ഹിറ്റുകളുടെ സിദ്ദിഖ് -ലാൽ കൂട്ടുകെട്ട്

സിദ്ദിഖ് – ലാല്‍ എന്ന പേര് മലയാളിക്ക് റാംജിറാവ് സ്പീക്കിംഗ് എന്ന സിനിമ മുതലാണ് പരിചയമെങ്കിലും ഇരുവരും തമ്മിലുള്ള സൗഹൃദത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്.ഒരുമിച്ച് കലാജീവിതം ആരംഭിച്ചവരായിരുന്നു അവര്‍. കലാഭവനിലെ സ്‌കിറ്റുകള്‍ക്ക് തിരക്കഥയെഴുതി തുടക്കം. പിന്നീട് ഒട്ടനവധി സൂപ്പര്‍ഹിറ്റുകള്‍, തൊട്ടതെല്ലാം പൊന്നാക്കിയ മലയാളത്തിലെ ഏറ്റവും വലിയ സംവിധായകജോഡി.
അന്നോളമുണ്ടായിരുന്ന സിനിമാ സമവാക്യങ്ങള്‍ മാറ്റിമറിച്ചാണ് സിദ്ദിഖ്-ലാല്‍ ചിത്രങ്ങള്‍ പ്രേക്ഷകരിലേക്കെത്തിയത്.

മിമിക്സ് പരേഡ് ഹിറ്റായോടുന്ന കാലത്താണ് സംവിധായകന്‍ ഫാസില്‍ സംവിധാന സഹായികളാകാന്‍ സിദ്ദിഖിനെയും ലാലിനെയും വിളിക്കുന്നത്.

നോക്കെത്താ ദൂരത്ത് കണ്ണും നട്ട് എന്ന ചിത്രത്തിലൂടെ ഫാസിലിനൊപ്പം സംവിധാന സഹായികളായാണ് സിദ്ദിഖ് ലാല്‍ കൂട്ടുകെട്ടിലെ സംവിധാന തുടക്കം. റാം ജിറാവു സ്പീക്കിംഗിലൂടെ സ്വതന്ത്ര സംവിധായകരായി. അങ്ങനെ മത്തായിച്ചേട്ടനും ഗോപാലകൃഷ്ണനും ബാലകൃഷ്ണനും തീയറ്ററുകളില്‍ ചിരിപ്പൂരമൊരുക്കി.

ആദ്യ ചിത്രത്തില്‍ ദാരിദ്ര്യവും തൊഴിലില്ലായ്മയും നര്‍മ്മത്തില്‍ പൊതിഞ്ഞാണ് അവതരിപ്പിച്ചതെങ്കില്‍ ഇന്‍ ഹരിഹര്‍ നഗറിലെത്തിയപ്പോള്‍ ക്യാമ്പസ് ജീവിതം കഴിഞ്ഞ് ജോലി നോക്കാതെ നടക്കുന്ന യുവാക്കളുടെ കഥയായത്. മികച്ച കഥകളെ മികവുറ്റ രീതിയില്‍ രസകരമായി അവതരിപ്പിക്കാനുള്ള സിദ്ദിഖ് ലാല്‍ കൂട്ടുകെട്ടിന്റെ കഴിവ് പ്രേക്ഷകരെ തീയറ്ററുകളില്‍ പിടിച്ചിരുത്തി. കഥ, തിരക്കഥ, സംഭാഷണം, സംവിധാനം സിദ്ദിഖ് ലാല്‍ എന്ന ടൈറ്റില്‍ കാര്‍ഡ് കാണുമ്പോള്‍ തന്നെ തീയറ്ററുകളില്‍ കയ്യടിപ്പൂരമായിരുന്ന കാലം. അഞ്ഞൂറാനും കന്നാസും കടലാസും കൃഷ്ണമൂര്‍ത്തിയുമെല്ലാം സിദ്ദിഖ് ലാല്‍ കൂട്ടുകെട്ടിലെ മികച്ച പാത്ര സൃഷ്ടികളായിരുന്നു.
1986ല്‍ പുറത്തിറങ്ങിയ ‘പപ്പന്‍ പ്രിയപ്പെട്ട പപ്പന്‍’ ആയിരുന്നു സിദ്ദിഖും ലാലും ചേര്‍ന്നെഴുതിയ ആദ്യ തിരക്കഥ. റഹ്മാന്‍ നായകനായ ചിത്രത്തില്‍ മോഹന്‍ലാലും ഒരു പ്രധാന കഥാപാത്രമായിരുന്നു.1991ല്‍ പുറത്തിറങ്ങിയ ഗോഡ്ഫാദര്‍ തിരുവനന്തപുരത്ത് 404 ദിവസമാണ് തീയറ്ററുകള്‍ നിറഞ്ഞോടിയത്.. 1994ല്‍പുറത്തിറങ്ങിയ കാബൂളിവാലയുടെ കഥയാണ് ഇരുവരും ഒരുമിച്ച് പറഞ്ഞ് നിര്‍ത്തിയത്.

തിയറ്ററുകളില്‍ മാത്രമല്ല സിനിമാപ്രേമികള്‍ ദൂരദര്‍ശന്‍ കാലത്തെ ഞായറാഴ്ചകളില്‍ കാത്തിരുന്നതും സിദ്ദിഖ് – ലാല്‍ കൂട്ടുകെട്ടിലെ ചിത്രങ്ങള്‍ കാണാനാണ്. ടെലിവിഷന്‍ ചരിത്രത്തില്‍ കൂടുതല്‍ തവണ ബ്രോഡ്കാസ്റ്റ് ചെയ്ത ‘മണിച്ചിത്രത്താഴി’ലെ ഹാസ്യരംഗങ്ങള്‍ക്ക് പിന്നിലും സിദ്ദിഖ് ലാലിന്റെ കയ്യൊപ്പുണ്ട്.സിദ്ദിഖ് ലാലിന് മുന്‍പോ ശേഷമോ മലയാളിയുടെ നര്‍മബോധത്തെ ഇത്രത്തോളം ആകര്‍ഷിച്ച മറ്റൊരു കൂട്ടുകെട്ട് ഉണ്ടായിട്ടില്ല.

ഇരുവരും പിരിഞ്ഞപ്പോള്‍ സിദ്ദിഖ് സംവിധാന രംഗത്ത് തന്നെ തുടര്‍ന്നു. ലാല്‍ അഭിനയരംഗത്തും. സിദ്ദിഖിന്റെ സംവിധാന മികവ് മലയാളവും കടന്ന് ബോളീവുഡ് വരെയെത്തി. ബോഡിഗാര്‍ഡ് എന്ന ഒറ്റചിത്രത്തിലൂടെ ബോളീവുഡിലും ശ്രദ്ധേയനായി.അക്കാലത്ത് മമ്മൂട്ടിയുടെ ശക്തമായ തിരിച്ചുവരവിന് കാരണമായത് രണ്ട് സിദ്ദിഖ് ചിത്രങ്ങളായിരുന്നു; ഹിറ്റ്ലറും ക്രോണിക് ബാച്ചിലറും.

ആ കാലഘട്ടത്തിലെ യുവതയെയും അവരുടെ പ്രശ്‌നങ്ങളെയും ‘റിയലിസ്റ്റിക്’ ആയി സമീപിച്ചതാണ് സിദ്ധിഖ്-ലാല്‍ സിനിമകളുടെ വിജയം. മിഡില്‍ ക്ലാസ് യുവാക്കളുടെ ജീവിതം അപ്രതീക്ഷിത വഴിത്തിരിവുകളെടുത്ത് പ്രേക്ഷകര്‍ ജീവിതത്തിലാഗ്രഹിക്കുന്ന വിജയം സ്‌ക്രീനില്‍ കാണിച്ചുകൊടുത്തു.സിദ്ദിഖിന്റേതായി അവസാനം പുറത്തുവന്നത് ബിഗ് ബ്രദര്‍ എന്ന ചിത്രമായിരുന്നു. തമിഴില്‍ വിജയ്, സൂര്യ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഫ്രണ്ട്സ്, പ്രസന്ന, സാധു മിരണ്ടാല്‍ തുടങ്ങിയ ചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്.

എല്ലാ ജീവിതസമസ്യകളെയും നര്‍മത്തില്‍ ചാലിച്ചെടുക്കാനായി എന്നതാണ് സിദ്ദിഖ്-ലാല്‍ കൂട്ടുകെട്ടിന്റെ മികവ്. തമാശയില്ലാത്ത ഒരു പടം ചെയ്യാനാവില്ലേയെന്ന പലരുടെയും ചോദ്യത്തിന് ‘തമാശ എന്റെ സിനിമയില്‍ നിന്നും പൂര്‍ണമായും മാറ്റിവെക്കാന്‍ പറ്റില്ല, കാരണം തമാശ എന്നോടൊപ്പം ഉള്ളതാണ്’ എന്ന് സിദ്ദിഖ് പറഞ്ഞിട്ടുണ്ട് . സിദ്ദിഖിന്റെ വേര്‍പാടോടെ മലയാളത്തിന് നഷ്ടമാകുന്നത് ജനപ്രിയഹാസ്യത്തിന്റെ ഒരു സുവര്‍ണകാലഘട്ടത്തെയാണ്.

Leave a Reply

Your email address will not be published. Required fields are marked *