പൗരാണികകാലത്തിന്റെ തിരുശേഷിപ്പുകള്‍കൊണ്ട് സമ്പന്നമാണ് നമ്മുടെ നാട്. രാജകാലത്തിന്റെ ഓര്‍മകള്‍ അവശേഷിപ്പിക്കുന്ന കൊട്ടാരങ്ങളും കോട്ടകളും ഇന്നത്തെ തലമുറയോട് വിളിച്ചു പറയുന്നത് നമ്മുടെ നാടിന്റെ ചരിത്രമാണ്.
അകത്തളങ്ങളില്‍ നിധിക്ക് തുല്യമായ അമൂല്യവസ്തുക്കളുടെ ശേഖരമുള്ള കോയിക്കല്‍ കൊട്ടാരവും രാജകാലത്തിന്റെ പ്രൗഢി വിളിച്ചു പറയുന്നു.നൂറ്റാണ്ടുകളുടെ ചരിത്രംപേറുന്ന നെടുമങ്ങാട്ടെ കോയിക്കല്‍കൊട്ടാരം സന്ദര്‍ശകര്‍ക്ക് കാഴ്ചകളുടെ വിരുന്നൊരുക്കുന്നു. പന്ത്രണ്ട് വിഭാഗങ്ങളായി തിരിച്ച് പ്രദര്‍ശനവസ്തുക്കള്‍ അണിനിരത്തിയിരിക്കുന്ന ഇവിടെ വിജ്ഞാനവും വിനോദവും ഒപ്പം ചരിത്രവും ഒരുപോലെ സമന്വയിക്കുന്നു.
തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാടാണ് കോയിക്കല്‍ കൊട്ടാരം സ്ഥിതി ചെയ്യുന്നത്. കേരളീയ വാസ്തു വിദ്യയുടെ മകുടോദാഹരണമെന്നു വിശേഷിപ്പിക്കാന്‍ കഴിയുന്ന ഈ കൊട്ടാരക്കെട്ടുകള്‍ 1677- 1684 കാലത്തു വേണാട് രാജവംശത്തിലെ രാഞ്ജിയായിരുന്ന ഉമയമ്മ റാണിക്കു വേണ്ടി നിര്‍മിച്ചതാണെന്നാണ് കരുതപ്പെടുന്നത്. റാണിയുടെ ഭരണകാലത്തു മുകിലന്‍ എന്നുപേരുള്ള ഒരു മുസ്ലിം പോരാളി തിരുവനന്തപുരത്തെ ആക്രമിക്കാന്‍ പദ്ധതിയിട്ടുകൊണ്ടു മണകാട് വന്നു തമ്പടിക്കുകയും ആ സമയത്തു റാണി തിരുവന്തപുരത്തു നിന്നും നെടുമങ്ങാട്ടേയ്ക്കു ആസ്ഥാനം മാറ്റി അവിടെ നിലയുറപ്പിക്കുകയും ചെയ്തു. അക്കാലത്തു ഉമയമ്മ റാണിയ്ക്കായി പണിതതാണ് കോയിക്കല്‍ കൊട്ടാരമെന്നു വിശ്വസിക്കപ്പെടുന്നു. വള്ളത്തിന്റെ ആകൃതിയില്‍ വളഞ്ഞു, ഇരുനിലയായാണ് കൊട്ടാരത്തിന്റെ നിര്‍മിതി.
അമൂല്യമായ പല വസ്തുക്കളുടെയും ശേഖരം കൊണ്ട് സമ്പന്നമാണ് ഈ രാജകൊട്ടാരം. അതുകൊണ്ടുതന്നെ ഒരിക്കലെങ്കിലും ഈ കൊട്ടാര കാഴ്ചകളിലേക്കു എത്തിനോക്കാത്ത ചരിത്രാന്വേഷികള്‍ കുറവായിരിക്കും. പുരാതന സംഗീതോപകരണങ്ങളും നാണയശേഖരണവും അതില്‍ എടുത്തുപറയേണ്ടവയാണ്. കേരളത്തില്‍ അക്കാലത്തു ഉപയോഗിച്ചുകൊണ്ടിരുന്ന വാദ്യോപകരണങ്ങള്‍, നാടന്‍ കലകളുടെ മാതൃകകള്‍, കലാകാരന്മാരുടെ വേഷവിധാനങ്ങള്‍, ആടയാഭരണങ്ങള്‍, നിത്യോപയോഗ വസ്തുക്കള്‍ തുടങ്ങി അത്യപൂര്‍വമെന്നു വിശേഷിപ്പിക്കാന്‍ കഴിയുന്ന ചന്ദ്രവളയം എന്ന വാദ്യോപകരണവും കൊട്ടാരത്തിലെ നാടന്‍ കലാ മ്യൂസിയത്തിലുണ്ട്. ചന്ദ്രവളയം എന്ന സംഗീതോപകരണം പ്രദര്‍ശിപ്പിച്ചിട്ടുള്ള കേരളത്തിലെ ഏക സ്ഥലവും കോയിക്കല്‍ കൊട്ടാരമാണ്. ഭഗവാന്‍ ശ്രീരാമന്റെ കഥ നാടന്‍പാട്ട് രൂപത്തില്‍ അവതരിപ്പിക്കുന്ന കലാരൂപമാണ് രാമകഥാപ്പാട്ട്, ആ പാട്ടിനു താളമിടാന്‍ ഉപയോഗിക്കുന്ന സംഗീതോപകരണമാണ് ചന്ദ്രവളയം. മരത്തില്‍ പണിതീര്‍ത്തിരിക്കുന്ന സാരംഗിയും ഈ ഫോക്ലോര്‍ മ്യൂസിയത്തിലെ പ്രധാന കാഴ്ചകളിലൊന്നാണ്.പഴയകാല നാണയങ്ങളുടെ അത്യപൂര്‍വ ശേഖരം കൊണ്ട് സമ്പന്നമാണ് കോയിക്കല്‍ കൊട്ടാരം. കേരളത്തിലെ തന്നെ പുരാതന നാണയങ്ങളായ ഒറ്റപുത്തന്‍, ഇരട്ടപുത്തന്‍, കലിയുഗരായന്‍ പണം എന്നിവയും ന്യൂമിസ്മാറ്റിക്‌സ് മ്യൂസിയത്തില്‍ കാണാവുന്നതാണ്.1992 ലാണ് ഈ കൊട്ടാരത്തെ ഫോക്ലോര്‍, ന്യൂമിസ്മാറ്റിക്‌സ് മ്യൂസിയമാക്കി മാറ്റിയത്. കേരള സര്‍ക്കാരിന്റെ കീഴില്‍ സംരക്ഷിത ചരിത്ര സ്മാരകമാണിപ്പോള്‍ കോയിക്കല്‍ കൊട്ടാരം. തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ നിന്നും പതിനെട്ടു കിലോമീറ്റര്‍ മാത്രം യാത്ര ചെയ്താല്‍ ഇവിടെ എത്തി ചേരാം.

 
                                            