ബിജെപിയുമായി ഇടഞ്ഞ സന്ദീപ് വാര്യർ കോൺഗ്രസിലേക്ക് എന്ന വാർത്തയാണ് ചർച്ചയാകുന്നത്. വാർത്താ സമ്മേളനം ഉടൻ വിളിച്ചേക്കും. സന്ദീപ് വാര്യർ പ്രതിപക്ഷ നേതാവ് വി ഡി സതീശനുമായി കൂടിക്കാഴ്ച നടത്തി. കോൺഗ്രസിലെ മുതിർന്ന നേതാക്കൾ പാലക്കാട് ചർച്ച നടത്തുന്നു. കെ സുധാകരൻ, വി ഡി സതീശൻ എന്നിവർ യോഗത്തിൽ പങ്കെടുക്കുന്നു. 11.30 ന് സന്ദീപ് വാര്യർ കോൺഗ്രസ് ഓഫീസിലെത്തും. ഷാഫി പറമ്പിൽ, വി കെ ശ്രീകണ്ഠൻ എന്നിവരെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലേക്ക് വിളിച്ചു.
അതേസമയം സന്ദീപ് വാര്യര്‍ക്കെതിരെ മേജര്‍ രവി രംഗത്തെത്തി. തെരഞ്ഞെടുപ്പ് കാലത്ത് സന്ദീപ് വാര്യർ പാര്‍ട്ടിക്കുളളിലെ വിയോജിപ്പ് തുറന്നുപറയാന്‍ പാടില്ലായിരുന്നെന്ന് എന്നാണ് മേജർ രവി പറഞ്ഞത്. കേഡര്‍ പാര്‍ട്ടി സ്വഭാവം മനസിലാക്കേണ്ടതായിരുന്നു.അഭിപ്രായം തുറന്ന് പറയേണ്ട ഘട്ടം മറ്റൊന്ന് ആയിരുന്നു. സന്ദീപിനോട് വ്യക്തപരമായി സംസാരിച്ച് ഇക്കാര്യം പറഞ്ഞിരുന്നു. പാര്‍ട്ടിയിലേക്ക് മടങ്ങി വരാന്‍ സന്ദീപ് എവിടേയും പോയിട്ടില്ല. സന്ദീപ് വാര്യരുമായുള്ള പ്രശ്‌നങ്ങള്‍ പാര്‍ട്ടി പരിഹരിച്ചുവരികയാണെന്നും മേജര്‍ രവി പ്രതികരിച്ചു.
അതേസമയം സന്ദീപ് വാര്യരുടെ കോൺഗ്രസ് പ്രവേശനത്തിൽ പ്രതികരിച്ച് മന്ത്രി പി എ മുഹമ്മദ് റിയാസ്. സന്ദീപ് ബിജെപിയെ ഉപേക്ഷിച്ചതാണോ, ബിജെപിയുടെ രാഷ്ട്രീയത്തെ ഉപേക്ഷിച്ചതാണോ എന്ന് മന്ത്രി ചോദിച്ചു. മത വർഗീയതയെ ഉപേക്ഷിച്ചാൽ സന്തോഷമെന്നും മന്ത്രി വ്യക്തമാക്കി. ആർഎസ്എസ് ശാഖയ്ക്ക് കാവൽ നിൽക്കണമെന്ന് തോന്നിയാൽ കെപിസിസി പ്രസിഡന്റ് ഉണ്ട്. ആർഎസ്എസ് നേതാക്കളെ പൂവിട്ട് പൂജിക്കണമെങ്കിൽ പ്രതിപക്ഷ നേതാവും ഉണ്ടെന്നും മന്ത്രി റിയാസ് പറഞ്ഞു.
