കാര്യങ്ങൾ കൈവിട്ട് പോയാൽ പണി കിട്ടും, കെ സുധാകരന് പൊലീസിന്റെ അസാധാരണ നോട്ടീസ്

കണ്ണൂർ: കോൺഗ്രസ് അധ്യക്ഷൻ കെ സുധാകരന് പൊലീസിന്റെ ശക്തമായ മുന്നറിയിപ്പ്.
കണ്ണൂർ കലക്ടറേറ്റിൽ നടക്കുന്ന മാർച്ചിൽ പൊലീസിനെതിരെ ആക്രമണമുണ്ടായാൽ ശക്തമായ നടപടി നേരിടേണ്ടിവരുമെന്നാണ് സുധാകരന് നൽകിയ നോട്ടീസിലൂടെ പൊലീസ് വ്യക്തമാക്കിയത്. കണ്ണൂർ സിറ്റി അസിസ്റ്റന്റ് കമ്മിഷണറാണു വെള്ളിയാഴ്ച രാവിലെ സുധാകരന് അസാധാരണമായ കത്തു നൽകിയത്.

കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്യുന്നത് കെപിസിസി പ്രസിഡന്റാണ്. മാർച്ചിനിടെ പൊലീസിനു നേരെയും കലക്ടറേറ്റ് വളപ്പിലേക്കും കല്ലേറും കുപ്പിയേറും ഉണ്ടാകാൻ സാധ്യതയുണ്ട്. ഇത്തരം സംഭവങ്ങളുണ്ടാകാതിരിക്കാൻ മുൻകരുതൽ സ്വീകരിക്കണമെന്നും പൊലീസ് നിർദേശിച്ചിട്ടുണ്ട്. അക്രമം തടയാതിരുന്നാൽ ഉദ്ഘാടകൻ എന്ന നിലയിൽ സുധാകരനെതിരെ നിയമനടപടിയുണ്ടാകും.

പ്രതിഷേധ റാലിക്കു മുന്നോടിയായി ഇത്തരത്തിൽ നോട്ടിസ് നൽകുന്നതു പൊലീസിന്റെ അസാധാരണ നടപടിയാണ്. സ്വർണക്കടത്തു കേസിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷ കക്ഷികൾ സംസ്ഥാനത്താകെ പ്രതിഷേധങ്ങൾ നടത്തുന്നുണ്ട്. അതിന്റെ ഭാഗമാണ് കണ്ണൂരിലെ കലക്ടറേറ്റ് മാര്‍ച്ച്.

Leave a Reply

Your email address will not be published. Required fields are marked *