നത്. ഇപ്പോള്‍ റെക്കോര്‍ഡ് വിലയാണ് സംസ്ഥാനത്ത് അവശ്യ സാധനങ്ങള്‍ക്കുള്ളത്. ഓണത്തിന് ഇത് ഇരട്ടിയാകുമെന്ന സാഹചര്യമാണുള്ളത്.

പച്ചക്കറിക്കും പലവ്യഞ്ജനത്തിനുമെല്ലാം വിപണിയില്‍ പൊള്ളുന്ന വിലയാണ്. ദിനംപ്രതി സാധനങ്ങള്‍ക്ക് വില ഉയരുന്നത് സാധാരണക്കാരെയാണ് ഏറ്റവുമധികം ആശങ്കയിലാക്കുന്നത്.
അതേസമയം മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ വിലക്കയറ്റം കുറവാണെന്നും സപ്ലൈകോ 13 അവശ്യസാധനങ്ങള്‍ വിപണിവിലയെക്കാള്‍ കുറഞ്ഞ നിരക്കില്‍ വിതരണം ചെയ്യുന്നുണ്ടെന്നുമാണ് ഭക്ഷ്യമന്ത്രിയുടെ അവകാശവാദം.സംസ്ഥാനത്ത് ഉല്‍പാദിപ്പിക്കാത്ത സാധനങ്ങള്‍ക്കാണ് വില കൂടുതലുള്ളത്. അത് രാജ്യത്താകെയുള്ള വിലക്കയറ്റത്തിന്റെ പ്രതിഫലനമാണെന്നുമാണ് മന്ത്രി ജി ആര്‍ അനില്‍ പറയുന്നത്.

എന്തായാലും സംസ്ഥാനത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിട്ടത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ പിടിപ്പുകേടാണ് എന്നാണ് ആക്ഷേപം. അതിന്റെ ദുരിതം ഏറ്റവും കൂടുതല്‍ അനുഭവിക്കേണ്ടി വരുന്നത് സാധാരണ ജനങ്ങളാണ്. ഓണക്കാലത്ത് മുടങ്ങാതെ നല്‍കി വന്നിരുന്ന കിറ്റ് വിതരണം എല്ലാവര്‍ക്കും ഇത്തവണ നല്‍കില്ലെന്ന് ധനമന്ത്രി തന്നെ വ്യക്തമാക്കിയത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്.ജനങ്ങളില്‍ നിന്നുള്ള നികുതി മാത്രം പിരിച്ചെടുത്ത് നിത്യ നിദാന ചെലവും ആഡംബരവും നടത്തുകയാണ് സംസ്ഥാന സര്‍ക്കാര്‍ എന്നും ആരോപണങ്ങള്‍ ഉണ്ട്.

Leave a Reply

Your email address will not be published. Required fields are marked *