ഉമ്മന്‍കോശി ലുക്കില്‍ ഞെട്ടിച്ച് വിനയ് ഫോര്‍ട്ട്; ഫോട്ടോ വൈറല്‍

ഋതു’ എന്ന സിനിമയിലൂടെ എത്തി മലയാളികളുടെ ഇഷ്ടം നേടിയെടുത്ത നടനാണ് വിനയ് ഫോര്‍ട്ട്. പിന്നീട് ഒട്ടനവധി സിനിമകളില്‍ നായകനായും വില്ലനായും സഹതാരമായും എല്ലാം വിനയ് ബിഗ് സ്‌ക്രീനില്‍ തിളങ്ങി. നിലവില്‍ നിവിന്‍ പോളി നായകനാകുന്ന ‘രാമചന്ദ്ര ബോസ് & കോ’ എന്ന ചിത്രമാണ് നടന്റേതായി റിലീസിന് ഒരുങ്ങുന്നത്. ഈ വേളയില്‍ വിനയ് ഫോര്‍ട്ടിന്റെ ഒരു ലുക്കാണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരിക്കുന്നത്.

ചാര്‍ളി ചാപ്ലിന്‍ ലുക്കില്‍ മീശയും ചുരുണ്ട മുടിയും കൂളിംഗ് ഗ്ലാസും വച്ച് സ്‌റ്റൈലന്‍ ലുക്കിലാണ് വിനയ് ഫോര്‍ട്ട് സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടത്. ‘രാമചന്ദ്ര ബോസ് & കോ’യുടെ പ്രസ് മീറ്റില്‍ എത്തിയതായിരുന്നു വിനയ്. ഫോട്ടോ പുറത്തുവന്നതിന് പിന്നാലെ സിനിമാതാരങ്ങള്‍ ഉള്‍പ്പടെ ഉള്ളവര്‍ കമന്റുകളുമായി രംഗത്തെത്തിയിരിക്കുകയാണ്.

ജഗതിയുടെ ‘ഉമ്മന്‍ കോശി’ എന്ന കഥാപാത്രവുമായാണ് പലരും വിനയ് ഫോര്‍ട്ടിന്റെ ലുക്കിന്റെ താരതമ്യം ചെയ്തിരിക്കുന്നത്. ജയറാം നായകനായി എത്തിയ ‘സിഐഡി ഉണ്ണികൃഷ്ണന്‍ ബി എ, ബി എഡ്’ എന്ന ചിത്രത്തിലെ കഥാപാത്രം ആണ് ഉമ്മന്‍ കോശി. ‘അത് ഇഷ്ടപ്പെട്ടു ഉമ്മന്‍ കോശി’, എന്നാണ് അജു വര്‍ഗീസ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

ഇപ്പോഴത്തെ പുള്ളാരുടെ ഓരോരോ പാഷനെ, ബോസ് ആന്‍ഡ് കോ സിനിമക്ക് ഇതിലും വലിയ പ്രൊമോഷന്‍ കിട്ടാന്‍ ഇല്ല, ഇതിനപ്പുറത്തുള്ള പ്രൊമോഷന്‍ സ്വപ്നങ്ങളില്‍ മാത്രം’, എന്നിങ്ങനെ പോകുന്നു കമന്റുകള്‍. അടുത്ത ട്രോളിനുള്ള വകയായി, മീം ചെയ്യാനുള്ളതായി തുടങ്ങിയ കമന്റുകളും വരുന്നുണ്ട്. ദിലീപ് നായകനായി എത്തിയ ഈ പറക്കും തളിക എന്ന സിനിമയിലെ ഒരു രംഗവുമായും വിനയ് ഫോര്‍ട്ടിന്റെ ലുക്കിനെ തരതമ്യം ചെയ്യുന്നവരുണ്ട്. മിന്നാരത്തിലെ കുതിരവട്ടം പപ്പുവിന്റെ ലുക്കും ഇക്കൂട്ടത്തില്‍ ഉണ്ട്.

അതേസമയം, തന്റെ പുതിയ ലുക്കിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി വിനയ് ഫോര്‍ട്ട് തന്നെ രംഗത്തെത്തി. ‘ഇതെന്റെ അടുത്ത പടത്തിന്റെ ഒരു ലുക്കാണ്. അപ്പന്‍ സിനിമയുടെ സംവിധായകന്‍ മജുവിന്റേതാണ് ചിത്രം. ആ സിനിമയില്‍ ഞാന്‍ അഭിനയിച്ച് കൊണ്ടിരിക്കയാണ്. വളരെ ഇന്‍ട്രസ്റ്റിംഗ് ആയിട്ടുള്ള സിനിമയും കഥാപാത്രവും ആണത്. അതുകൊണ്ട് ഈ കോലം ഞാന്‍ അങ്ങ് സഹിക്കുകയാണ്.സെപ്റ്റംബര്‍ പകുതിവരെ ഈ കോലത്തില്‍ തന്നെ ഞാന്‍ നടക്കേണ്ടി വരും’, എന്നാണ് വിനയ് ഫോര്‍ട്ട് പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *