‘വഴക്ക്’ സിനിമയുടെ ഒടിടി തിയറ്റർ റിലീസുമായി ബന്ധപ്പെട്ട് ചിത്രത്തിന്റെ സംവിധായകനും നടനും തമ്മിൽ സിനിമയുടെ പേരു പോലെ തന്നെ വഴക്കായിരിക്കുകയാണ്. ഇവർ തമ്മിലുളള പ്രശ്നം രൂക്ഷമാക്കുന്ന സാഹചര്യമാണ് ഇപ്പോഴുളളത്. സനൽകുമാറിന്റെ ആരോപണങ്ങൾ വാസ്തവ വിരുദ്ധമാണെന്ന് കാണിച്ച് ടൊവിനോ എത്തിയതിനു പിന്നാലെ വിഷയത്തിൽ വീണ്ടും വിശദീകരണവുമായി സനൽകുമാറുമെത്തി. കളവുകൾക്കു മേൽ കളവുകൾ പറഞ്ഞ് ന്യായീകരണങ്ങൾ നടത്തുകയാണ് ടൊവിനോയെന്ന് സംവിധായകൻ ആരോപിക്കുന്നു. തന്റെ സോഷ്യൽ സ്റ്റാറ്റസുകൊണ്ടാണ് ഒടിടി പ്ലാറ്റ്ഫോമുകൾ സിനിമ എടുക്കാത്തതെങ്കിൽ യൂട്യൂബിലൂടെ സിനിമ റിലീസ് ചെയ്യണമെന്നും സനൽകുമാര്‍ പറയുന്നു.
സനൽകുമാറിന്റെ വിശദീകരണം ഇങ്ങനെയായിരിന്നു. വഴക്ക് സിനിമയുമായി ബന്ധപ്പെട്ട് താൻ ഉന്നയിച്ച വിഷയങ്ങൾക്ക് മറുപടി എന്നോണം ടൊവിനോയുടെയും ഗിരീഷ് നായരുടെയും ലൈവ് കണ്ടു. ടൊവിനോ പ്രതികരിക്കാൻ തയാറായി എന്നതിൽ സന്തോഷമുണ്ട്. എന്നാൽ ഞാൻ ഉന്നയിച്ച പ്രശ്നങ്ങളെ അസത്യങ്ങൾ പറഞ്ഞു വഴിതിരിച്ചുവിടാൻ ശ്രമിക്കുകയാണ് ചെയ്യുന്നത് എന്നതിൽ സങ്കടമുണ്ട്. ചില കാര്യങ്ങൾ കുറേകൂടി വ്യക്തമാക്കേണ്ടത് ഉള്ളതുകൊണ്ട് എഴുതുന്നു.
സംവിധായകന്റെ നിസ്സഹകരണം കാരണമാണ് വഴക്ക് ഒടിടി പ്ലാറ്റ്ഫോമുകളിൽ വരാത്തത് എന്ന് ടൊവിനോ പറയുന്നത് കളവാണ്. ഒരുത്തരത്തിലുള്ള നിസ്സഹകരണവും തന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. തന്റെ പബ്ലിക് പ്രൊഫൈൽ കാരണമാണ് സിനിമ എടുക്കാത്തത് എന്ന് പിന്നീട് ടൊവിനോ പറയുന്നതിൽ നിന്നും തന്നെ കാര്യങ്ങൾ വ്യക്തമാണ്. തനിക്കെതിരെയുള്ള കേസും അറസ്റ്റുമാണ് അതിനു കാരണം എന്നും ടൊവിനോ പറയുന്നുണ്ട്. വഴക്ക് പൂർത്തിയായത് 2021 ലാണ്. അറസ്റ്റ് ഉണ്ടാകുന്നത് 2022 മേയ് മാസത്തിലാണ്.
നടി മഞ്ജു വാരിയരോട് പ്രണയാഭ്യർഥന നടത്തുകയും നിരന്തരം ശല്യപ്പെടുത്തുകയും ചെയ്തതെന്നതാണ് സംവിധായകനെതിരെയുളള കേസ്. കളവുകൾക്കു മേൽ കളവുകൾ പറഞ്ഞ് ന്യായീകരണങ്ങൾ നടത്തുകയാണ് ടൊവിനോ. തന്നോട് ഒരിക്കൽ പോലും നേരിട്ട് ടൊവിനോ ഇങ്ങനൊരു കാര്യം പറഞ്ഞിട്ടില്ല. തന്നോട് പറഞ്ഞിരുന്നത് തിയറ്ററിൽ റിലീസ് ചെയ്‌താൽ മാത്രമേ ഒടിടി പ്ലാറ്റ്ഫോമുകൾ സിനിമ എടുക്കുന്നുള്ളു എന്നാണ്. കേസുള്ളത് കൊണ്ട് ഒടിടി പ്ലാറ്റ്ഫോംസ് സിനിമ എടുക്കാത്തത് തന്റെ കാര്യത്തിൽ മാത്രമാണ് എന്നതാണ് അദ്ഭുതം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 
                                            