കോന്നിയിൽ എൽഡിഎഫിനാകും മുൻതൂക്കമെന്ന് മനോരമന്യൂസ് സർവേ ഫലം: യുഡിഎഫ് ക്യാമ്പിൽ അങ്കലാപ്പ്

കോന്നി: ഇത്തവണയും കോന്നി എൽഡിഎഫിന് അനുകൂലമെന്ന് മനോരമന്യൂസ് സർവേ. മണ്ഡലാടിസ്ഥാനത്തിൽ നടത്തിയ സർവേ ഫലത്തിലാണ് എൽഡിഎഫ് സ്ഥാനാർത്ഥി അഡ്വ. കെ.യു ജനീഷ് കുമാറിന് വ്യക്തമായ വിജയം പ്രവചിക്കുന്നത്. തിരഞ്ഞെടുപ്പിന് മുമ്പ് വന്ന അഭിപ്രായ സർവെയിലും അടിതെറ്റിയ യുഡിഎഫ് ക്യാമ്പ് ഇതോടെ അങ്കലാപ്പിലായി. കോന്നിയിൽ യുഡിഎഫിന് കാര്യമായ മത്സരം കാഴ്ച്ചവെക്കാൻ പോലും സാധിക്കില്ലെന്നും സർവെയിൽ പറയുന്നു. രണ്ടാം അങ്കത്തിനിറങ്ങിയ ജനീഷ് കുമാറിന് അനുകൂലമാണ് കോന്നിയിലെ സ്ഥിതിയെന്ന റിപ്പോർട്ട് സർവ്വെയിലൂടെ പുറത്തുവന്നതോടെ യുഡിഎഫിൽ പ്രതിസന്ധിയും രൂക്ഷമായി. മനോരമ ന്യൂസ് നടത്തിയ സർവെയിൽ പങ്കെടുത്തവരിൽ 94.67 ശതമാനം പേർ ഉപതിരഞ്ഞെടുപ്പിലൂടെ വിജയിച്ച അഡ്വ. കെ.യു ജനീഷ് കുമാറിന്റെ പ്രവർത്തനത്തിൽ സംതൃപ്തി രേഖപ്പെടുത്തി. മണ്ഡലത്തിൽ 16 മാസക്കാലം ജനീഷ് കുമാർ നടത്തിയ ഇടപെടീലും വികസന പ്രവർത്തനങ്ങളും ജനങ്ങൾ അംഗീകരിച്ച കാഴ്ച്ചയാണ് കാണാൻ കഴിഞ്ഞത്.

കഴിഞ്ഞ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിയെ പരാജയപ്പെടുത്താൻ നേതൃത്വം നൽകിയയാളെ സ്ഥാനാർത്ഥിയാക്കിയാൽ തിരിച്ചടിയുണ്ടാകുമെന്ന് നേരത്തേ പ്രാദേശിക ഘടകം സൂചന നൽകിയിരുന്നു. എന്നാൽ ഇക്കാര്യം ചെവിക്കൊള്ളാതിരുന്ന നേതൃത്വത്തിന്റെ നിലപാടാണ് കോന്നിയിൽ കോൺഗ്രസിന് തിരിച്ചടിയായി മാറിയതെന്ന് ഒരു വിഭാഗമാളുകൾ പറയുന്നു. യുഡിഎഫ് സ്ഥാനാർത്ഥി തിരഞ്ഞെടുപ്പ് പ്രചരണം നടത്തുന്നതിനിടയിലായിരുന്നു കഴിഞ്ഞ ദിവസം കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി അഡ്വ. അലക്‌സാണ്ടർ മാത്യു സിപിഎമ്മിൽ ചേർന്നത്. സ്ഥാനാർത്ഥി നിർണയത്തിലെ അതൃപ്തിയായിരുന്നു രാജിക്ക് കാരണം. വരും ദിസവങ്ങളിൽ നിരവധി കോൺഗ്രസ് പ്രവർത്തകർ പാർട്ടി വിട്ടുവരുമെന്നാണ് അദ്ദേഹം പറയുന്നത്.

കഴിഞ്ഞ ദിവസങ്ങളിൽ പരാജയ ഭീതിയെ തുടർന്ന് ആറ്റിങ്ങൽ എംപിയുടെ നേതൃത്വത്തിൽ എൽഡിഎപ് സ്ഥാനാർത്ഥി കെ.യു ജനീഷ് കുമാറിനെ ആക്ഷേപിക്കുന്ന നിലയിലുള്ള പ്രവർത്തനങ്ങളും നടത്തിയിരുന്നു. എന്നാൽ ഇതെല്ലാം ജനം തള്ളിക്കളയുമെന്ന് തെളിയിക്കുന്നതാണ് ഇപ്പോൾ പുറത്തുവന്ന സർവെ ഫലം.ജനീഷ് കുമാർ നടത്തിയ വികസന പ്രവർത്തനങ്ങൾ നേരിട്ട് ബോധ്യമുള്ള ജനങ്ങൾക്ക് മുമ്പിൽ ഇത്തരം ആക്ഷേപങ്ങൾ നിരത്തുക വഴി യുഡിഎഫ് ഒറ്റപ്പെടുകയായിരുന്നു.

മനോരമ സർവേ ഫലം കൂടി പുറത്തുവന്നതോടെ നിഷ്പക്ഷ ജനവിഭാഗങ്ങളും ഇടതിനൊപ്പം അണിനിരക്കും. യുഡിഎഫിലെ അസംതൃപ്തരും എൽഡിഎഫിന് അനുകൂലമാല തീരുമാനമെടുക്കുമെന്നാണ് വിലയിരുത്തൽ.നിലവിലെ സാഹചര്യത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി വലിയ വോട്ടുവ്യത്യാസത്തിൽ പരാജയപ്പെട്ടേക്കാമെന്നാണ് കോന്നിയിലെ ഒരു വിഭാഗം കോൺഗ്രസ് പ്രവർത്തകർ പറയുന്നത്. ഇത് ശരിവെക്കുന്നതാണ് ഇപ്പോൾ പുറത്തുവന്ന സർവെ ഫലം.

Leave a Reply

Your email address will not be published. Required fields are marked *