കോതമംഗലം : അച്ഛൻ ആത്മഹത്യ ചെയ്ത, അമ്മ മാനസിക രോഗിയായ സെറിബ്രൽ പാൽസി ബാധിതനായ പതിനൊന്നുകാരനെ കോതമംഗലം പീസ് വാലി ഏറ്റെടുത്തു.
ആലപ്പുഴ പുറക്കാട് ഗ്രാമ പഞ്ചായത്ത് പതിനാറാം വാർഡ് കിഴക്കേടത്ത് സന്തോഷ്, ശ്രീവല്ലി ദമ്പതികളുടെ ഇളയ മകനാണ് യദു കൃഷ്ണൻ. അഞ്ച് മാസം മുൻപ് സന്തോഷ് ആത്മഹത്യ ചെയ്തതോടെയാണ് ഈ കുടുംബത്തിന്റെ താളം തെറ്റിയത്.

ഭർത്താവിന്റ ആത്മഹത്യ ശ്രീവല്ലിയെ മാനസികമായി തളർത്തി. മാനസിക വിഭ്രാന്തിയുള്ള ശ്രീവല്ലിയുടെ സംരക്ഷണത്തിലും വീട്ടുകാരും മൂത്ത രണ്ടു മക്കൾ സന്തോഷിന്റെ അമ്മയായ പുഷ്പവല്ലിയുടെയും സഹോദരിയായ അമ്പിളിയുടെയും സംരക്ഷണത്തിലുമാണ് ഇപ്പോൾ. സന്തോഷിന്റെ വീടിന് കേടുപാടുകൾ സംഭവിച്ചതിനാൽ പുറക്കാട് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ലൈഫ് മിഷനിൽ ഉൾപ്പെടുത്തി ഭവന നിർമ്മാണം നടന്നുകൊണ്ടിരിക്കുകയാണ്.

പരിമിതമായ ജീവിത സാഹചര്യങ്ങൾ ഉള്ള ഇരുകുടുംബങ്ങൾക്കും പ്രഥമിക കാര്യങ്ങൾക്ക് പോലും പരസഹായം ആവശ്യമുള്ള യദുകൃഷ്ണന്റെ സംരക്ഷണം വെല്ലുവിളിയായി. പുറക്കാട് ഗ്രാമ പഞ്ചായത്തിലെ കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ കാവ്യ രാഹുൽ ആണ് ഈ കുഞ്ഞിന്റെ നിസ്സഹായവസ്‌ഥ പീസ് വാലിയെ അറിയിക്കുന്നത്. ശിശു ക്ഷേമ സമിതിയുടെ ഉത്തരവ് അടക്കമുള്ള നിയമപരമായ മേൽനടപടികൾ സ്വീകരിച്ച് പുറക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിനു സമീപമുള്ള വീട്ടിൽ എത്തിയ പീസ് വാലി ഭാരവാഹികൾ യദുകൃഷ്ണനെ ഏറ്റെടുക്കുകയായിരുന്നു. കോതമംഗലം പീസ് വാലിക്ക് കീഴിൽ ഭിന്നശേഷിക്കാരായ കുട്ടികൾക്കുള്ള ഫിറ്റ് ഫസിലിറ്റി സെന്ററിലാണ് യദുകൃഷ്ണനെ പ്രവേശിപ്പിച്ചത്.

 
                                            