വെഞ്ഞാറമൂട് കൂട്ടക്കൊലയ്ക്കുള്ള കാരണം സാമ്പത്തിക പ്രതിസന്ധി തന്നെയാകാമെന്ന നിഗമനത്തിൽ പോലീസ്. അഫാൻ ആഡംബര ജീവിതമാണ് നയിച്ചിരുന്നത്. എന്നാൽ കുടുംബത്തിന് സാമ്പത്തിക പ്രതിസന്ധി ഉണ്ടായിരുന്നു. ഇതോടെ അഫാന്റെ ആവശ്യങ്ങൾക്ക് പണം ലഭിക്കാതെയായി. മാത്രമല്ല കടത്തിന്റെ പേരിൽ ബന്ധുക്കൾ പരിഹസിച്ചതും വൈരാഗ്യമായി. വീട്ടുകാർ പ്രണയത്തെ എതിർത്തതും കൊലക്ക് കാരണമായെന്നാണ് വിലയിരുത്തപ്പെടുന്നത്.സൗദിയിൽ ബിസിനസ് ചെയ്യുകയാണ് അഫാന്റെ പിതാവ്. ബിസിനസ് തകർന്നതിനെ തുടർന്ന അദ്ദേഹത്തിന് നാട്ടിൽ വരാൻ സാധിച്ചിട്ടില്ല. പലരോടും അഫാന്റെ കുടുംബം കടം വാങ്ങിയിരുന്നു. തിരികെ പണം കൊടുക്കാതിരുന്നതോടെ കടം കൊടുത്തവർ കുറ്റപ്പെടുത്തിയിരുന്നു. ഇത് അഫാന്റെ ഉള്ളിൽ വൈരാഗ്യവും ദേഷ്യവും വളർത്തി.
ആഡംബര ബൈക്കുകളോട് താത്പര്യമുള്ളയായിരുന്നു അഫാൻ. കടുത്ത സാമ്പത്തിക പ്രതിസന്ധിയ്ക്കിടയിലും ആറ് മാസം മുൻപ് അഫാൻ പുതിയ ബൈക്ക് സ്വന്തമാക്കി. എന്നാൽ ഇതിന് എണ്ണയടിക്കാൻ പോലും അഫാന്റെ കൈയ്യിൽ കാശുണ്ടായിരുന്നില്ല. ജോലിയും സാമ്പത്തിക ഭദ്രതയും ഇല്ലാതെ ഫർസാനയെ വിവാഹം കഴിക്കാൻ സാധിക്കില്ലെന്ന് വീട്ടുകാർ നിലപാടെടുത്തതും കുടുംബക്കാരോടുള്ള വൈരാഗ്യം കൂടാൻ കാരണമായി. കൊലപാതകത്തിന് മുൻപ് അമ്മയോട് അഫാൻ 2000 രൂപ കടം ചോദിച്ചിരുന്നു. എന്നാൽ പണം ഇല്ലെന്ന് അമ്മ പറഞ്ഞു. ഇത് ദേഷ്യമായി, ഇതോടെ കഴുത്തിൽ ഷാൾ കുരിക്കി, ബോധം പോയപ്പോൾ മരിച്ചെന്ന് കരുതി ചുറ്റിക കൊണ്ട് തലക്ക് അടിച്ചു. ഇവിടെ നിന്ന് വല്ല്യുമ്മയുടെ സ്വർണ മാല തരപ്പെടുത്താനാണ് പാങ്ങോടേക്ക് പോയത്. എന്നാൽ വല്ല്യുമ്മയും ആവശ്യം തള്ളി. ഇതോടെ അവരേയും കൊലപ്പെടുത്തി. പിതൃസഹോദരനേയും ഭാര്യയേയും കൊന്നതിന്റെ കാരണം വ്യക്തമല്ല. ഇവരുമായി മറ്റെന്തെങ്കിലും പ്രശ്നം അഫാന് ഉണ്ടായിരുന്നോവെന്നും പോലീസ് അന്വേഷിക്കുകയാണ്.
അതേസമയം അഫാന്റെ മനോനിലയ്ക്ക് തകരാറുണ്ടോയെന്ന കാര്യം പോലീസ് പരിശോധിക്കുന്നുണ്ട്. കൊല നടത്തിയതിൽ യാതൊരു കുറ്റബോധവും ഇതുവരെ അഫാൻ പ്രകടിപ്പിച്ചിട്ടില്ല. പോലീസ് സ്റ്റേഷനിൽ എത്തിയപ്പോഴും പറഞ്ഞത് താൻ അഞ്ച് പേരെ തീർത്തിട്ടുണ്ടെന്നാണ്. ഈ രീതി അത്ര പരിചിതമല്ലെന്നാണ് മുതിർന്ന പോലീസ് ഉദ്യോഗസ്ഥരും സമ്മതിക്കുന്നത്. ഇയാൾ ലഹരി ഉപയോഗിച്ചിരുന്നോയെന്ന കാര്യവും പോലീസ് വിശദമായി പരിശോധിക്കും. അഫാനെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്താൽ മാത്രമേ കൊലപാതകത്തിന്റെ കാരണം സംബന്ധിച്ച് വ്യക്തമായ ഉത്തരം ലഭിക്കൂ. അതേസമയം പരിക്കേറ്റ് ഗോകുലം മെഡിക്കൽ കോളേജിൽ കഴിയുന്ന അഫാൻറെ ഉമ്മ ഷെമിയുടെ ആരോഗ്യ നിലയിൽ പുരോഗതിയുണ്ടെന്ന് പോലീസ് അറിയിച്ചു. ഇവരുടെ മൊഴിയും കേസിൽ നിർണായകമാണ്.
