കാണാന്‍ നല്ല സൗന്ദര്യമുണ്ട്, പക്ഷെ വായില്‍നിന്ന് പുറത്തുവരുന്നത് ഭരണിപ്പാട്ടിനേക്കാള്‍ ഭയാനകം; ആര്യ രാജേന്ദ്രനെതിരെ വിവാദ പരാമര്‍ശവുമായി മുരളീധരന്‍

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷന്‍ മേയര്‍ ആര്യ രാജേന്ദ്രനെതിരെ വിവാദ പരാമര്‍ശവുമായി കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ എംപി. കാണാന്‍ നല്ല സൗന്ദര്യമുണ്ട്. പക്ഷെ വായില്‍നിന്ന് പുറത്തുവരുന്നത് കൊടുങ്ങല്ലൂര്‍ ഭരണിപ്പാട്ടിനേക്കാള്‍ ഭയാനകമായ ചില വര്‍ത്തമാനങ്ങളാണെന്ന് മുരളീധരന്‍ പറഞ്ഞു. എംപി പത്മനാഭനെ പോലുള്ളവര്‍ ഇരുന്ന മേയര്‍ കസേരയിലാണ് ആര്യ രാജേന്ദ്രന്‍ ഇരിക്കുന്നത്. അതുകൊണ്ട് അവരോട് ഒരു കാര്യം ഞാന്‍ വിനയപൂര്‍വം പറയാം.

ദയവായി അരക്കള്ളന്‍ മുക്കാല്‍ക്കള്ളനിലെ കനകസിംഹാസനത്തില്‍ എന്ന പാട്ട് ഞങ്ങളെ കൊണ്ട് പാടിക്കരുത്. കാണാന്‍ നല്ല സൗന്ദര്യമൊക്കെയുണ്ട് ശരിയാ. പക്ഷെ വായില്‍നിന്ന് വരുന്നത് കൊടുങ്ങല്ലൂര്‍ ഭരണിപ്പാട്ടിനേക്കാള്‍ ഭയാനകമായ ചില വര്‍ത്തമാനങ്ങളാണ്. ഇതൊക്കെ ഒറ്റ മഴയത്തു മാത്രം കിളുത്തതാണ്. മഴയുടേത് കഴിയുമ്പോഴേക്കും സംഭവം തീരും. ഇങ്ങനെ ഉള്ള ഒരുപാടു പേരെ കണ്ടിട്ടുള്ള നഗരസഭയാണ് ഇതെന്നും മുരളീധരന്‍ പറഞ്ഞു.

കോര്‍പറേഷനിലെ കൗണ്‍സിലര്‍മാര്‍ സമരം നടത്തുന്നതും അതിനോട് അനുബന്ധിച്ചുള്ള സമരങ്ങളും മുഖ്യമന്ത്രി എന്നും കാണുന്നുണ്ട്. പക്ഷെ അദ്ദേഹം ഒരു വാക്കു പറയാന്‍ ഇതുവരെ തയാറായിട്ടില്ല. കാരണം മൂപ്പരുടെ സര്‍ക്കാര്‍ കക്കുന്നതിന്റെ മൂന്നിലൊന്നാണല്ലോ ഇവിടെ കക്കുന്നത്. അതുകൊണ്ടു തന്നെ മുഴുക്കള്ളന് കാല്‍ക്കള്ളനെ കുറ്റം പറയാന്‍ നിവൃത്തിയില്ല എന്നു പറഞ്ഞതു പോലെയാണ് ഗവണ്‍മെന്റ് ഇക്കാര്യത്തില്‍ വായ തുറക്കാത്തത്. മൂപ്പര് പിന്നെ സില്‍വര്‍ ലൈനുണ്ടാക്കാന്‍ നോക്കുകയാണ്. അതില്‍ എത്രകോടി അടിച്ചുമാറ്റാം എന്നാണ് മൂപ്പര് നോക്കുന്നതെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *