മാത്യു കുഴല്‍നാടന്‍ എംഎല്‍എ ഇടുക്കി ഉടുമ്പന്‍ചോലയില്‍ കെട്ടിടം വാങ്ങിയതില്‍ പ്രാഥമിക അന്വേഷണം നടത്താന്‍ വിജിലന്‍സിന് സര്‍ക്കാര്‍ അനുമതി നല്‍കി. ആഭ്യന്തര അഡീഷണല്‍ സെക്രട്ടറിയാണ് വിജിലന്‍സ് ഡയറക്ടര്‍ക്ക് അനുമതി നല്‍കിയത്. ചിന്നക്കനാല്‍ വില്ലേജില്‍ 1.14 ഏക്കര്‍ സ്ഥലവും കെട്ടിടവും വില്‍പന നടത്തിയതിലും രജിസ്റ്റര്‍ ചെയ്തതിലും ക്രമക്കേട് നടന്നതായി പരാതി ഉയര്‍ന്നിരുന്നു.
ഇക്കാര്യം അന്വേഷിക്കണമെന്ന് സിപിഎം ആവശ്യപ്പെട്ടിരുന്നു. 1988ലെ അഴിമതി നിരോധന നിയമത്തിലെ 17-ാം വകുപ്പ് അനുസരിച്ചാണ് അന്വേഷണത്തിന് അനുമതി നല്‍കിയത്. ഉത്തരവില്‍ മാത്യു കുഴല്‍ നാടന്‍ എംഎല്‍എയുടെ പേര് പരാമര്‍ശിക്കുന്നില്ല.
മാത്യു കുഴല്‍ നാടന്റെ ഉടമസ്ഥതയിലുള്ള ചിന്നക്കനാലിലെ കെട്ടിടം ഭൂപതിവ് ചട്ടം ലംഘിച്ചാണ് നിര്‍മിച്ചതെന്ന് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സി.എന്‍.മോഹനനാണ് ആരോപണം ഉന്നയിച്ചത്. ഭൂമി വാങ്ങിയതില്‍ നികുതി വെട്ടിച്ചതായും അദ്ദേഹം ആരോപിച്ചു. തുടര്‍ന്ന്, സിപിഎം വിജിലന്‍സിന് പരാതി നല്‍കി. നികുതി വെട്ടിപ്പ് നടത്തിയിട്ടില്ലെന്നും ഭൂമി റജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നതായും മാത്യു കുഴല്‍ നാടന്‍ വ്യക്തമാക്കിയിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയ്‌ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ പരിശോധിക്കാനും അക്കൗണ്ട് വിവരങ്ങളും ആദായനികുതി വിവരങ്ങളും പുറത്തുവിടാനും തയാറുണ്ടോ എന്നു മാത്യു കുഴല്‍നാടന്‍ എംഎല്‍എ ചോദിച്ചിരുന്നു. ഇക്കാര്യങ്ങളില്‍ മുഖ്യമന്ത്രിയോ സിപിഎമ്മോ വ്യക്തത വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
അതേസമയം, തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളെക്കുറിച്ച് ഏത് ഏജൻസികൾക്ക് എത്ര തവണ വേണമെങ്കിലും അന്വേഷിക്കാമെന്നും അന്വേഷണങ്ങള്‍ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. മാത്യു കുഴല്‍നാടന്റെ കുടുംബവീട്ടില്‍ റവന്യു വകുപ്പിന്റെ നേതൃത്വത്തില്‍ ഇന്നലെ സര്‍വേ നടത്തിയിരുന്നു. മാത്യു കുഴല്‍നാടന്റെ കടവൂര്‍ വില്ലേജിലെ ആയങ്കരയിലുള്ള
കുടുംബവീടിനോടു ചേര്‍ന്നുള്ള 786/1, 812/2, 812/3B, 812/1B, 812/22, 786/1 എന്നീ സര്‍വേ നമ്പരുകളിലെ 4.5 ഏക്കര്‍ ഭൂമിയിലാണ് സര്‍വേ നടന്നത്. താലൂക്ക് സര്‍വേയര്‍മാരായ എം.വി.സജീഷ്, രതീഷ്വി,പ്രഭു എന്നിവരുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് സർവ്വേ നടത്തിയത്.
