മാഞ്ചസ്റ്റർ യുനൈറ്റഡിൽ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഭാവി അനിശ്ചിത്വത്തിൽ. ക്ലബിനെതിരെ രൂക്ഷമായി സംസാരിച്ചതോടെയാണ് താരത്തിന്റെ ക്ലബിലെ നിലനിൽപ്പ്തന്നെ താളം തെറ്റിയത് . നേരത്തെ, മാഞ്ചസ്റ്റർ കോച്ച് ടെൻ ഹാഗും ക്രിസ്റ്റ്യാനോയും തമ്മിൽ സ്വരച്ചേർച്ച ഇല്ലായിരുന്നു എന്ന വാർത്തകൾ പുറത്തുവന്നിരുന്നു. ക്ലബ് വിടാൻ ശ്രമിച്ച റൊണാൾഡോയെ പല മുൻനിര ക്ലബുകളും തഴഞ്ഞു.
ടെൻ ഹാഗ് ആവട്ടെ താരത്തെ പ്ലയിംഗ് ഇലവനിലേക്ക് വേണ്ട രീതിയിൽ പരിഗണിച്ചതുമില്ല. ഒരിക്കൽ മത്സരം പൂർത്തിയാവും മുമ്പ് ക്രിസ്റ്റ്യാനോ ഡ്രസിംഗ് റൂമിലേക്ക് മടങ്ങിയത് വിവാദമായിരുന്നു. തുടർന്ന് താരത്തെ ഒരു കളിയിൽ നിന്നും ക്ലബ് വിലക്കിയിരുന്നു.ഇപ്പോൾ ക്ലബിനെതിരെ
ആഞ്ഞടിച്ചിരിക്കുകയാണ് ക്രിസ്റ്റിയാനോ.
അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ. “എനിക്ക് പരിശീലകൻ ടെൻ ഹാഗിനോട് ഒരുതരത്തിലും ബഹുമാനമില്ല. കാരണം, അദ്ദേഹം എന്നെയും ബഹുമാനിക്കുന്നില്ല. ക്ലബിന്റെ നല്ലതിനുവേണ്ടിയാണ് ഞാൻ മാഞ്ചസ്റ്ററിൽ തുടരുന്നത്.
എന്നാൽ എന്നെ ക്ലബിൽ നിന്ന് പുറത്താക്കാനാണ് ചിലർ ശ്രമിച്ചുകൊണ്ടിരിക്കുന്നത് . അക്കൂട്ടത്തിൽ പരിശീകൻ മാത്രമല്ല, വേറെയും കുറെ പേരുണ്ട്. എന്താണ് നടക്കുന്നതെന്നനിക്കറിയില്ല. എന്നാൽ ഞാൻ വഞ്ചിക്കപ്പെട്ടത് പോലെ തോന്നുന്നു. കഴിഞ്ഞ വർഷവും ഇങ്ങനെ തന്നെ ആയിരുന്നു. സർ അലക്സ് ഫെർഗൂസൻ പോയതിനു ശേഷം ക്ലബിന് യാതൊരു വിധ പുരോഗതിയുമില്ല.” പിയേഴ്സ് മോർഗനു നൽകിയ അഭിമുഖത്തിലാണ് ക്ലബിനും പരിശീലകനുമെതിരെ ക്രിസ്റ്റ്യാനോ പരസ്യമായി ഇവ പറഞ്ഞത്.
