ബംഗലൂരു: തെരെഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കർണാടകയിലെ ബിജെപി പ്രവർത്തകരെ അഭിസംബോധന ചെയ്ത് മോദി. വിർച്വൽ റാലിയിലൂടെ പ്രവർത്തകരെ അഭിസംബോധന ചെയ്ത മോദി കർണാടകത്തിൽ ബിജെപി റെക്കോഡ് ഭൂരിപക്ഷം നേടി അധികാരത്തിൽ വരുമെന്നും പറഞ്ഞു. ഇനിയുള്ള 14 ദിവസം വീട് വീടാന്തരം കയറിയിറങ്ങി പ്രചാരണം സജീവമാക്കണമെന്നും പ്രവർത്തകരോട് മോദി നിർദേശിച്ചു.
കർണാടകത്തിലെ ഭരണനേട്ടങ്ങളും മോദി വ്യക്തമാക്കി, കോൺഗ്രസ് അഴിമതിയുടെ കൂടാരമാണെന്നും ആരോപിച്ചു. 50 ലക്ഷം ബിജെപി പ്രവർത്തകരുമായിട്ടാണ് വിർച്വൽ റാലിയിലൂടെ മോദി സംസാരിച്ചത്. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ, മുതിർന്ന നേതാവ് ബി എസ് യെദിയൂരപ്പ എന്നിവർ ഹുബ്ബള്ളിയിലും, ബിജെപി സംസ്ഥാനാധ്യക്ഷൻ നളിൻ കട്ടീൽ ബെംഗളുരുവിലെ ബിജെപി ആസ്ഥാനത്ത് നിന്നും വിർച്വൽ റാലിയിൽ മോദിയുടെ അഭിസംബോധന കേട്ടു. വൊക്കലിഗ, ലിംഗായത്ത് ശക്തികേന്ദ്രങ്ങളിൽ ഹിന്ദുത്വ അജണ്ട മുന്നോട്ട് വച്ച് യോഗി ആദിത്യനാഥിനെ ഇറക്കി പ്രചാരണം സജീവമാക്കുകയാണ് ബിജെപി.
