ചലച്ചിത്ര അക്കാദമി ചെയര്‍മാനായി രഞ്ജിത്ത് ചുമതലയേറ്റു

തിരുവനന്തപുരം: സംവിധായകനും തിരക്കഥാകൃത്തും നടനും നിര്‍മ്മാതാവുമായ രഞ്ജിത്ത് കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ പുതിയ ചെയര്‍മാനായി ചുമതലയേറ്റു. സംവിധായകന്‍ കമല്‍ കാലാവധി പൂര്‍ത്തിയാക്കിയ സാഹചര്യത്തില്‍ പുതിയ ചെയര്‍മാനെ നിയമിച്ചുകൊണ്ട് ജനുവരി ആറിനാണ് സര്‍ക്കാര്‍ ഉത്തരവിറങ്ങിയത്.

വെള്ളിയാഴ്ച രാവിലെ പതിനൊന്നു മണിയോടെയാണ് ചലച്ചിത്ര അക്കാദമിയുടെ കഴക്കൂട്ടം കിന്‍ഫ്ര ഫിലിം ആന്റ് വീഡിയോ പാര്‍ക്കിലുള്ള ആസ്ഥാന മന്ദിരത്തിലത്തെി രഞ്ജിത്ത് ചുമതലയേറ്റത്. അക്കാദമി സെക്രട്ടറി സി.അജോയ്, വൈസ് ചെയര്‍പേഴ്‌സണ്‍ ബീനാപോള്‍, ട്രഷറര്‍ ആര്‍.ശ്രീലാല്‍, ഡെപ്യുട്ടി ഡയറക്ടര്‍മാരായ എന്‍.പി സജീഷ്, എച്ച്.ഷാജി എന്നിവര്‍ ചേര്‍ന്ന് പുതിയ ചെയര്‍മാനെ സ്വീകരിച്ചു.

ചുമതലയേറ്റതിനുശേഷം സിഫ്ര കോണ്‍ഫറന്‍സ് ഹാളില്‍ രഞ്ജിത്ത് മാധ്യമ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തു. അക്കാദമിയുടെ തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങളില്‍ മാധ്യമങ്ങളുടെ സഹകരണമുണ്ടാവണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. പിന്നീട് നടന്ന സ്റ്റാഫ് മീറ്റിംഗില്‍ ചലച്ചിത്ര അക്കാദമി ജീവനക്കാരുമായി അദ്ദേഹം ചര്‍ച്ച നടത്തി.

1998ല്‍ രൂപീകരിച്ച ചലച്ചിത്ര അക്കാദമിയുടെ ഒമ്പതാമത്തെ ചെയര്‍മാനാണ് രഞ്ജിത്ത്. രാജ്യാന്തര ചലച്ചിത്രമേളയുടെ ഫെസ്റ്റിവല്‍ ഡയറക്ടര്‍ ആയും അക്കാദമി ചെയര്‍മാന്‍ പ്രവര്‍ത്തിക്കും.

Leave a Reply

Your email address will not be published. Required fields are marked *