പരസ്യമായി പോരടിച്ച് കർണാടകയിലെ സിവിൽ സർവീസ് ഉദ്യോഗസ്ഥർ

കര്‍ണാടകയില്‍ വനിത ഐപിഎസ്‌-ഐഎഎസ് ഉദ്യോഗസ്ഥര്‍ തമ്മില്‍ പരസ്യപ്പോര്. ഐഎഎസ് ഉദ്യോഗസ്ഥയുടെ സ്വകാര്യ ചിത്രങ്ങള്‍ ഐപിഎസ് ഉദ്യോഗസ്ഥ പുറത്ത് വിട്ടു. ദേവസ്വം കമ്മീഷണറും ഐഎഎസ് ഉദ്യോഗസ്ഥയുമായ രോഹിണി സിന്ദൂരിയുടെ സ്വകാര്യ ചിത്രങ്ങളാണ് ഐപിഎസ് ഓഫീസറും കര്‍ണാടക കരകൗശല വികസന കോര്‍പ്പറേഷന്‍ എംഡിയുമായ ഡി രൂപ ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്.

സര്‍വീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് രോഹിണി അയച്ച ചിത്രങ്ങളാണെന്നാണ് രൂപയുടെ അവകാശവാദം. ഇത് സര്‍വീസ് ചട്ടങ്ങളുടെ ലംഘനമാണെന്നും ഡി രൂപ ആരോപിച്ചു. എന്നാല്‍ തന്റെ വാട്‌സ്ആപ്പ് സ്റ്റാറ്റസില്‍ നിന്നും മറ്റും ശേഖരിച്ച ചിത്രങ്ങളാണ് വ്യക്തിഹത്യ ചെയ്യാന്‍ രൂപ പോസ്റ്റ് ചെയ്തതെന്നും നിയമനടപടി സ്വീകരിക്കുമെന്നും രോഹിണി പറഞ്ഞു.

മൈസൂരുവില്‍ നിന്നുള്ള ജനതാദള്‍ എംഎല്‍എയും മുന്‍മന്ത്രിയുമായ സാരാ മഹേഷിന്റെ സാരാ കണ്‍വെന്‍ഷന്‍ ഹാള്‍ കനാല്‍ കയ്യേറി നിര്‍മിച്ചതാണെന്ന് 2021ല്‍ മൈസൂരു കളക്ടറായിരിക്കെ രോഹിണി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിനെതിരെ മഹേഷ് ഒരു കോടി രൂപയുടെ മാനനഷ്ടക്കേസ് നല്‍കിയിരുന്നു. ഈ കേസ് ഒതുക്കിത്തീര്‍ക്കാന്‍ രോഹിണി മഹേഷിനെ കണ്ട് ചര്‍ച്ച നടത്തിയെന്ന ആരോപണങ്ങള്‍ക്കിടെയാണ് ചിത്രങ്ങള്‍ പുറത്തുവന്നത്.

ഔദ്യോഗിക കൃത്യനിര്‍വഹണത്തില്‍ വീഴ്ച പറ്റിയിട്ടില്ലെങ്കില്‍ മഹേഷുമായി എന്തിനാണ് കൂടിക്കാഴ്ച നടത്തിയതെന്ന് രൂപ ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിച്ചു. ഈ പോസ്റ്റിട്ട് 16 മണിക്കൂറിനുള്ളില്‍ അടുത്ത പോസ്റ്റുമായി രൂപ വീണ്ടും രംഗത്തെത്തി. രോഹിണി സ്വകാര്യ ഫോട്ടോകള്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് അയച്ചുകൊടുത്ത് അവരെ കൈയിലെടുക്കാന്‍ ശ്രമിച്ചുവെന്നായിരുന്നു ഇത്തവണ രൂപ ആരോപിച്ചത്. തെളിവായി മുതിര്‍ന്ന മൂന്ന് ഐപിഎസ് ഓഫീസര്‍മാര്‍ക്ക് രോഹിണി അയച്ചുനല്‍കിയ ഫോട്ടോകളും സ്‌ക്രീന്‍ഷോട്ടുകളും രൂപ പുറത്തുവിട്ടു. ഇതിന് പിന്നാലെ മാധ്യമങ്ങളെ കണ്ട് രൂപ ആരോപണം ആവര്‍ത്തിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *