വ്യാജരേഖ കേസില്‍ മറുനാടന്‍ മലയാളി ഓണ്‍ലൈന്‍ ചാനല്‍ ഉടമയും എഡിറ്ററുമായ ഷാജന് സ്കറിയയെ പൊലീസ് അറസ്റ്റ് ചെയ്തു. തൃക്കാക്കര പൊലീസ് ആണ് ഷാജനെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്. ബിഎസ്എന്‍എല്‍ ബില്‍ വ്യാജമായി നിര്‍മ്മിച്ചു എന്നാണ് പരാതി. നിലമ്പൂരില്‍ ചോദ്യം ചെയ്യല്‍ കഴിഞ്ഞു പുറത്തു ഇറങ്ങിയപ്പോള്‍ ആണ് കസ്റ്റഡിയിലെടുത്തത്. ഷാജന് സ്കറിയയെ കൊച്ചിയില്‍ എത്തിക്കുമെന്നും പൊലീസ് അറിയിച്ചു. ദില്ലിയില്‍ താമസിക്കുന്ന രാധാകൃഷ്ണന് എന്നയാള്‍ മുഖ്യമന്ത്രിയ്ക്ക് ഇ മെയില്‍ വഴി നല്കിയ പരാതിയില്‍ ആണ് നടപടി എടുത്തിരിക്കുന്നത്. അറസ്റ്റ് അന്യായമാണെന്നും പിണറായിസത്തിനെതിരായ പോരാട്ടം തുടരുമെന്നും ഷാജന് സ്കറിയ പ്രതികരിച്ചു.
മതവിദ്വേഷം വളര്‍ത്താന്‍ ശ്രമിച്ചെന്ന കേസില്‍ ഷാജന് സ്കറിയ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ഹൈക്കോടതി ഇന്നലെ നിര്‍ദ്ദേശിച്ചിരുന്നു. രാവിലെ നിലമ്പൂര്‍ എസ്എച്ച്ഒയ്ക്ക് മുന്നില്‍ ഹാജരാകണം എന്നാണ് കോടതി നിര്‍ദ്ദേശിച്ചിരുന്നത്. വീഴ്ച വരുത്തിയാല്‍ മുന്‍കൂര്‍ ജാമ്യം റദ്ദാക്കുമെന്നും ഹൈക്കോടതി അറിയിച്ചിരുന്നു. ഈ മാസം 17 ന് ഹാജരാകാന്‍ ആയിരുന്നു ഷാജന് സ്കറിയയോട് കോടതി നേരത്തെ ആവശ്യപ്പെട്ടത്.കേസിലെ ചോദ്യം ചെയ്യലിന് ഹാജരാകാത്തതിനെ കോടതി നേരത്തെയും വിമര്‍ശിച്ചിരുന്നു. ഹര്ജിക്കാരന് കോടതിയോട് ബഹുമാനമില്ലെന്നും നിരുത്തരവാദപരമായ പെരുമാറ്റമാണ് ഷാജന് സ്കറിയയുടേതെന്നുമായിരുന്നു ജസ്റ്റിസ് കെ ബാബു നേരത്തെ വിമര്‍ശിച്ചത്. മതവിദ്വേഷം ഉണ്ടാക്കാന്‍ ശ്രമിച്ചെന്ന കേസില്‍ ഷാജന് ചോദ്യം ചെയ്യലിന് ഹാജരാകാനുള്ള നിര്‍ദ്ദേശത്തോടെയാണ് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയത്. എന്നാല്‍ അമ്മയുടെ അസുഖം മൂലം ഹാജരാകാന്‍ കഴിയില്ലെന്നും മറ്റൊരു ദിവസം അനുവദിക്കണമെന്നുമായിരുന്നു ഹര്‍ജിയില്‍ ഷാജന് ആവശ്യപ്പെട്ടത്.
ഷാജന് സ്കറിയ പൊലീസിന്റെ വയര്‍ലെസ് സന്ദേശങ്ങള്‍ ചോര്‍ത്തിയെന്നാരോപിച്ച് പി വി അന്‍വറും ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. സംസ്ഥാനത്ത് വിവിധ ഇടങ്ങളിലായി 15 ലധികം കേസുകള്‍ ഷാജന് സ്കറിയക്ക് എതിരെയുണ്ട്.
