അവഗണനയുടെ പടിക്കെട്ടുകളില്‍ നിന്ന് അതിജീവനത്തിന്റെ ആകാശത്തേക്ക് പറന്നുയര്‍ന്ന ഫീനിക്‌സ് പക്ഷി; ഡോ. അഞ്ജു ലക്ഷ്മിയുടെ വിജയഗാഥ

വീണുപോയേക്കാവുന്ന തീച്ചൂളയില്‍ നിന്നും പുതിയ ചിറകുകളോടെ ആകാശത്തേക്ക് പറന്നുയരുന്ന ഒരു ഫീനിക്‌സ് പക്ഷിയുണ്ട്—ലക്ഷ്യബോധത്തിന്റെയും അതിജീവനത്തിന്റെയും പ്രതീകമായ പക്ഷി. പ്രയാസങ്ങളും കടുത്ത സൈബര്‍ ആക്രമണങ്ങളും വിധി തീര്‍ത്ത തടസ്സങ്ങളും ഓരോന്നായി വഴിമാറിയപ്പോള്‍, സ്വന്തം വിയര്‍പ്പും അടിയറവ് വെക്കാത്ത ആത്മവിശ്വാസവും കൊണ്ട് ജീവിതം കെട്ടിപ്പടുത്ത അഞ്ജു ലക്ഷ്മി എന്ന മനഃശാസ്ത്രജ്ഞയുടെ ജീവിതവും ആ ഫീനിക്‌സ് പക്ഷിയെപ്പോലെ തന്നെയാണ്. തോറ്റുകൊടുക്കാന്‍ ഒരുപാടു കാരണങ്ങളുണ്ടായിട്ടും, തോല്‍ക്കില്ലെന്ന് ഉറക്കെ പ്രഖ്യാപിച്ച്, ആയിരക്കണക്കിന് മനുഷ്യരുടെ മനസ്സുകളില്‍ സന്തോഷത്തിന്റെ വെളിച്ചം പകര്‍ന്ന്, മാനസികാരോഗ്യ മേഖലയില്‍ സ്വന്തമായൊരു സാമ്രാജ്യം പടുത്തുയര്‍ത്തുകയാണ് അഞ്ജു ലക്ഷ്മി എന്ന സംരംഭക. 

ആലപ്പുഴയുടെ മണ്ണില്‍ നിന്ന് എം.എസ്.ഡബ്ല്യു (MSW) ബിരുദവുമായി ഒരു പ്രൊഫഷണല്‍ സോഷ്യല്‍ വര്‍ക്കറായി ഇറങ്ങിയ കാലം മുതലേ, സഹജീവികളുടെ സങ്കടങ്ങള്‍ക്ക് കാതോര്‍ക്കാന്‍ അഞ്ജു എന്നുമുണ്ടായിരുന്നു. ഒരു സ്‌കൂളില്‍ കൗണ്‍സിലറായി പ്രവര്‍ത്തിച്ചിരുന്ന സമയത്ത് സ്വന്തമായി മുറി പോലും അനുവദിച്ചു നല്‍കിയിരുന്നില്ല. പരിഹാസങ്ങള്‍ക്കിടയില്‍ സ്‌കൂളിലെ പടിക്കെട്ടുകളിലും വിറകുപുരയിലും ഇരുന്നാണ് അവര്‍ വിദ്യാര്‍ത്ഥികളുടെ പ്രശ്‌നങ്ങള്‍ കേട്ടിരുന്നത്. ആവശ്യത്തിന് സൗകര്യങ്ങളില്ലാത്തതിനാല്‍ റിപ്പോര്‍ട്ടുകള്‍ കൃത്യമായി സൂക്ഷിക്കാന്‍ സാധിച്ചില്ലെന്ന പേരില്‍ സഹപ്രവര്‍ത്തകരില്‍ നിന്നും കുട്ടികളില്‍ നിന്നും വലിയ അവഗണനകള്‍ നേരിടേണ്ടി വന്നു. എന്നാല്‍ ഡിഗ്രി പഠനകാലം മുതല്‍ നേരിട്ട കയ്‌പേറിയ അനുഭവങ്ങളാണ് താന്‍ നേരിട്ട തിരിച്ചടികളെ ചെറു ചിരിയോടെ നേരിടാന്‍ അഞ്ജുവിന് കരുത്ത് നല്‍കിയത്.

2010ല്‍ ‘ഓണ്‍ലൈന്‍ കൗണ്‍സിലിംഗ്’ എന്ന സങ്കല്‍പ്പം കേരളീയ സമൂഹത്തില്‍ ഒട്ടും പ്രചാരത്തിലില്ലാതിരുന്ന കാലത്ത്, വലിയ സാമ്പത്തിക റിസ്‌ക് ഏറ്റെടുത്താണ് അഞ്ജു തന്റെ സ്ഥാപനത്തിന് തുടക്കം കുറിച്ചത്. വിദേശത്തുള്ള മലയാളികളെ മാത്രം ലക്ഷ്യമിട്ടായിരുന്നു ആ തുടക്കം. എട്ട് വര്‍ഷത്തോളം പ്രായോഗിക അനുഭവസമ്പത്ത് നേടിയ ശേഷം സൈക്കോളജിയില്‍ ഉന്നത ബിരുദങ്ങള്‍ അഞ്ജു കരസ്ഥമാക്കി.

സ്വന്തമായി ഒരു കൗണ്‍സിലിംഗ് സെന്റര്‍ ആരംഭിക്കുക എന്ന സ്വപ്‌നത്തിലേക്ക് നടന്നടുക്കുമ്പോള്‍, കെട്ടിടം വാടകയ്‌ക്കെടുക്കുന്നതും ഉപകരണങ്ങള്‍ ഒരുക്കുന്നതുമെല്ലാം പ്രതീക്ഷിച്ചതിലും വലിയ സാമ്പത്തിക ബാധ്യതയായി മുന്നില്‍ ഉയര്‍ന്നുനിന്നു. കുടുംബത്തിനും ആദ്യഘട്ടത്തില്‍ ഇതില്‍ ആശങ്കയുണ്ടായിരുന്നു. എന്നാല്‍ മകളുടെ കണ്ണുകളിലെ തീക്ഷ്ണമായ ആഗ്രഹവും നിശ്ചയദാര്‍ഢ്യവും കണ്ട അച്ഛന്‍, കഴിവ് തെളിയിക്കാന്‍ അന്ന് അഞ്ജുവിന് നല്‍കിയത് കേവലം മൂന്ന് മാസത്തെ സമയം മാത്രമാണ്.

അവിടെ നിന്നാണ് അഞ്ജു എന്ന പോരാളിയുടെ യഥാര്‍ത്ഥ കുതിപ്പ് ആരംഭിക്കുന്നത്. അഞ്ച് വര്‍ഷം കൊണ്ട് നേടുമെന്ന് കരുതിയ വിജയങ്ങള്‍, രാപകലില്ലാത്ത അശ്രാന്തപരിശ്രമം കൊണ്ട് കേവലം മൂന്ന് മാസം കൊണ്ട് അവര്‍ സ്വന്തമാക്കി! മകളുടെ ആത്മാര്‍ത്ഥത നേരിട്ടറിഞ്ഞ അച്ഛനും കുടുംബവും പിന്നീട് അവളുടെ വിജയവഴികളിലെ ഏറ്റവും വലിയ ശക്തിയായി മാറി…!

2018ല്‍ എറണാകുളത്ത് ആദ്യത്തെ ഫിസിക്കല്‍ സെന്റര്‍ ആരംഭിച്ചു. സാധാരണ ആശുപത്രികളുടെ തണുപ്പന്‍ അന്തരീക്ഷത്തിന് പകരം, സുരക്ഷിതവും കൂടുതല്‍ സമാധാനവുമുള്ള ഒരിടം ഒരുക്കാന്‍ സാധിച്ചു എന്നത് തന്നെയാണ് സംസൃതയെ മറ്റ് സെന്ററുകളില്‍ നിന്നും വേറിട്ടതാക്കുന്നതും.

അതേവര്‍ഷം കേരളത്തെ വിറപ്പിച്ച മഹാപ്രളയത്തില്‍, ജന്മനാടായ ആലപ്പുഴ കേന്ദ്രീകരിച്ച് സര്‍ക്കാര്‍ സംവിധാനങ്ങളുമായും സന്നദ്ധ സംഘടനകളുമായും ചേര്‍ന്ന് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ അഞ്ജു മുന്‍പന്തിയില്‍ നിന്നു. ദുരിതാശ്വാസ ക്യാമ്പുകള്‍ ഏകോപിപ്പിക്കുന്നതിലും വസ്ത്രങ്ങളും അവശ്യസാധനങ്ങളും എത്തിക്കുന്നതിലും അവര്‍ പരിശ്രമിച്ചു. ഈ സ്വാര്‍ത്ഥരഹിതമായ സേവനമാണ് അഞ്ജുവിനും സ്ഥാപനത്തിനും ജനങ്ങളുടെ മനസ്സില്‍ വലിയൊരു സ്ഥാനം നേടിക്കൊടുത്തത്.

2020ലെ കോവിഡ് കാലത്ത് വലിയ വലിയ ബിസിനസ്സുകള്‍ പോലും തളര്‍ന്നുപോയപ്പോള്‍, ടെലികൗണ്‍സിലിംഗ് രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ വരുത്തിക്കൊണ്ട് അഞ്ജു തന്റെ സേവനം വിപുലമാക്കി. ഡാറ്റ സുരക്ഷിതമായി റെക്കോര്‍ഡ് ചെയ്ത് പ്രൊഫഷണല്‍ ശൈലിയിലേക്ക് അപ്‌ഗ്രേഡ് ചെയ്തു. വ്യക്തിഗത സ്വകാര്യത ഉറപ്പുവരുത്തികൊണ്ട് ആളുകളിലേക്ക് എത്തി. സര്‍ക്കാരുമായും മാധ്യമങ്ങളുമായും കൈകോര്‍ത്ത് നിരവധി ബോധവല്‍ക്കരണ പരിപാടികളും ഫാമിലി സെഷനുകളും സംഘടിപ്പിച്ചു. വലിയ പരസ്യ പ്രചാരണങ്ങളില്ലാതെ തന്നെ ചേര്‍ത്തലയില്‍ രണ്ടാമത്തെ ശാഖയും വിജയകരമായി ആരംഭിക്കാനായി എന്നതും അഞ്ജുവിന്റെ കഠിനധ്വാനത്തിന്റെ ഫലമാണ്.

വളര്‍ച്ചയുടെ പടവുകള്‍ ഒന്നൊന്നായി കയറുമ്പോള്‍, വിധി അഞ്ജുവിന് നേരെ വീണ്ടും കല്ലെറിഞ്ഞു. കൂടെ നിന്നവരില്‍ നിന്നും അടുത്തറിയാവുന്നവരില്‍ നിന്നും അപ്രതീക്ഷിത തിരിച്ചടികളും വഞ്ചനകളും നേരിടേണ്ടി വന്നു. കടുത്ത സൈബര്‍ ആക്രമണങ്ങളും വ്യാജ പ്രചാരണങ്ങളും വ്യക്തിഹത്യയും പ്രൊഫഷണല്‍ തടസ്സങ്ങളും ആസൂത്രിതമായി വന്നുചേര്‍ന്നു. എന്നാല്‍, വീണുപോകാന്‍ അഞ്ജു തയ്യാറല്ലായിരുന്നു. സ്വന്തം ജീവിതം കലുഷിതമായിരിക്കുമ്പോഴും, തന്നെ വിശ്വസിച്ചെത്തിയ ക്ലെയ്ന്റുകളെ ഒരു നിമിഷം പോലും സംസൃത നിരാശരാക്കിയില്ല.

ഈ കഠിനമായ ദിനങ്ങളില്‍ ലഭിച്ച ദൈവീകമായ കരുത്തും സൈബര്‍ ആക്രമണങ്ങളുടെ നാളുകളില്‍ നിയമോപദേഷ്ടാവായി കടന്നുവന്ന് പിന്നീട് മെന്ററായി മാറിയ വ്യക്തി നല്‍കിയ പിന്തുണയും അഞ്ജുവിനെ വീണ്ടും ട്രാക്കിലേക്ക് തിരികെ കൊണ്ടുവന്നു. അദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും പിന്തുണയോടെ കൊച്ചിയുടെ ഹൃദയഭാഗമായ കാക്കനാട് പുതിയൊരു സെന്റര്‍ കൂടി ആരംഭിക്കാന്‍ അഞ്ജുവിന് കഴിഞ്ഞു.

വര്‍ഷങ്ങളുടെ കണ്ണീരിനും കഠിനാധ്വാനത്തിനും അംഗീകാരമായി 2025ല്‍ ഇന്ത്യ നാരീശക്തി അവാര്‍ഡ്  (Nari Shakti Award 2025) അഞ്ജുവിനെ തേടിയെത്തി. തളര്‍ത്താന്‍ നോക്കിയവര്‍ക്കുള്ള ഏറ്റവും വലിയ പ്രൊഫഷണല്‍ മറുപടിയായിരുന്നു ആ പുരസ്‌കാരം. ഇന്ന് അഞ്ജു ലക്ഷ്മിയുടെ സ്വപ്‌നങ്ങള്‍ ‘സംസൃത ഡെസ്റ്റിനേഷന്‍ ഡിറ്റോക്‌സ്’ (Sasmritha Destination Detox) എന്ന ബ്രാന്‍ഡിലൂടെ അടുത്ത തലത്തിലേക്ക് ഉയരുകയാണ്.

ദിനംപ്രതിയുള്ള ജീവിത തിരക്കുകളില്‍ നിന്നും മാറിനിന്ന്, ശാന്തമായ അന്തരീക്ഷത്തില്‍ തങ്ങി താമസിച്ച് മനസ്സിന് പൂര്‍ണമായി ആശ്വാസം നല്‍കുന്ന ഒരു ‘റസിഡെന്‍ഷ്യല്‍ ട്രീറ്റ്‌മെന്റ് സ്‌പേസ്’ ഒരുക്കുക എന്നതാണ് ഇതിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്. ഇതിനോടൊപ്പം വ്യക്തിപരവും പ്രൊഫഷണലുമായ ഏത് മേഖലയിലുള്ളവര്‍ക്കും ഒരു ‘മെന്റല്‍ ഹെല്‍ത്ത് പ്രൊഫഷണല്‍’ എന്ന നിലയില്‍ പൂര്‍ണ പിന്തുണ നല്‍കാനും അഞ്ജു പ്രതിജ്ഞാബദ്ധയാണ്.

ഭൗതികാരോഗ്യത്തിന് നല്‍കുന്ന അതേ പ്രാധാന്യം ഇന്ന് ജനങ്ങള്‍ മാനസികാരോഗ്യത്തിനും നല്‍കുന്നു എന്നത് സന്തോഷകരമായ ഒരു മാറ്റമായി അഞ്ജു കാണുന്നു. അച്ഛനും അമ്മയും നല്‍കിയ തണലില്‍, സഹോദരന്റെയും സഹോദരതുല്യരായ സുഹൃത്തുക്കളുടെയും പിന്തുണയില്‍, മെന്ററുടെ വിശ്വസ്തമായ വഴികാട്ടലില്‍ തനിക്കെതിരെ എറിയപ്പെട്ട കല്ലുകളെയെല്ലാം വിജയത്തിന്റെ പടവുകളാക്കി മാറ്റി മുന്നേറുന്ന ഡോ. അഞ്ജു ലക്ഷ്മി, ജീവിതത്തിലെ പ്രതിസന്ധികളില്‍ വീണുപോകുന്ന ഏതൊരാള്‍ക്കും വഴികാട്ടുന്ന ഒരു യഥാര്‍ത്ഥ ഫീനിക്‌സ് പക്ഷി തന്നെയാണ്.

Dr. Anju Lekshmi. S
Consultant Psychologist
Mob: 9446680249, 8589883232
Instagram : anju_suseelan
[email protected]

Leave a Reply

Your email address will not be published. Required fields are marked *