പ്രിയങ്ക ​ഗാന്ധി ജയിച്ചാല്‍ വയനാടിനെ ഉപേക്ഷിക്കില്ലെന്ന് എന്താണ് ഉറപ്പ് : സത്യന്‍ മൊകേരി

ലക്കിടിയില്‍നിന്ന് ശനിയാഴ്ച പ്രചാരണം തുടങ്ങുമെന്ന് വയനാട്ടിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥി സത്യന്‍ മൊകേരി. വയനാടിന് മതേതര മനസ്സാണ്. വയനാട്ടിലെ പ്രശ്‌നങ്ങള്‍ ഉയര്‍ത്തി പ്രചാരണം നടത്തുമെന്നും സത്യന്‍ മൊകേരി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. പ്രിയങ്ക ഗാന്ധി എന്തുകൊണ്ട് ബി.ജെ.പി, വര്‍ഗീയ ശക്തികേന്ദ്രങ്ങളില്‍ മത്സരിക്കുന്നില്ല?മതേതര മനസുള്ള കേരളത്തില്‍ വന്നാണോ മത്സരിക്കേണ്ടതെന്നും സത്യന്‍ മൊകേരി ചോദിച്ചു.

രാഹുല്‍ ഉത്തരേന്ത്യയില്‍നിന്ന്‌ ഒളിച്ചോടി വയനാട് വന്നു മത്സരിച്ചു. ഇപ്പോള്‍ പ്രിയങ്കയും ഉത്തരേന്ത്യയില്‍നിന്ന്‌ ഒളിച്ചോടുന്നു. പ്രാദേശിക വിഷങ്ങള്‍ ഉന്നയിക്കാനാണ് ജനങ്ങള്‍ ജനപ്രതിനിധികളെ തെരെഞ്ഞെടുക്കുന്നത്. പ്രാദേശിക വിഷയങ്ങള്‍ അറിയാത്തവര്‍ക്ക് എന്ത് ചെയ്യാനാകും. പ്രിയങ്ക ജയിച്ചാല്‍ മണ്ഡലത്തിലുണ്ടാകുമെന്ന് എന്താണ് ഉറപ്പ്?.

രാഹുല്‍ വയനാട്ടില്‍ ഉണ്ടായിരുന്നില്ലല്ലോ, പ്രിയങ്ക ജയിച്ചാല്‍ വയനാടിനെ ഉപേക്ഷിക്കില്ലെന്ന് എന്താണ് ഉറപ്പ് തുടങ്ങിയ ചോദ്യങ്ങളും അദ്ദേഹം ഉന്നയിച്ചു. പ്രിയങ്കയെ സാധാരണക്കാര്‍ക്ക് കാണാന്‍ പറ്റുമോ? 2014 -ല്‍ 20,000 വോട്ടിനു മാത്രമാണ് തോറ്റത്, ആ അടിത്തറ ഇടതുപക്ഷത്തിന് വയനാട്ടിലുണ്ട്. കോണ്‍ഗ്രസ് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു. പ്രിയങ്കക്ക് ഇന്ദിര ഗാന്ധിയോളം ജനസ്വീകാര്യതയുണ്ടോയെന്നും ഇന്ദിരയും രാഹുലും തോറ്റിട്ടില്ലേയെന്നും സത്യന്‍ മൊകേരി ചോദിച്ചു.

തിരഞ്ഞടുപ്പ് പ്രചാരണങ്ങള്‍ക്കായി പ്രിയങ്കാ ഗാന്ധി അടുത്തയാഴ്ച മണ്ഡലത്തില്‍ എത്തുമെന്ന പ്രതീക്ഷയിലാണ് വയനാട്ടിലെ യുഡിഎഫ് ക്യാമ്പ്. 22നോ 23നോ മണ്ഡലത്തിലെത്തുന്ന പ്രിയങ്ക 25ന് മുമ്പ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. കന്നിയങ്കത്തിനെത്തുന്ന പ്രിയങ്കയ്‌ക്കൊപ്പം രാഹുല്‍ ഗാന്ധിയും മറ്റു കുടുംബാംഗങ്ങളുമുണ്ടാകും. പരമാവധി വോട്ടര്‍മാരെ നേരിട്ട് കണ്ട് വോട്ടഭ്യര്‍ത്ഥിക്കാന്‍ സാധിക്കുന്ന രീതിയിലാണ് പ്രിയങ്കഗാന്ധിയുടെ പ്രചാരണ പരിപാടികള്‍ തയ്യാറാക്കുന്നത്.

തുടക്കത്തില്‍ ഏഴ് ദിവസം വയനാട്ടിലെ പ്രചാരണപരിപാടികള്‍ക്കായി പ്രിയങ്കാഗാന്ധി മാറ്റിവെക്കുമെന്നാണ് സൂചന. രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിച്ച രണ്ട് തവണയും പ്രചാരണത്തിനായി അധിക സമയം വയനാട്ടില്‍ ചെലവഴിക്കാന്‍ സാധിച്ചിട്ടില്ലെങ്കിലും പ്രിയങ്ക സ്ഥാനാര്‍ത്ഥിയായി എത്തുമ്പോള്‍ ഈ സാഹചര്യത്തില്‍ മാറ്റം വരുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ. സി വേണുഗോപാല്‍ തന്നെ വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *