ഉത്തര്‍പ്രദേശില്‍ അധികാരത്തിലെത്തിയാല്‍ ജനങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ വാഗ്ദാനങ്ങള്‍ക്ക് നേരെ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിപക്ഷത്തിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ വെറും പൊള്ളയാണെന്നും സര്‍ക്കാര്‍ ജോലികളുമായി ബന്ധപ്പെട്ട് സമാജ്വാദി പാര്‍ട്ടിയും ബി.എസ്.പി യും നടത്തിയിട്ടുള്ള വാഗ്ദാനങ്ങള്‍ ഒന്നും ഇതുവരെ പാലിക്കപ്പെട്ടില്ല എന്നും എന്നാല്‍ യോഗി സര്‍ക്കാര്‍ അഞ്ച് ലക്ഷം സര്‍ക്കാര്‍ ജോലികളാണ് യുവാക്കള്‍ക്ക് നല്‍കിയതെന്നും മോദി പറഞ്ഞു. ഉത്തര്‍പ്രദേശിലെ പ്രഗ്യാരാജില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു നരേന്ദ്രമോദി.403 അസംബ്ലി സീറ്റുകളുള്ള ഉത്തര്‍പ്രദേശില്‍ ഏഴ് ഘട്ടങ്ങളിലായിട്ടാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഫെബ്രുവരി 10, 14, 20,23 തീയതികളിലാണ് ആദ്യഘട്ട വോട്ടെടുപ്പ് നടന്നത്. അവസാന 3 ഘട്ടങ്ങളിലെ സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് ഫെബ്രുവരി 27, മാര്‍ച്ച് 3, മാര്‍ച്ച് 7 തീയതികളില്‍ നടക്കും. ഇവിടെ മാര്‍ച്ച് 10നാണ് വോട്ടെണ്ണല്‍ നടക്കുക.
