പത്തനംതിട്ടയിൽ ഉണ്ണിമുകുന്ദനെ സ്ഥാനാർഥിയാക്കിയേക്കും

കേരളത്തിലെ വളര്‍ച്ച മുരടിപ്പ് എങ്ങനെയും അവസാനിപ്പിക്കാനുള്ള ശ്രമത്തിലാണ് ബിജെപി കേന്ദ്ര നേതൃത്വം. ലോക്സഭ തിരഞ്ഞെടുപ്പില്‍ ചില മണ്ഡലങ്ങളിലെങ്കിലും വിജയിക്കാനുള്ള കഠിനശ്രമത്തിലാണ് കേന്ദ്ര നേതാക്കള്‍.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഒരിക്കലെങ്കിലും നരേന്ദ്രമോദിയ്ക്കും ബിജെപിയ്ക്കും കേരളത്തില്‍ നിന്നും ഒരാളുടെ പിന്തുണ കൊടുക്കാന്‍ കൊതിക്കുന്ന ബിജെപി ഇത്തവണയും പത്തനംതിട്ടയെ ഒരു പ്രധാന കേന്ദ്രമായി പരിഗണിക്കുന്നു.പത്തനംതിട്ടയില്‍ ശബരിമല മുന്‍ നിര്‍ത്തി ഹിന്ദുവോട്ടുകള്‍ കേന്ദ്രീകരിക്കാന്‍ കൊതിക്കുന്ന ബിജെപി സര്‍പ്രൈസ് സ്ഥാനാര്‍ത്ഥിയെ കൊണ്ടുവന്നേക്കും.

കഴിഞ്ഞ തവണ ഇവിടെ മത്സരിച്ച കെ. സുരേന്ദ്രന്‍ ഇക്കുറി മത്സരരംഗത്ത് ഉണ്ടാകില്ലെന്നും പ്രചരണത്തിന് ചുക്കാന്‍ പിടിക്കുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍. നടന്‍ ഉണ്ണി മുകുന്ദനെ പത്തനംതിട്ട ലോക്‌സഭ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാക്കാന്‍ സജീവ ആലോചനകള്‍ നടക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട് അനുസരിച്ച് ഉണ്ണിമുകുന്ദന്‍ അല്ലെങ്കില്‍ കുമ്മനം രാജശേഖരന്‍ എന്നണ് പത്തനംതിട്ടയിലെ ആലോചന.കഴിഞ്ഞവര്‍ഷം ഉണ്ണി മുകുന്ദന്‍ നായകനായ ശബരിമല വിഷയമായ ‘മാളികപ്പുറം’ സിനിമ വന്‍ ഹിറ്റായി മാറിയിരുന്നു. ഈ സിനിമയിലെ ഉണ്ണിമുകുന്ദന്റെ പ്രതിച്ഛായയില്‍ ബിജെപി സംസ്ഥാന നേതൃത്വം പ്രതീക്ഷ വെയ്ക്കുന്നുണ്ട്. ഏപ്രില്‍ 24ന് കൊച്ചിയില്‍ സിനിമാതാരങ്ങളെയും പങ്കെടുപ്പിച്ച് ബിജെപി നടത്തിയ യുവം പരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഉണ്ണിമുകുന്ദന്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.

അതേസമയം ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയം കത്തിനിന്ന 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇവിടെ സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ മത്സരിച്ചപ്പോള്‍ ബിജെപി വന്‍ പ്രതീക്ഷ വെച്ചിരുന്നെങ്കിലും പരാജയപ്പെട്ടിരുന്നു. കോണ്‍ഗ്രസിന്റെ ആന്റോ ആന്റണിയ്ക്കും ഇടതുപക്ഷത്തിന്റെ വീണാ ജോര്‍ജ്ജിനും പിന്നില്‍ മൂന്നാം സ്ഥാനത്താണ് ബിജെപിനേതാവ് വീണുപോകുകയും ചെയ്തിരുന്നു.

കഴിഞ്ഞ മൂന്ന് തവണയും അവര്‍ മൂന്നാം സ്ഥാനത്തായിരുന്നു എന്നത് വാസ്തവമാണെങ്കിലും പല കാരണങ്ങള്‍ കൊണ്ട് ബിജെപിയുടെ വോട്ടുഷെയര്‍ ഈ മണ്ഡലത്തില്‍ 2009 ന് ശേഷം ഈ ലോക്സഭാ മണ്ഡലത്തില്‍ പടിപടിയായി ഉയരുന്നു വരുന്നത് ബിജെപിയ്ക്ക് പ്രതീക്ഷ വെയ്ക്കാവുന്ന ഘടകമാണ്.2009 ബി രാധാകൃഷ്ണമേനോന്‍ മത്സരിച്ചപ്പോള്‍ 56,294 വോട്ടുകള്‍ മാത്രമുണ്ടായിരുന്ന ബിജെപിയ്ക്ക് 2014 ല്‍ എം.ടി. രമേശ് മത്സരിച്ചപ്പോള്‍ വോട്ട് എട്ടു ശതമാനം വര്‍ദ്ധിച്ച് 138,954 ലേക്ക് ഉയര്‍ന്നു. 2019 ല്‍ കെ. സുരേന്ദ്രന് 13 ശതമാനം വോട്ടുകള്‍ കൂടി കൂടാനിടയായി. 2,97,396 വോട്ടുകളാണ് സുരേന്ദ്രന് കിട്ടിയത്. ഇത്തവണ ഉണ്ണിമുകുന്ദന്‍ വന്നാല്‍ സിനിമാതാരമെന്ന പരിഗണന കൂടി കിട്ടുമെന്നാണ് പ്രതീക്ഷ.

Leave a Reply

Your email address will not be published. Required fields are marked *